ചേലക്കര: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വാർത്താ സമ്മേളനം വിളിച്ചു ചേർത്തതിനെതിരെ പി വി അൻവർ എംഎൽഎയ്ക്കെതിരെ കേസെടുക്കാൻ നിർദ്ദേശവുമായി ജില്ലാ കളക്ടർ. സംഭവ സ്ഥലത്ത് പൊലീസ് എത്തി വാർത്താ സമ്മേളനം നിർത്താൻ പറഞ്ഞിട്ടും അൻവർ തുടരുകയായിരുന്നു. നാളെ അൻവറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തേക്കും.
വാർത്താസമ്മേളനം നടത്തിയതിൽ ഒരു തെറ്റുമില്ലയെന്നായിരുന്നു പി വി അൻവർ പറഞ്ഞിരുന്നത്. കേസ് എന്തുതന്നെയായാലും താൻ നേരിടാമെന്നും മറ്റ് സ്ഥാനാർത്ഥികളുടെ ഒരു കാര്യത്തിലും കമ്മീഷൻ ഇടപെടുന്നില്ലെന്നും അൻവർ പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് അൻവർ പൊലീസിന്റെയും തിരഞ്ഞെടുപ്പ് കമീഷന്റെയും നിർദേശത്തെ മറികടന്ന് വാർത്താസമ്മേളനം നടത്തിയത്. വാർത്താസമ്മേളനത്തിനിടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ വന്ന് കാര്യങ്ങൾ ബോധിപ്പിച്ചെങ്കിലും അൻവർ പിന്മാറാൻ തയാറായിരുന്നില്ല എന്ന് മാത്രമല്ല തർക്കിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് സംബന്ധിച്ചുളള ഒരു ടെലികാസ്റ്റിംഗും ഈ സമയത്ത് പാടില്ല എന്നതാണ് നിയമമെന്ന് ഉദ്യോഗസ്ഥൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Content Highlight- District Collector with instructions to file a case against PV Anwar MLA