'പാവങ്ങളെ സഹായിക്കലോ, മേന്മ കാണിക്കലോ ലക്ഷ്യം?; പഴകിയ അരി വിതരണം ചെയ്തത് ഗുരുതര പ്രശ്നം'; മുഖ്യമന്ത്രി

സർക്കാർ ഇത്തരം കാര്യങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

dot image

ചേലക്കര: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് പഴകിയ അരിയും മറ്റും വിതരണം ചെയ്ത സംഭവം ഗുരുതരമായ പ്രശ്നം തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്നും സർക്കാർ ഇത്തരം കാര്യങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചേലക്കരയിൽ യു ആർ പ്രദീപിന് വേണ്ടി പ്രചാരണത്തിനെത്തിയപ്പോളാണ് പ്രസംഗത്തിൽ മുഖ്യമന്ത്രി വയനാട് പരാമർശിച്ചത്. ദുരന്തബാധിതർക്ക് സഹായം എത്തിക്കാൻ പല സംവിധാനങ്ങളും സർക്കാർ ഒരുക്കിയിരുന്നു. ഇപ്പോളുണ്ടായ സംഭവം ആശ്ചര്യകരമാണ്. പ്രാദേശിക സർക്കാരാണ് പഴയ സാധനങ്ങൾ വിതരണം ചെയ്തത് എന്ന് കേൾക്കുന്നു. അവ വിതരണം ചെയ്തതിന്റെ ഉദ്ദേശം എന്താണ്? പാവപ്പെട്ടവരെ സഹായിക്കാനാണോ അതോ മേന്മ കാണിക്കാൻ നടത്തിയ നീക്കമാണോ എന്നെല്ലാം അറിയണം. അതിനാലാണ് വിജിലൻസിനെ ചുമതലപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മേപ്പാടിയില്‍ പുഴുവരിച്ച കിറ്റുകള്‍ ലഭിച്ച കുടുംബങ്ങളിലെ രണ്ട് കുട്ടികള്‍ക്ക് ഇന്ന് ഭക്ഷ്യവിഷബാധയേറ്റു. കുന്നമ്പറ്റയിലെ ഫ്ലാറ്റിലുള്ളവർക്കാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. കിറ്റില്‍ നിന്ന് ലഭിച്ച സോയാബീന്‍ കഴിച്ചവര്‍ക്കാണ് അസ്വാസ്ഥ്യം ഉണ്ടായത്. കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി.

വയറുവേദനയും ഛര്‍ദ്ദിയുമാണ് കുട്ടികള്‍ക്ക് അനുഭവപ്പെട്ടത്. തുടര്‍ന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് ഭക്ഷ്യവിഷബാധയാണെന്ന് പറഞ്ഞതെന്ന് രോഗബാധിതരില്‍ ഒരാളുടെ അമ്മയായ നൂര്‍ജഹാന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കിറ്റില്‍ നിന്നും ലഭിച്ച സോയാബീന്‍ ഉപയോഗിച്ച് കറിയുണ്ടാക്കിയിരുന്നു. ഇതാണ് കുട്ടികള്‍ക്ക് കഴിക്കാന്‍ നല്‍കിയത്. ഇതിന് ശേഷമാണ് ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെട്ടത്. നേരത്തെയും വയറിന് ബുദ്ധിമുട്ട് തോന്നിയെങ്കിലും ഇന്നലെ രാത്രിയോടെയാണ് കുട്ടിക്ക് ഛർദ്ദി അധികമായത്. ഇതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Content Highlights: CM assures investigation at contaminated rice at wayanad

dot image
To advertise here,contact us
dot image