കൽപ്പറ്റ: മുനമ്പം ഭൂമി വിഷയത്തിൽ വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഒരു ബോർഡ് പ്രവർത്തിക്കുന്നുണ്ട്, അതിന്റെ പേര് പറയാൻ ആഗ്രഹിക്കുന്നില്ല നാല് ആംഗലേയ ഭാഷയിൽ ഒതുങ്ങുന്ന ഒരു കിരാതമുണ്ട്' എന്നായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന. വഖഫ് ബോർഡിൻ്റെ പേര് പറഞ്ഞില്ലെങ്കിലും പരോക്ഷമായി വഖഫ് ബോർഡിനെയാണ് സുരേഷ് ഗോപി കിരാതമെന്ന് സൂചിപ്പിച്ചതെന്ന് വ്യക്തമാണ്. തങ്ങൾക്ക് മുനമ്പത്തെ സുഖിപ്പിച്ച് ഒന്നും നേടേണ്ട. അമിത് ഷാ അയച്ച ഒരു വീഡിയോ ഇവിടെ പ്രചരിപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കമ്പളക്കാട് നവ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതിയും മതവും നോക്കാതെ പ്രജയാണ് ദൈവം എന്ന രാഷ്ട്രീയ പ്രത്യേയ ശാസ്ത്രത്തെ പിന്തുണക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു. മുനമ്പത്ത് മാത്രമല്ല ഒരു വിഭാഗത്തെ മാത്രം സംരക്ഷിക്കാനല്ല മറിച്ച് ഇന്ത്യാ മഹാ രാജ്യത്തെ ഒന്നാകെ സംരക്ഷിക്കാനാണ് നരേന്ദ്ര മോദി നെഞ്ചും വിരിച്ചു നിക്കുന്നത് എന്നും സുരേഷ് ഗോപി വ്യക്തമാക്കി.
'മണിപ്പൂരിന് സമാനമായ ഭാരത്തിലെ മറ്റൊരു വലിയ വിഷയം. നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതം . ഇന്നലെ കേന്ദ്രത്തില്‍ നിന്ന് അമിത് ഷായുടെ ഓഫീസില്‍ നിന്ന് ഒരു വീഡിയോ വന്നിട്ടുണ്ട്. ഇവിടത്തെ സംസ്ഥാന നേതൃത്വത്തിനും നേതാക്കള്‍ക്കും ജില്ലാ അദ്ധ്യക്ഷനും വീഡിയോ അയച്ചുകൊടുത്തിരുന്നു. അത് ഇന്ന് മുതല്‍ പ്രചാരത്തില്‍ വരണം. മുനമ്പത്തെ മാത്രമല്ല, ഒരു വിഭാഗത്തെ മാത്രം സംരക്ഷിക്കാനല്ല നരേന്ദ്ര മോദി നയിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി ഇവിടെ നട്ടെല്ല് നിവര്‍ത്തിപ്പിടിച്ച് നിൽക്കുന്നത്. അമ്പത്തിഎട്ടോ നൂറ്റിമുപ്പത്തിയാറ് ഇഞ്ചോ എന്ന് നിങ്ങള്‍ കണക്കെടുത്തോളൂ. ആ നെഞ്ചളവ് നിങ്ങള്‍ക്ക് അളക്കാന്‍ പറ്റില്ലെന്ന്' സുരേഷ് ഗോപി വ്യക്തമാക്കി
'മുനമ്പത്തെ സുഖിപ്പിച്ചുകൊണ്ട് ഒന്നും നേടണ്ട. ഇന്ത്യയിലെ ഇതര വിഷയങ്ങളില്‍ വളരെ കഠിനമായ തീരുമാനം ജനാധിപത്യ സംവിധാനത്തില്‍, സംവിധാനത്തെ രക്ഷിക്കുമെന്ന് പറഞ്ഞ മഹാന്‍ നിങ്ങളുടെ കയ്യൊപ്പ് വാങ്ങി അവിടെ വന്ന് ബഹളമുണ്ടാക്കിയില്ലേ, അവരുടെ സംവിധാനം തുറന്നുനോക്കിയാല്‍ കാലിയാണ്. അതില്‍ ഒന്നുമില്ല. പൂജ്യമാണ്. യഥാര്‍ത്ഥ സംവിധാനം. ഭരണഘടന, ഉയര്‍ത്തിനിര്‍ത്താന്‍ വേണ്ടി ജനാധിപത്യ സംവിധാനത്തില്‍ പാര്‍ലമെന്റില്‍ ഈ ബില്‍ പാസാക്കിയിരിക്കും. ഒടുങ്ങി വീഴുന്നത് നേര്‍ക്ക് കാണാം. അത് മായക്കാഴ്ചയായി സമാധാനത്തിന് സ്വീകരിച്ചുകൊള്ളൂ', സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Content Highlights: Union Minister Suresh Gopi made a controversial statement on the Munambam land issue