തൃശൂര്‍: പി വി അന്‍വര്‍ എംഎല്‍എയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫ് ഒരു 'വായ പോയ കോടാലിയെ' പരോക്ഷമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ വിദ്വാന്‍ പ്രശ്‌നങ്ങള്‍ എങ്ങനെ ഉണ്ടാക്കാം എന്നാണ് നോക്കുന്നത്. അതിന്റെ ഭാഗമായി എന്തും വിളിച്ചുപറയുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതിനെതിരെ ശ്രദ്ധയോടെ ഇരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തിരഞ്ഞെടുപ്പ് കാലത്ത് സാധാരണഗതിയില്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിലുള്ള കാര്യങ്ങളാണ് അയാള്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ നിലപാട് ശരിയല്ല എന്ന് എ സി മൊയ്തീന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. തനിക്കെതിരെ നിലപാട് സ്വീകരിച്ചു എന്ന് വന്നപ്പോള്‍ അദ്ദേഹത്തിന്റെ സമനില തെറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്തും വിളിച്ചുപറയാന്‍ ത്രാണിയുണ്ടെന്നാണ് അയാള്‍ വിശ്വസിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകോപനം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ ശ്രമത്തിന്റെ ഭാഗമാണത്. അത്തരം പ്രകോപനങ്ങളില്‍ കുടുങ്ങരുതെന്നും ജനം അതിനെ അവഗണിച്ചേക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlights- chief minister pinarayi vijayan against p v anvar mla