ഷാഫിയുടെ ഫണ്ടിങ് സോഴ്സുകൾ ദുരൂഹം, യുഡിഎഫ് സ്ഥാനാർത്ഥി അടച്ചിട്ട മുറികളിൽ ഡീൽ ഉറപ്പിക്കുന്നു: പി സരിൻ

ഹോട്ടലിൽ കള്ളപ്പണം ഉണ്ടായിരുന്നു എന്നതിൽ തർക്കമില്ല. സിപിഐഎമ്മിൽ ആശയക്കുഴപ്പമുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം നടക്കുന്നു

dot image

പാലക്കാട്: പാലക്കാട് കുഴൽപ്പണ വിവാദത്തിൽ സിപിഐഎമ്മിൽ ആശയക്കുഴപ്പമില്ലെന്ന് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി സരിൻ. ആശയക്കുഴപ്പം ഉണ്ടെന്ന് ബോധപൂർവ്വം വരുത്തിതീർക്കാനാണ് ശ്രമിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി അടച്ചിട്ട മുറികളിൽ വെച്ച് ഡീൽ ഉറപ്പിക്കുന്നുവെന്നും പി സരിൻ റിപ്പോർട്ടറിനോട് പറഞ്ഞു. ഹോട്ടലിൽ കള്ളപ്പണം ഉണ്ടായിരുന്നു എന്നതിൽ തർക്കമില്ല. ഷാഫി പറമ്പിലിന്റെ ഫണ്ടിങ് സോഴ്സുകൾ ദുരൂഹമാണെന്നും കോൺ​ഗ്രസിൽ പണം കൈകാര്യം ചെയ്യുന്നത് പവർ ഹൗസുകളാണെന്നും അദ്ദേഹം പറഞ്ഞു.

'ഒരു സ്ഥാനാർത്ഥിയുണ്ടാകേണ്ടത് ഡീൽ നടക്കുന്നിടത്തല്ല, ജനങ്ങൾക്കിടയിലാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടിയാണല്ലോ ഒരാൾ സ്ഥാനാർത്ഥിത്വം നൽകുന്നത്. പക്ഷേ ആ വ്യക്തി സ്വ‌ന്തം പാർട്ടിയിലോ പ്രശ്നങ്ങളും വ്യക്തിപരമായ പ്രശ്നങ്ങളുമൊക്കെ പരിഹരിക്കാൻ പോയാൽ പിന്നെ തങ്ങൾക്ക് വേണ്ടി ആരാണുണ്ടാവുകയെന്ന് ജനം ചിന്തിക്കും. വന്ന പണം എവിടെ, ഏത് ട്രോളിയിൽ പോയി എന്നൊന്നും അറിയില്ല. നീല ട്രോളി മാത്രം വെച്ച് അന്വേഷണം നടത്തേണ്ടതില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. തെളിവുകൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്', സരിൻ റിപ്പോർട്ടറിനോട് പറഞ്ഞു.

ദിവസങ്ങൾക്ക് മുമ്പായിരുന്നു കോൺ​ഗ്രസ് നേതാക്കളടക്കം വിവിധ പാര്‍ട്ടി നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലിൽ പൊലീസ് റെയ്ഡ് നടത്തിയത്. 12 മണിയോടെയായിരുന്നു പൊലീസിന്റെ റെയ്ഡ്. കള്ളപ്പണം എത്തിച്ചുവെന്ന വിവരത്തിന്റെ പിന്നാലെയായിരുന്നു പൊലീസിന്റെ പരിശോധന. 12 മുറികളിൽ മാത്രമാണ് പരിശോധന നടത്തിയത്. ആകെ 42 മുറികളാണ് ഹോട്ടലിലുള്ളത്. രാഷ്ട്രീയ നേതാക്കൾ താമസിക്കുന്ന മുറികളിൽ മാത്രമാണ് പരിശോധന നടത്തിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഹോട്ടൽ മാനേജ്‌മെന്‌റ് പരാതി നൽകിയിട്ടുണ്ട്. ഹോട്ടലിൽ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയെന്നാണ് പരാതി.

പരിശോധനയിൽ പൊലീസിന് ഒന്നും കണ്ടെത്താനായില്ല. ഒരുഘട്ടത്തിൽ ഹോട്ടലിൽ തടിച്ച് കൂടിയ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. പൊലീസ് ഇടപെട്ടാണ് കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കിയത്. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ എന്നിവരും ഹോട്ടലിൽ ഉണ്ടായിരുന്നുവെന്നാണ് സിപിഐഎം ആരോപണം. ആദ്യ ഘട്ടത്തിൽ വനിതാ പൊലീസ് ഇല്ലാതെ വന്ന പൊലീസ് സംഘത്തിന് മടങ്ങിപ്പോകേണ്ടിവന്നു. എന്നാൽ പിന്നീട് വനിതാ പൊലീസുമായി വന്ന് ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കി.

Content Highlight: P Sarin slams Rahul Mamkoottathil, questions the role of candidate in deal fixing

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us