'എന്റെ രണ്ട് മക്കളും മണ്ണിനടിയിലാണ്, രാഷ്ട്രീയക്കാരുടെ വർത്തമാനമല്ല കേൾക്കേണ്ടത്'; പ്രതികരിച്ച് ചൂരൽമല നിവാസി

നിങ്ങളുടെ മക്കള്‍ മണ്ണിനടിയില്‍ കിടന്നാല്‍ ഭക്ഷ്യകിറ്റിന് വേണ്ടി നിങ്ങള്‍ സംസാരിക്കുമോയെന്നും സുബൈര്‍

dot image

കല്‍പ്പറ്റ: വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടലിലെ ദുരന്തബാധിതരുടെ ദുരന്തം അവസാനമില്ലാതെ തുടരുകയാണ്. ഭക്ഷ്യകിറ്റിലെ പഴകിയതും പുഴുവരിച്ചതുമായ ഭക്ഷ്യവസ്തുക്കളാണ് നിലവിലെ ചര്‍ച്ചാ വിഷയമെങ്കിലും ഇനിയും ഉറ്റവരെ കണ്ടുകിട്ടാത്ത വിഷമത്തിലാണ് ചൂരല്‍മല, മുണ്ടക്കൈ മേഖലയിലെ ജനങ്ങള്‍. 42 പേരെ ഇപ്പോഴും കണ്ടുകിട്ടിയിട്ടില്ല. അതില്‍ ഉള്‍പ്പെട്ടവരാണ് ചൂരല്‍മല 12-ാം വാര്‍ഡ് നിവാസി സുബൈറിന്റെ രണ്ട് മക്കള്‍.

കിറ്റിന്റെ പേരില്‍ രാഷ്ട്രീയക്കാര്‍ വാഗ്‌വാദങ്ങള്‍ നടത്താതെ മണ്ണിനടിയിലുള്ളവരെ തിരയാനുള്ള ശ്രമം നടത്തേണ്ടതാണെന്ന് അദ്ദേഹം റിപ്പോര്‍ട്ടര്‍ ചാനലിലൂടെ ആവശ്യപ്പെട്ടു. 106 ദിവസമായി ദുരന്തം നടന്നിട്ടെന്നും ഇക്കാലയളവില്‍ താന്‍ ഉറങ്ങിയിട്ടില്ലെന്നും അദ്ദേഹം വികാരാധീനനായി പ്രതികരിച്ചു. കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡില്‍ നടന്ന റിപ്പോർട്ടർ ടിവിയുടെ 'എന്റെ ചോര തിളക്കുന്നു' എന്ന പരിപാടിയിലാണ് സുബൈറിന്റെ പ്രതികരണം.

'42 പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കിടക്കുകയാണ്. എന്റെ രണ്ട് മക്കളും ആ 42 പേരില്‍ പെട്ടതാണ്. ഒരു രക്ഷിതാവെന്ന നിലയിലാണ് ഞാന്‍ പറയുന്നത്. ഇതിനെക്കുറിച്ച് പറയാതെ വെറുതെ കഥകളുണ്ടാക്കി രാഷ്ട്രീയക്കാര്‍ തമ്മിലുള്ള വര്‍ത്തമാനമല്ല കേള്‍ക്കേണ്ടത്. ഭക്ഷ്യധാന്യ കിറ്റല്ല വേണ്ടത്. എനിക്ക് കിറ്റ് കിട്ടിയിട്ടില്ല. രണ്ട് കുട്ടികളുടെ മൃതദേഹം ഇതുവരെ കിട്ടിയിട്ടില്ല. 14ഉം ഒമ്പതും വയസുള്ള രണ്ട് മക്കളാണ്.

രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ത് ചെയ്തു. ഇന്നേക്ക് 106 ദിവസമായി. നിങ്ങള്‍ തിരഞ്ഞോ, അവരെ തിരയാനും ചര്‍ച്ച ചെയ്യണം. രാഷ്ട്രീയമല്ല ഇത്. നിങ്ങളുടെ മക്കള്‍ മണ്ണിനടിയില്‍ കിടന്നാല്‍ ഭക്ഷ്യകിറ്റിന് വേണ്ടി നിങ്ങള്‍ സംസാരിക്കുമോ. വേദനയുണ്ട്. തിരയാന്‍ പറ്റാത്ത നിങ്ങളാണോ തിരഞ്ഞെടുപ്പ് കൊണ്ട് വരുന്നത്. പലതും ചെയ്ത് തരാമെന്ന് പറഞ്ഞിട്ടും ചെയ്ത് തരുന്നില്ല. നൂറു ദിവസമായി ഞാന്‍ ഉറങ്ങിയിട്ട്. ഭക്ഷ്യകിറ്റ് നമുക്ക് ഉണ്ടാക്കാം. പുഴുവരിച്ച ഭക്ഷ്യക്കിറ്റല്ല വിഷയം. മണ്ണിനടിയിലെ മക്കളെയെടുക്ക്', സുബൈര്‍ വികാരാധീനനായി പറഞ്ഞു.

Content Highlights: Chooralamala survivor emotionally react on Arun Kumar Show

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us