'സിദ്ദിഖ് നിരന്തരം ഭീഷണിപ്പെടുത്തി, ധൈര്യമില്ലായിരുന്നു';പരാതി നൽകാൻ വൈകിയതിലുള്ള കാരണം വ്യക്തമാക്കാൻ അതിജീവിത

സിനിമയിലെ കരിയര്‍ അവസാനിപ്പിക്കുമെന്ന് സിദ്ദിഖ് അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും

dot image

കൊച്ചി: നടന്‍ സിദ്ദിഖിനെതിരായ ബലാത്സംഗക്കേസിലെ പരാതി നല്‍കാന്‍ വൈകിയതിനുള്ള കാരണം സര്‍ക്കാരും അതിജീവിതയും സുപ്രീം കോടതിയെ അറിയിക്കും. ധൈര്യമില്ലാത്തതാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് അതിജീവിത വെളിപ്പെടുത്തിയതായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിക്കും. സിദ്ദിഖില്‍ നിന്ന് നിരന്തരംം ഭീഷണിയുണ്ടായിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തും.

Siddique
സിദ്ദിഖ്

സിനിമയിലെ കരിയര്‍ അവസാനിപ്പിക്കുമെന്ന് സിദ്ദിഖ് അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും. ഈ പശ്ചാത്തലത്തിലാണ് പരാതി നല്‍കാന്‍ എട്ടര വര്‍ഷത്തോളം വൈകിയതെന്നാണ് സര്‍ക്കാരും അതിജീവിതയും സുപ്രീം കോടതിയെ അറിയിക്കുക. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷമാണ് അതിജീവിതയ്ക്ക് ധൈര്യം വന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കും.

അതേസമയം സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിലവില്‍ സിദ്ദിഖിന് ഇടക്കാല മുന്‍കൂര്‍ ജാമ്യമുണ്ട്.

Also Read:

പീഡനത്തിനിരയായ ശേഷം പരാതി നല്‍കാന്‍ എട്ടര വര്‍ഷം വൈകിയത് എന്തുകൊണ്ടാണെന്ന് കഴിഞ്ഞ രണ്ട് തവണയും സുപ്രീംകോടതി സര്‍ക്കാരിനോട് ആവര്‍ത്തിച്ചിരുന്നു. സംഭവത്തിന് പിന്നാലെ വ്യത്യസ്ത സമയത്ത് ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ഇക്കാര്യം അതിജീവിത വെളിപ്പെടുത്തിയെന്നായിരുന്നു പരാതിക്കാരിയുടെ അഭിഭാഷക വൃന്ദ ഗ്രോവറിന്റെ മറുപടി.

പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തിന് തിരിച്ചടിയാകുമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. സ്ത്രീകള്‍ക്ക് എതിരായ അതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കും. ഉന്നതനായ പ്രതിക്ക് സ്വാധീന ശക്തി ഇല്ലെന്ന് കോടതി ഉറപ്പുവരുത്തണമെന്നുമാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.

അതേസമയം പ്രത്യേക അന്വേഷണ സംഘം തനിക്കെതിരെ ഇല്ലാക്കഥകള്‍ മെനയുന്നുവെന്നാണ് സിദ്ദിഖിന്റെ പുതിയ സത്യവാങ്മൂലം. പരാതിക്കാരി പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് എസ്‌ഐടി തനിക്കെതിരെ ഉന്നയിക്കുന്നതെന്നും കേസിനെ സെന്‍സേഷണലൈസ് ചെയ്യാനാണ് എസ്‌ഐടിയുടെ ശ്രമമെന്നുമാണ് സിദ്ദിഖിന്റെ വാദം. താന്‍ ഉന്നതനായ വ്യക്തിയല്ലെന്നും സിദ്ദിഖിന്റെ സത്യവാങ്മൂലത്തിലുണ്ട്.

Content Highlights: Government and survivor to clarify the reason for the delay in filing the complaint in Siddique case to Supreme Court

dot image
To advertise here,contact us
dot image