വയനാട്: കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിയുടെ വഖഫ് പരാമര്‍ശത്തിനെതിരെ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കേന്ദ്രമന്ത്രിയുടേത് തമ്മില്‍ തല്ലിക്കാനുള്ള നീക്കമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വഖഫ് ഇല്ലാതാക്കും എന്ന് പ്രചരിപ്പിക്കുന്നതും ഇതിന്റെ ഭാഗമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളം ഈ പരാമര്‍ശത്തെ ശക്തമായ പ്രതിരോധിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
'കേന്ദ്രമന്ത്രി വയനാട്ടില്‍ വന്നാല്‍ ദുരിത ബാധിതര്‍ക്ക് എന്തെങ്കിലും കൊടുക്കാന്‍ മുന്‍മുൻകൈയെടുക്കേണ്ടെ. അല്ലാതെ ഈ വര്‍ത്താനമല്ല വേണ്ടത്. വയനാട്ടില്‍ വന്ന് വഖഫ് പറഞ്ഞാല്‍ കലങ്ങാന്‍ പോകുന്നില്ല. ഒരു മുൻകൈ എടുക്കാം,' കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാലക്കാട് പെട്ടി വെച്ച് കലക്കുന്നുവെന്നും മുനമ്പത്ത് വഖഫ് വെച്ച് കലക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
വഖഫിനെ പേരെടുത്ത് പറയാതെയായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. നാല് അക്ഷരങ്ങളുള്ള കിരാതമാണ് വഖഫെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞതിന്റെ സാരം. വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേയാണ് പരാമര്‍ശം.
'നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമാണ്. ഭാരതത്തില്‍ ആ കിരാതം ഒതുക്കിയിരിക്കും. ഞങ്ങള്‍ക്ക് മുനമ്പത്തെ സുഖിപ്പിച്ച് ഒന്നും നേടേണ്ട. ജാതിയും മതവും നോക്കാതെ, പ്രജയാണ് ദൈവം എന്ന രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തെ പിന്തുണക്കണം. മുനമ്പത്ത് മാത്രമല്ല, ഒരു വിഭാഗത്തെ മാത്രം സംരക്ഷിക്കാനല്ല, മറിച്ച് ഇന്ത്യാ മഹാ രാജ്യത്തെ ഒന്നാകെ സംരക്ഷിക്കാനാണ് നരേന്ദ്ര മോദി നെഞ്ചും വിരിച്ചു നില്‍ക്കുന്നത്', എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. സുരേഷ് ഗോപിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്.
Content Highlights: P K Kunhalikkutty against Suresh Gopi in Waqf raw