തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെ ചിത്തരോഗിയെന്ന് വിശേഷിപ്പിച്ച് കളക്ടര്‍ ബ്രോ എന്‍. പ്രശാന്തിന്റെ കമന്റ്. ജയതിലക് എന്ന വ്യക്തി തന്നെയാണ് ബ്രോ മാടമ്പിള്ളിയിലെ ചിത്തരോഗി എന്നായിരുന്നു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വന്ന കമന്റിനോടുള്ള എന്‍ പ്രശാന്തിന്റെ മറുപടി.
മന്ത്രിയുടെ അനുമതിയോടെയും നിര്‍ദ്ദേശപ്രകാരവും ഫീല്‍ഡ് വിസിറ്റും മീറ്റിങ്ങുകളിലും പങ്കെടുക്കാന്‍ പോകുമ്പോള്‍ 'അദര്‍ ഡ്യൂട്ടി' മാര്‍ക്ക് ചെയ്യുന്നതിനെ 'ഹാജര്‍ ഇല്ല' എന്ന് വ്യാജമായി റിപ്പോര്‍ട്ടാക്കണമെങ്കില്‍ അതിന് പിന്നില്‍ ഒരുപാട് കഷ്ടപ്പാടുണ്ടായിരുന്നിരിക്കണം. തനിക്കെതിരെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി ഉടനെയുടനെ മാതൃഭൂമിക്ക് സമര്‍പ്പിക്കുന്ന അവരുടെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടര്‍ ഡോ. ജയതിലക് ഐഎഎസ് എന്ന സീനിയര്‍ ഉദ്യോഗസ്ഥനെക്കുറിച്ച് പൊതുജനം അറിയേണ്ട ചില വസ്തുതകള്‍ അറിയിക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. പൊതുജനത്തിന് അറിയാന്‍ താത്പര്യമുള്ള കാര്യം മാത്രമാണ് വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു വാട്സാപ്പ് ഗ്രൂപ്പില്‍ ആരോപണവിധേയനായ കെ.ഗോപാലകൃഷ്ണനെതിരെയും പരാമര്‍ശമുണ്ട്. വ്യവസായ വകുപ്പ് ഡയറക്ടറുടെ ഓര്‍മശക്തി ഹാക്ക് ചെയ്തതാണോ എന്നും പ്രശാന്ത് ചോദിച്ചു. തന്‌റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നായിരുന്നു ഗോപാപാലകൃഷ്ണന്റെ ആരോപണം. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തി അന്വേഷണത്തില്‍ ഗോപാലകൃഷ്ണന്‍ തെളിവുകള്‍ നശിപ്പിച്ചതായി കണ്ടെത്തിയിരുന്നു. ഇതോടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടോ എന്നത് കണ്ടെത്താനായില്ലെന്നും പൊലീസ് അറിയിച്ചിരുന്നു.
മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയ വ്യവസായ-വാണിജ്യ ഡയറക്ടർ കെ ഗോപാലകൃഷ്ണനെതിരെ ഇന്നലെ പ്രശാന്ത് രംഗത്തുവന്നിരുന്നു. ‘സ്വയം കുസൃതികൾ ഒപ്പിച്ച ശേഷം ആ കുസൃതിക്കെതിരെ പരാതിപ്പെടുന്ന പ്രവണത ഐഎഎസുകാരിൽ കൂടി വരുന്നില്ലേ എന്ന് നാം ശങ്കിക്കേണ്ടിയിരിക്കുന്നു. ചിലരുടെ ഓർമ്മശക്തി ആരോ 'ഹാക്ക്' ചെയ്തതാണോ എന്നൊരു സംശയം! 'മെറ്റ'ക്കൊരു കത്തയച്ചാലോ?’ എന്നായിരുന്നു പരിഹാസ രൂപേണയുള്ള ചോദ്യം.
സിവിൽ സർവിസ് ഉന്നതോദ്യോഗസ്ഥർക്കിടയിലെ ചേരിപ്പോരിലേക്ക് വിരൽചൂണ്ടുന്ന വിവരങ്ങളായിരുന്നു ഇതിലും വെളിപ്പെടുത്തിയത്.
തിടമ്പിനേയും തിടമ്പേറ്റിയ ആനയേയും ഇതുവരെ പേടിക്കാത്തവരെ പേടിപ്പിക്കാമെന്ന്, ഭാവിയിൽ തിടമ്പേൽക്കാൻ കുപ്പായം തയ്ച്ചിരിക്കുന്ന കുഴിയാനകൾ ചിന്തിക്കുന്നത് വല്ലാത്ത തിലകത്തമാണെന്നും പ്രശാന്ത് കുറിച്ചിരുന്നു.
Content Highlight: