പാലക്കാട്: മുന്‍ എംഎല്‍എയും കെടിഡിസി ചെയര്‍മാനുമായ പികെ ശശി നവംബര്‍ 17ന് കേരളത്തില്‍ മടങ്ങിയെത്തും. അന്താരാഷ്ട്ര വാണിജ്യമേളയില്‍ പങ്കെടുക്കാനായി യുകെ, ജര്‍മ്മനി എന്നിവിടങ്ങളിലാണ് ശശി. നവംബര്‍ മൂന്ന് മുതല്‍ 16വരെയാണ് ശശി വിദേശ പര്യടനം നടത്തുന്നത്.
നവംബര്‍ 13നായിരുന്നു നേരത്തെ പാലക്കാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. അതിനാല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ശശിക്ക് പങ്കെടുക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നീട്ടിയതോടെ മടങ്ങിയെത്തുന്ന ശശിക്ക് പ്രചരണത്തില്‍ പങ്കെടുക്കാന്‍ കഴിയും. നേരത്തെ ശശിയെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് പാര്‍ട്ടി മാറ്റി നിര്‍ത്തിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ ശശി തള്ളിയിരുന്നു.
ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും തന്നെയാരും മാറ്റിനിര്‍ത്തിയിട്ടില്ലെന്നും സരിനോടൊപ്പം പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുമെന്നും ശശി പറഞ്ഞിരുന്നു. താന്‍ ആരുടെയും ശത്രുവല്ലെന്നും മാധ്യമങ്ങളുടെയും ശത്രുവല്ലെന്ന് പറഞ്ഞ അദ്ദേഹം പാര്‍ട്ടി അനുവാദമില്ലാതെ വിദേശ യാത്ര പോവാന്‍ കഴിയില്ലെന്നും ഉപതിരഞ്ഞെടുപ്പിന് മുമ്പേ യാത്ര തീരുമാനിച്ചതാണെന്നും പറഞ്ഞു.
പ്രചാരണത്തില്‍ നിന്ന് തന്നെ ആരും മാറ്റിയിട്ടില്ല. പ്രതിപക്ഷത്തെ പ്രധാന നേതാക്കള്‍ ആരും ആക്ഷേപം പറയുന്നില്ല. സരിന്‍ നല്ല സ്ഥാനാര്‍ത്ഥിയാണ്. പ്രചരണ പരിപാടികളില്‍ സരിനൊപ്പം പങ്കെടുക്കുമെന്നും യാത്രക്ക് മുമ്പേ ശശി പറഞ്ഞിരുന്നു. ഇങ്ങനെയായിരുന്നു ശശിയുടെ വാക്കുകളെങ്കിലും മടങ്ങിയെത്തി പ്രചാരണത്തില്‍ പങ്കെടുക്കുമോ എന്നതില്‍ ഇത് വരെ വ്യക്തതയില്ല.
Content Highlights: PK Sasi will reach Kerala before the Palakkad election