പത്തനംതിട്ട: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ പ്രതികരണവുമായി എഡിഎം നവീന്‍ ബാബുവിന്റെ ബന്ധുവും അഭിഭാഷകനുമായ അനില്‍ പി നായര്‍. ദിവ്യയുടെ തട്ടകമാണ് കണ്ണൂരെന്നും ദിവ്യ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അനില്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.
പ്രോസിക്യൂഷന്റെ പക്കലുള്ള കളക്ടറുടെ മൊഴിയിലെ ഉള്ളടക്കം പ്രതിഭാഗം അഭിഭാഷകന് ലഭിച്ചു. ഗൂഡാലോചന പരിഗണിക്കപ്പെട്ടില്ല. മരണത്തിന് ശേഷവും ഗൂഡാലോചന നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. പ്രശാന്തന്റെ പരാതി വ്യാജമാണെന്നും വ്യാജരേഖയുണ്ടാക്കിയെന്നും അനില്‍ പറഞ്ഞു. മരണശേഷവും നവീന്‍ ബാബുവിനെ അപമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രത്യേക അന്വേഷണ സംഘം നവീന്റെ കുടുംബത്തിന്റെ മൊഴിയെടുത്തില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ സിഡിയിലുള്ള രേഖയെ കുറിച്ച് ആധികാരികമായി സംസാരിച്ചെന്നും അനില്‍ വ്യക്തമാക്കി. അതേസമയം ജാമ്യം ലഭിച്ചതിന് പിന്നാലെ ദിവ്യയ്‌ക്കെതിരെ സിപിഐഎം നടപടിയെടുത്തു. ദിവ്യയെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കി. ഇനി പാര്‍ട്ടി അംഗത്വം മാത്രമേ ദിവ്യയ്ക്കുള്ളു.
തരംതാഴ്ത്തിയ വിവരം അറിയിക്കാന്‍ നേതാക്കള്‍ ജയിലിലെത്തി ദിവ്യയെ സന്ദര്‍ശിച്ചു. ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷന്‍ ബിനോയ് കുര്യന്‍, ജില്ല സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥ് എന്നിവരാണ് ജയിലിലെത്തിയത്. നടപടിയെടുത്ത വിവരം ദിവ്യയെ അറിയിച്ചു. എന്നാല്‍ ജാമ്യം ലഭിച്ചത് ആശ്വാസകരമെന്ന് ബിനോയ് കുര്യന്‍ പ്രതികരിച്ചു.
Content Highlights: Naveen Babu s reaction on P P Divya bail