'വാർത്താസമ്മേളനം നടത്തരുതെന്ന് ഒരു നിയമവുമില്ല,കേസ് വരട്ടെ, കോടതിയിൽ കാണാം'; നിലപാടിലുറച്ച് അൻവർ

വാർത്താസമ്മേളനം നടത്തിയതിൽ ഒരു തെറ്റുമില്ലെന്ന് ആവർത്തിച്ച് പി വി അൻവർ എംഎൽഎ

dot image

ചേലക്കര: വാർത്താസമ്മേളനം നടത്തിയതിൽ ഒരു തെറ്റുമില്ലെന്ന് ആവർത്തിച്ച് പി വി അൻവർ എംഎൽഎ. കേസ് എന്തുതന്നെയായാലും നേരിടാമെന്നും മറ്റ് സ്ഥാനാർത്ഥികളുടെ ഒരു കാര്യത്തിലും കമ്മീഷൻ ഇടപെടുന്നില്ലെന്നും അൻവർ റിപ്പോർട്ടറിനോട് പറഞ്ഞു.

വാർത്താസമ്മേളനം വിളിച്ചതിലുള്ള തന്റെ ലക്ഷ്യം നിറവേറി എന്നും അൻവർ പറഞ്ഞു. എതിർസ്ഥാനാർത്ഥികൾ ചെയ്യുന്ന ഒന്നും ഈ കമ്മീഷൻ കാണുന്നില്ല. തിരഞ്ഞെടുപ്പിൽ പരമാവധി 40 ലക്ഷം ചിലവഴിക്കാമെന്നിരിക്കെ, കോടികളാണ് ഇവർ ചിലവാക്കുന്നത്. ഇത് സംബന്ധിച്ച് ഇലക്ഷൻ കമ്മീഷനിൽ താൻ പരാതി നൽകിയിട്ടുണ്ടെന്നും തന്റെ പേരിൽ കേസ് വന്നാൽ കോടതിയിൽ കാണാമെന്നും അൻവർ പറഞ്ഞു.

പൊരുതാനുറച്ചുതന്നെയാണ് താൻ ഇപ്പോൾ ഉള്ളതെന്നും അൻവർ പറഞ്ഞു. മാഹിയിൽനിന്ന് ഒന്നര ലോഡ് മദ്യം മണ്ഡലത്തിലേക്ക് വരുന്നുണ്ടെന്നാണ് വിവരം. ആരാണ് ഇതെല്ലാം സപ്ലൈ ചെയ്യുന്നത്? താൻ ആരെയും അപമാനിക്കാൻ ഉദ്ദേശിക്കുന്നില്ല. പക്ഷെ തന്നെ അപമാനിക്കാൻ ശ്രമിച്ചാൽ തന്റെ കയ്യിലുള്ള ചില തെളിവുകൾ പുറത്തുവിട്ട് താൻ കേരളത്തെ ആകെ ഞെട്ടിക്കുമെന്നും അൻവർ അവകാശപ്പെട്ടു.

ചൊവ്വാഴ്ച രാവിലെയാണ് അൻവർ പൊലീസിന്റെയും തിരഞ്ഞെടുപ്പ് കമീഷന്റെയും നിർദേശത്തെ മറികടന്ന് വാർത്താസമ്മേളനം നടത്തിയത്. വാർത്താസമ്മേളനത്തിനിടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ വന്ന് കാര്യങ്ങൾ ബോധിപ്പിച്ചെങ്കിലും അൻവർ പിന്മാറാൻ തയാറായിരുന്നില്ല എന്ന് മാത്രമല്ല, തർക്കിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് സംബന്ധിച്ചുളള ഒരു ടെലികാസ്റ്റിംഗും ഈ സമയത്ത് പാടില്ല എന്നതാണ് നിയമമെന്ന് ഉദ്യോഗസ്ഥൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചട്ടലംഘനം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. അൻവറിന് ഇപ്പോൾ നോട്ടീസ് നൽകിയെന്നും ഉടൻ തന്നെ നടപടി ഉണ്ടാകുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തിരുന്നു.

Content Highlights: PV Anvar stands firm in his press meet issue

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us