അതിസമ്പന്നര്‍ക്ക് പോലും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സിക്കാന്‍ മോഹം: മുഖ്യമന്ത്രി

കേരളത്തിലെ ചികിത്സാരംഗത്തെ മികവിനെ ചൂണ്ടിക്കാട്ടാനാണ് ഈ ഉദാഹരണം പറഞ്ഞത്.

dot image

തൃശൂര്‍: അതിസമ്പന്നര്‍ക്ക് പോലും കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സിക്കാന്‍ മോഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്പന്നനായ ഒരു വ്യക്തി ഇക്കാര്യം നേരിട്ട് പറഞ്ഞതായും മുഖ്യമന്ത്രി ചേലക്കര ദേശമംഗലത്ത് നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞു. കേരളത്തിലെ ചികിത്സാരംഗത്തെ മികവിനെ ചൂണ്ടിക്കാട്ടാനാണ് ഈ ഉദാഹരണം പറഞ്ഞത്.

സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്ക് പോകാന്‍ കൊതിയുണ്ടെന്നാണ് ഒരു സമ്പന്നന്‍ പറഞ്ഞത്. സ്വകാര്യ ആശുപത്രിയില്‍ പണം നല്‍കി മികച്ച ചികിത്സ നടത്താന്‍ കെല്‍പ്പുള്ളയാളാണ് ആ സമ്പന്നന്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ എന്തെല്ലാം സൗകര്യങ്ങളാണ്. പോകാന്‍ നല്ല ആഗ്രഹവുമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയാല്‍ പിശുക്കനാണെന്ന് ആള്‍ക്കാര്‍ കരുതും. ഈ ഒറ്റക്കാരണം കൊണ്ടാണ് പോകാത്തതെന്നും അയാള്‍ പറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികള്‍ വല്ലാതെ പാടുപെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യരാകുന്ന രീതിയിലായിരുന്നു കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍. അത് ഒരു വിഭാഗം മാധ്യമങ്ങള്‍ ഏറ്റെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറുതുരുത്തിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മാധ്യമങ്ങള്‍ക്കും എല്‍ഡിഎഫ് സര്‍ക്കാരിനോട് ഒടുങ്ങാത്ത പകയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. എങ്ങനെയെങ്കിലും എല്‍ഡിഎഫ് ഒഴിഞ്ഞുപോകണം എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. പരിഹാസ്യമായ കഥകള്‍ക്കെല്ലാം തങ്ങള്‍ വിചാരിച്ചാല്‍ വിശ്വാസ്യത സൃഷ്ടിക്കാന്‍ സാധിക്കുമെന്ന നിലയില്‍ വലിയ പ്രചാരണം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മുഖ്യമന്ത്രി എണ്ണിപ്പറയുകയും ചെയ്തു. വിഴിഞ്ഞം, ഗെയില്‍, ദേശീയ പാത തുടങ്ങിയവ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യാവസായിക രംഗത്ത് വലിയ കുതിച്ച് ചാട്ടം ഉണ്ടാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. തനത് വളര്‍ച്ചാ നിരക്കില്‍ മൂന്ന് ഇരട്ടി വളര്‍ച്ച ഉണ്ടാക്കാന്‍ സാധിച്ചു. ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക സമയ ബന്ധിതമായി കൊടുത്ത് തീര്‍ക്കും. ക്ഷേമ പെന്‍ഷന്റെ 98 ശതമാനവും നല്‍കുന്നത് സംസ്ഥാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഏട്ടുവര്‍ഷത്തിനകം 8400 കോടി രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുണ്ടാക്കൈ, ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം ലഭിച്ചില്ല. കൃത്യമായ ഉത്തരം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നില്ല. ലഭിക്കേണ്ടത് എസ്ഡിആര്‍എഫിന്റെ ഫണ്ട് അല്ല. കേന്ദ്ര ഫണ്ട് ലഭിച്ചില്ലെങ്കിലും സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

Content Highlights: Even the super rich want treatment in government hospitals: Pinarayi Vijayan

dot image
To advertise here,contact us
dot image