കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മുതിർന്ന സിപിഐഎം നേതാവ് പി കെ ശ്രീമതി. ദിവ്യക്ക് ഇപ്പോൾ ജാമ്യം കിട്ടിയില്ലായിരുന്നുവെങ്കിൽ വിഷമം ഉണ്ടാക്കിയേനെ. കുറച്ച് ദിവസമായി ദിവ്യ ജയിലിൽ കിടക്കുകയാണ്. അവർക്ക് നീതി ലഭിക്കണമെന്നും ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും പി കെ ശ്രീമതി പറഞ്ഞു.
ദിവ്യയുടെ ഭാഗത്തുനിന്നും മനപ്പൂർവമുണ്ടായ സംഭവമല്ല. സംഭവിച്ച പാകപ്പിഴകളെ പാർട്ടി പരിശോധിച്ച് അപാകതകൾ ഉണ്ടെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് തരംതാഴ്ത്തൽ നടപടി സ്വീകരിക്കുന്നതെന്നും ശ്രീമതി ടീച്ചർ വ്യക്തമാക്കി.
കർശന ഉപാധികളോടെയാണ് പി പി ദിവ്യക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും പി പി ദിവ്യ 10 മണിക്കും 11 മണിക്കും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാക്കണമെന്നാണ് പ്രധാന ഉപാധി. ദിവ്യ കണ്ണൂർ ജില്ലയ്ക്ക് പുറത്തു പോകാൻ പാടില്ല, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ലെന്നും കോടതി ഉത്തരവിട്ടു. രണ്ട് പേരുടെ ആൾജാമ്യത്തിലാണ് ദിവ്യയ്ക്ക് ജാമ്യം നൽകിയിരിക്കുന്നത്. പതിനൊന്ന് ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്.
തലശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. അതേസമയം ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നായിരുന്നു നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ പ്രതികരണം. കുടുംബം ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസമാണ് പാർട്ടി പി പി ദിവ്യക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. ദിവ്യയെ പാർട്ടി അംഗം മാത്രമായി തരംതാഴ്ത്താനാണ് തീരുമാനം. സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റിയോട് സംസ്ഥാന നേതൃത്വമാണ് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടത്. അടിയന്തരമായി ജില്ലാ കമ്മിറ്റി വിളിച്ചുചേർത്ത് നടപടി തീരുമാനിക്കുകയായിരുന്നു. ദിവ്യയുടെ ഭാഗം കൂടി കേട്ടതിനു ശേഷം നടപടി മതിയെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും ഭൂരിപക്ഷം പേരും സംസ്ഥാന നേതൃത്വത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു.
Content Highlight: PK Sreemathi says PP Divya should get justice, happy that she got bail