'വ്യാജന്‍ ഇപ്പോള്‍ ഹാക്കറുമായി; ഇനിയും പല തട്ടിപ്പുകളും നടത്തും'; രാഹുലിനെതിരെ സിപിഐഎം ജില്ലാ സെക്രട്ടറി

വിവാദം സൃഷ്ടിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സിപിഐഎമ്മിന്റെ പേജ് ഹാക്ക് ചെയ്തുവെന്ന് ഉദയഭാനു പറഞ്ഞു

dot image

പത്തനംതിട്ട: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. സിപിഐഎം പത്തനംതിട്ടയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു ഉദയഭാനുവിന്റെ പ്രതികരണം. വ്യാജന്‍ ഇപ്പോള്‍ ഹാക്കറുമായി എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് വിമര്‍ശനം.


വിവാദം സൃഷ്ടിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സിപിഐഎമ്മിന്റെ പേജ് ഹാക്ക് ചെയ്തുവെന്ന് ഉദയഭാനു പറഞ്ഞു. സിപിഐഎമ്മിന്റെ സോഷ്യല്‍ മീഡിയ ടീം വീഡിയോ നീക്കം ചെയ്തുവെന്നും പേജിന്റെ നിയന്ത്രണം തിരിച്ചെടുക്കാന്‍ കഴിഞ്ഞുവെന്നും ഉദയഭാനു കുറിച്ചു.

സംഭവത്തില്‍ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി സൈബര്‍ പൊലീസിനും ഫേസ്ബുക്കിനും പരാതിയും നല്‍കിയിട്ടുണ്ടെന്നും ഉദയഭാനു പറഞ്ഞു.

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് വ്യക്തമായി അറിയാവുന്നവരാണ് പത്തനംതിട്ടക്കാരെന്ന് ഉദയഭാനു പറഞ്ഞു. രാഹുലിന്റെ ബൂത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 111 വോട്ടിന്റെ ലീഡ് ലഭിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 70 വോട്ടിന്റെ ലീഡ് എല്‍ഡിഎഫിന് ലഭിച്ചു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡിന്റെ ആനുകൂല്യത്തിലാണ് രാഹുല്‍ നേതൃസ്ഥാനത്തെത്തിയത്. സംഘടനാ തിരഞ്ഞെടുപ്പിനെ പോലും വ്യാജ ഐഡി കാര്‍ഡുപയോഗിച്ച് രാഹുല്‍ അട്ടിമറിച്ചു .ഉപതിരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ ഇനിയും പല തട്ടിപ്പുകളും നടത്തുമെന്നും കെ പി ഉദയഭാനു കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വ്യാജന്‍ ഇപ്പോള്‍ ഹാക്കറുമായി.

സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ഔദ്യോഗിക പേജില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ടുള്ള ഒരു പ്രചരണ വീഡിയോ പ്രത്യക്ഷപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ നിന്ന് മനസ്സിലാക്കുന്നു. വിശദമായ പരിശോധനയില്‍ വിവാദം സൃഷ്ടിക്കാനായി പേജ് ഹാക്ക് ചെയ്ത്, മന:പൂര്‍വ്വം ഇത്തരത്തില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്ത ശേഷം അതിന്റെ സ്‌ക്രീന്‍ റെക്കോര്‍ഡിംഗ് എടുത്ത് ആരോ മാധ്യമങ്ങള്‍ക്ക് കൈമാറിയതായിട്ടാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

ഫേസ്ബുക്ക് പേജ് ഹാക്ക് ആയത് ശ്രദ്ധയില്‍ പെടുകയും പെട്ടന്നു തന്നെ സോഷ്യല്‍ മീഡിയ ടീം അത് റിക്കവര്‍ ചെയ്ത് വീഡിയോ നീക്കം ചെയ്യുകയും സൈബര്‍ പോലീസിനും ഫെയ്‌സ്ബുക്കിനും പരാതിയും നല്‍കിയിട്ടുണ്ട്. പേജിന്റെ നിയന്ത്രണം തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.


പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് വ്യക്തമായി അറിയാവുന്നവരാണ് പത്തനംതിട്ടക്കാര്‍.

അടൂര്‍ അസംബ്ലി മണ്ഡലത്തിലെ 119-ാം നമ്പര്‍ ബൂത്തിലെ താമസക്കാരനാണ് വ്യാജന്‍. (പെരിങ്ങനാട് വില്ലേജ്) കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 111 വോട്ടിന്റെയും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 70 വോട്ടിന്റെയും ലീഡ് ഈ ബൂത്തില്‍ ഉണ്ടായി. നാട്ടില്‍ ജനങ്ങള്‍ക്കിടയില്‍ ഒരു സ്വാധീനവും ഇല്ലാത്ത വ്യാജന്‍ നാടൊട്ടുക്കുള്ള ആളുകളുടെ പേരില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച്, ആ ആനൂകൂല്യത്തില്‍ നേതൃസ്ഥാനത്തെത്തിയ ആളാണ്. അടൂര്‍, പന്തളം മേഖലകളിലെ ജനങ്ങളുടെ പേരില്‍ പോലും ഇക്കൂട്ടര്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച് ദുരുപയോഗം ചെയ്തതിന് നിയമനടപടികളും വ്യാജന്‍ നേരിടുന്നുണ്ട്.

ജനാധിപത്യപരമായി നടക്കേണ്ടിയിരുന്ന ഒരു സംഘടനാ തിരഞ്ഞെടുപ്പിനെ പോലും വ്യാജ ഐ ഡി കാര്‍ഡ് ഉണ്ടാക്കി അട്ടിമറിച്ചവന്‍ ഉപതെരഞ്ഞെടുപ്പിന് മുന്‍പ് ഇനിയും പല തട്ടിപ്പുകളും നടത്തും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. പാലക്കാട്ടെ ജനാധിപത്യ വിശ്വാസികളായ ജനങ്ങള്‍ ഇത് തിരിച്ചറിഞ്ഞ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി സ. ഡോ പി. സരിനെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അഭിവാദനങ്ങളോടെ,
കെ. പി. ഉദയഭാനു.
സെക്രട്ടറി
.

Content Highlights- cpim district secretary k p udayabhanu against rahul mamkootathil

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us