കോഴിക്കോട്: ഉമർ ഫൈസി മുക്കത്തെ പുറത്താകണം എന്ന ആവശ്യവുമായി കോഴിക്കോട് സമസ്ത ഓഫീസിന് മുന്നിൽ ബോർഡ്. സമസ്ത മത വിദ്യാഭ്യാസ ബോർഡ് യോഗം നടക്കുന്ന വേളയിലാണ് ബോർഡ് സമസ്ത ഓഫീസിന് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. മുൻപ് പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ഉമർ ഫൈസി വിമർശനം നടത്തിയിരുന്നു. സാദിഖലി തങ്ങൾക്ക് ഖാസി ആകാനുള്ള യോഗ്യതയില്ല എന്നായിരുന്നു ഉമർ ഫൈസി ഉയർത്തിയ വിമർശനം.
സാദിഖലി തങ്ങൾ ഇസ്‍ലാമിക നിയമങ്ങള്‍ പാലിക്കാതെയാണ് ഖാസിയായതെന്നും ഉമർ ഫൈസി പറഞ്ഞിരുന്നു. എടവണ്ണപ്പാറയിലെ സമസ്ത മേഖല കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ് മൗലീദ് കോൺഫറൻസിലായിരുന്നു ഈ വിമർശനം. ഉമർ ഫൈസിയുടെ വിവാദ പ്രസ്താവനയുമായി ബന്ധമില്ലെന്നും ഇത്തരം പ്രതികരണങ്ങൾ സംഘടനാ ഭാരവാഹികൾ നടത്തരുതെന്നും ചൂണ്ടിക്കാട്ടി പിന്നാലെ സമസ്ത രംഗത്തെത്തിയിരുന്നു. ഉമര്‍ ഫൈസിയെ തള്ളി എസ്‍വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂരും രംഗത്ത് എത്തിയിരുന്നു. ജനറല്‍ സെക്രട്ടറിയെ മറികടന്ന് സമസ്ത തീരുമാനിക്കാത്ത അഭിപ്രായങ്ങള്‍ പരസ്യമായി ഉമർ ഫൈസി പറയുകയാണെന്നാണ് അബ്ദുസമദ് പറഞ്ഞത്.
Content Highlights- Umar Faizi should be fired, board in front of Kozhikode Samasta office