കൽപ്പറ്റ: വയനാട്ടിൽ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ്റെ വിവാദ പരാമർശം. വാവര് സ്വാമിയുമായി ബന്ധപ്പെട്ടാണ് ബി ഗോപാലകൃഷണൻ വിവാദ പരാമർശം നടത്തിയത്. പതിനെട്ടാം പടിക്ക് താഴെ ഒരു ചങ്ങാതി ഇരുപ്പുണ്ട്, നാളെ അതും വഖഫ് ആണെന്ന് പറഞ്ഞ് വരുമെന്നായിരുന്നു ഗോപാലകൃഷ്ണൻ്റെ പരാമർശം. ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ വയനാട്ടിലെ കമ്പളക്കാട് സംസാരിക്കുകയായിരുന്നു ബി ഗോപാലകൃഷ്ണൻ. കേന്ദ്രമന്ത്രി സുരോഷ് ഗോപി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു ഗോപാലകൃഷ്ണൻ്റെ പരാമർശം.
വഖഫ് ഭേദഗതി കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിശദീകരണം എന്ന നിലയിലായിരുന്നു ബി ഗോപാലകൃഷ്ണൻ്റെ പരാമർശം. 'ശബരിമല അയ്യപ്പൻ്റെ ഭൂമി നാളെ വഖഫ് ആണെന്ന് പറയില്ലെ. അവിടെയൊരു ചങ്ങായി ഇരിപ്പുണ്ട്. അയ്യപ്പന് താഴെ. അയ്യപ്പൻ പതിനെട്ട് പടിയുടെ മുകളിൽ. പതിനെട്ടു പടിയുടെ അടിയിൽ വേറൊരു ചങ്ങാതി ഇരിപ്പുണ്ട്. വാവര്. ഈ വാവര്, ഞാനിത് വഖഫിന് കൊടുത്തെന്ന് പറഞ്ഞാൽ നാളെ ശബരിമല വഖഫിൻ്റേത് ആകും. അയ്യപ്പന് ഇറങ്ങിപ്പോകേണ്ടി വരും. അനുവദിക്കണോ? ഇവിടുത്തെ ക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട സ്ഥലമല്ലെ വേളാങ്കണ്ണി. നാളെ വേളാങ്കണ്ണി വഖഫ് ഭൂമിയാണെന്ന് പറഞ്ഞാൽ കൊടുക്കണോ? അത് കൊടുക്കാതിരിക്കാനാണ് വഖഫ് ഭേദഗതി കൊണ്ടുവന്നത്' എന്നായിരുന്നു ഗോപാലകൃഷ്ണൻ്റെ വിവാദ പരാമർശം.
Content Highlights: A statement was made by B Gopalakrishnan that was controversial regarding Sabarimala and Wawar