ചേലക്കരയില്‍ വിജയം എല്‍ഡിഎഫിന്; പാലക്കാട് പി സരിന്‍ വന്നത് അനുകൂലമായി: എം വി ഗോവിന്ദന്‍

രൂപീകൃതമായത് മുതല്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന വയനാട്ടിലും ശക്തമായ പോരാട്ടം നടത്താന്‍ ഇക്കുറി പാര്‍ട്ടിക്ക് സാധിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു

dot image

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിജയപ്രതീക്ഷയിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. ഇടതുപക്ഷത്തിന്റെ കോട്ടയായ ചേലക്കരയില്‍ വിജയം ആവര്‍ത്തിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും സിപിഐഎമ്മിലെത്തിയ പി സരിന്റെ സ്ഥാനാര്‍ത്ഥിത്വം പാലക്കാട് പാര്‍ട്ടിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് ഉണ്ടാക്കിയത്. രൂപീകൃതമായത് മുതല്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന വയനാട്ടിലും ശക്തമായ പോരാട്ടം നടത്താന്‍ ഇക്കുറി പാര്‍ട്ടിക്ക് സാധിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

'വയനാട്ടിലെയും ചേലക്കരയിലെയും വോട്ടര്‍മാര്‍ നാളെ രാവിലെ മുതല്‍ പോളിങ് ബൂത്തിലേക്ക് പോവുകയാണ്. ഇന്നലെ ആവേശകരമായ തിരഞ്ഞെടുപ്പ് പരിസമാപ്തിയാണ് നടന്നത്. വന്‍ ഭൂരിപക്ഷത്തോടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് ചേലക്കരയില്‍ വിജയിക്കും. വയനാട് മണ്ഡലത്തില്‍ ശക്തമായ പോരാട്ടമാണ് നടത്തിയിട്ടുള്ളത്. അതിന്റെ മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. മൂന്ന് മണ്ഡലത്തിലേയും ഏറ്റവും ആവേശകരമായ തിരഞ്ഞെടുപ്പ് നടക്കുന്നത് പാലക്കാടാണ്. പാലക്കാട് എല്‍ഡിഎഫ് കഴിഞ്ഞ തിരഞ്ഞെടുപ്പിന്‌റെ അനുഭവത്തില്‍ മൂന്നാം സ്ഥാനത്താണെങ്കിലും പി സരിന്‍ സ്ഥാനാര്‍ത്ഥിയായി വന്നത് മുതല്‍ പാലക്കാട് എല്‍ഡിഎഫ് അനുകൂല അന്തരീക്ഷമാണ് ഉണ്ടായത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പി സരിന്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷ. പാലക്കാട് കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ലഭിച്ച വോട്ട് ഇത്തവണ കിട്ടില്ല. ബിജെപി കഴിഞ്ഞ വര്‍ഷം മെട്രോമാന്‍ ഇ ശ്രീധരനെയാണ് മത്സരിപ്പിച്ചത്.

അന്ന് കിട്ടിയ വോട്ടൊന്നം ബിജെപിക്ക് ഇത്തവണ കിട്ടാന്‍ പോകുന്നില്ല. മതനിരപേക്ഷ ഉള്ളടക്കത്തോടെയുള്ള ചില വോട്ടുകള്‍ ഷാഫിക്ക് ലഭിച്ചിരുന്നു. അത് ഇക്കുറി രാഹുലിന് ലഭിക്കില്ല. ഈ തിരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റുന്ന തിരഞ്ഞെടുപ്പ് ആകും. ചേലക്കരയില്‍ പതിറ്റാണ്ടുകളായി ഇടതുപക്ഷം വിഡയിച്ചുവരുന്ന മണ്ഡലമാണ്. കോണ്‍ഗ്രസിന് രാഷ്ട്രീയമില്ല. നാല് വോട്ട് കിട്ടാന്‍ വേണ്ടി സ്വത്ത് രാഷ്ട്രീയത്തെ കൂട്ടുപിടിക്കുകയാണ് കോണ്‍ഗ്രസ്. അതിശക്തമായ ജാതി വികാരം ഉണ്ടാക്കാന്‍ തനി ഫ്യൂഡല്‍ ജീര്‍ണതയുടെ പ്രതിനിധികളായാണ് അവര്‍ പെരുമാറുന്നത്. ചേലക്കരയിലെ ജനങ്ങള്‍ക്ക് നല്ല രാഷ്ട്രീയ ബോധമുണ്ട്. ജാതി പറഞ്ഞ് വോട്ട് ചോദിച്ചിട്ട് കാര്യമില്ല', എം വി ഗോവിന്ദന്‍ പറഞ്ഞു.

നാളെയാണ് ചേലക്കര, വയനാട് മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ചേലക്കരയില്‍ യു ആര്‍ പ്രദീപാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. രമ്യ ഹരിദാസ് യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന മണ്ഡലത്തില്‍ കെ ബാലകൃഷ്ണന്‍ ആണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി.

വയനാട്ടില്‍ യുഡിഎഫിനായി പ്രിയങ്ക ഗാന്ധിയാണ് ഇക്കുറി തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നത്. സത്യന്‍ മൊകേരിയാണ് എല്‍ഡിഎഫിനായി മത്സരിക്കുന്നത്. നവ്യ ഹരിദാസാണ് ബിജെപി സ്ഥാനാര്‍ത്ഥി. പാലക്കാടും നാളെയായിരുന്നു തിരഞ്ഞെടുപ്പ് നടക്കാനിരുന്നത്. എന്നാല്‍ കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് മാറ്റിയിരുന്നു. ഈ മാസം 20നാണ് പാലക്കാട് വോട്ടെടുപ്പ് നടക്കുക.

Content Highlight: MV Govindan says LDF will win chelakkara, palakkad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us