'ഞാന്‍ ആ സ്‌കൂളല്ല, ഞാന്‍ കമ്മ്യൂണിസ്റ്റ് സ്‌കൂളിലാണ് പഠിച്ചത്'; പി സരിന്റെ അഭിപ്രായത്തില്‍ എന്‍എന്‍ കൃഷ്ണദാസ്

രാഷ്ട്രീയം ചര്‍ച്ചയാകാതെ ഇരിക്കാനാണ് മഞ്ഞ പെട്ടി , നീല പെട്ടി എന്ന് പറഞ്ഞു വരുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.

dot image

പാലക്കാട്: പാലക്കാട് മുന്‍ എംഎല്‍എയും ഇപ്പോള്‍ എംപിയുമായ ഷാഫി പറമ്പിലാണ് പാലക്കാട്ടെ പെട്ടി വിവാദത്തിന് പിന്നിലെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്റെ അഭിപ്രായത്തോട് പ്രതികരിച്ച് സിപിഐഎം സംസ്ഥാന സമിതി അംഗം എന്‍എന്‍ കൃഷ്ണദാസ്. അത് അവര്‍ പണ്ട് ഒരുമിച്ച് ഉണ്ടായിരുന്നത് കൊണ്ടും പരസ്പരം അറിയുന്നതുകൊണ്ടും പറഞ്ഞതായിരിക്കും. ഞാന്‍ ആ സ്‌കൂളല്ലാ, ഞാന്‍ കമ്മ്യൂണിസ്റ്റ് സ്‌കൂളിലാണ് പഠിച്ചത് എന്നായിരുന്നു കൃഷ്ണദാസിന്റെ പ്രതികരണം.

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ നീല പെട്ടിയോ പച്ച പെട്ടിയോ എന്നതല്ല തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടതെന്ന് എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞിരുന്നു. ജനങ്ങളുടെ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടയത്തിലിന്റെ നീല ട്രോളി ബാഗിനെ മുന്‍നിര്‍ത്തി സിപിഐഎം നടത്തുന്ന ആരോപണങ്ങളെ തള്ളിയാണ് കൃഷ്ണദാസിന്റെ ഈ അഭിപ്രായ പ്രകടനം.

വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ ഒരു പൈസ പോലും ധനസഹായം നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി അടക്കമുള്ള ജനകീയ വിഷയങ്ങള്‍ ചര്‍ച്ചയാകുന്നത് ഒഴിവാക്കാനുള്ള യുഡിഎഫ്-ബിജെപി ശ്രമം ആണ് പെട്ടി വിവാദത്തിന് പിന്നില്‍. കോണ്‍ഗ്രസിന്റെ ട്രാപ്പില്‍ തല വെച്ച് കൊടുക്കരുതെന്നും കൃഷ്ണദാസ് പറഞ്ഞു.

പെട്ടി പ്രശ്നം ദൂരേക്ക് വലിച്ചെറിയണം. സഖാക്കള്‍ വരും ദിവസങ്ങളില്‍ ഈ കാര്യം ഓര്‍മിക്കണം. പെട്ടി വലിച്ചെറിയാന്‍ തീരുമാനിച്ചു. പെട്ടി സംസാരിക്കുന്നവര്‍ അത് സംസാരിക്കട്ടെ. ഞങ്ങള്‍ മനുഷ്യരുടെ പ്രശ്നമാണ് ചര്‍ച്ച ചെയ്യുന്നത്. കള്ളപ്പണമാണെന്ന് പരാതി നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ക്ക് അന്വേഷിക്കാന്‍ പറ്റില്ലല്ലോ. ഞങ്ങള്‍ക്ക് തെരത്തെടുപ്പില്‍ രാഷ്ട്രീയമാണ് ചര്‍ച്ചയാക്കേണ്ടത്. രാഷ്ട്രീയം ചര്‍ച്ച ചെയ്താല്‍ കോണ്‍ഗ്രസും ബിജെപിയും തോല്‍ക്കും. രാഷ്ട്രീയം ചര്‍ച്ചയാകാതെ ഇരിക്കാനാണ് മഞ്ഞ പെട്ടി , നീല പെട്ടി എന്ന് പറഞ്ഞു വരുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.

dot image
To advertise here,contact us
dot image