കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമമുണ്ടായി: വി ശിവന്‍കുട്ടി

കായികമേളയുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന തരത്തിലായിരുന്നു പ്രതിഷേധമെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി വിഷയം ഗൗരവമായി പരിശോധിക്കുമെന്നും അറിയിച്ചു

dot image

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപനസമ്മേളനം അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമമുണ്ടായതായി മന്ത്രി വി ശിവന്‍കുട്ടി. പ്രതിഷേധിച്ച സ്‌കൂള്‍ പ്രതിനിധികളുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. അത് ചെവികൊള്ളാതെ മേള അലങ്കോലമാക്കാന്‍ ശ്രമം നടന്നു. കായികമേളയുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന തരത്തിലായിരുന്നു പ്രതിഷേധമെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി വിഷയം ഗൗരവമായി പരിശോധിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

'സാംസ്‌കാരിക പരിപാടി തടയാനും വളണ്ടിയര്‍മാരെ മര്‍ദ്ദിക്കാനും ശ്രമമുണ്ടായി. കായികമേളയുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമേല്‍പ്പിക്കുന്ന രീതിയില്‍ ആയിരുന്നു വിരലിലെണ്ണാവുന്നവരുടെ പ്രവര്‍ത്തനം. ഇക്കാര്യം പൊതു വിദ്യാഭ്യാസ വകുപ്പ് ഗൗരവമായി പരിശോധിക്കും.

ലോകത്ത് എവിടെ മത്സരം നടന്നാലും തര്‍ക്കങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടാവാറുണ്ട്. അവ പരിഹരിക്കാന്‍ വ്യവസ്ഥാപിത രീതികളും ഉണ്ട്. അപ്പീല്‍ കമ്മിറ്റിയും കോടതികളുണ്ട്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ആദ്യ സ്‌കൂള്‍ ഒളിമ്പിക്‌സിന്റെ സമാപന സമ്മേളനത്തെ അലങ്കോലപ്പെടുത്തിയതിന്റെ അപഖ്യാതി ഈ രണ്ട് സ്‌കൂള്‍ അധികൃതര്‍ക്കാണ്. 24,000 കായികതാരങ്ങള്‍ പങ്കെടുത്ത മേളയില്‍ തിരുനാവായ നാവാമുകുന്ദ സ്‌കൂളില്‍ നിന്ന് 31 കായികതാരങ്ങളും മാര്‍ ബേസിലില്‍ നിന്ന് 76 കായികതാരങ്ങളും ആണ് പങ്കെടുത്തത്. ഒരു അപശബ്ദവും ഇല്ലാതെയാണ് സമാപനദിവസം വരെ മേള സംഘടിപ്പിച്ചത്. ഇത്തവണ സ്‌കൂള്‍ ഒളിമ്പിക്‌സ് എന്ന രീതിയില്‍ സംഘടിപ്പിക്കപ്പെട്ട മേള എല്ലാ സ്‌കൂളുകളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് മുന്നോട്ടുനീങ്ങിയത്. കായികമേള അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചവരുടെ ആവശ്യം സ്‌പോര്‍ട്‌സ് സ്‌കൂളിനെ ഒഴിവാക്കിക്കൊണ്ട് ഏറ്റവും കൂടുതല്‍ പോയിന്റ് ആ സ്‌കൂളുകള്‍ക്ക് നല്‍കണമെന്നായിരുന്നു. ഇക്കാര്യം അടക്കം പരിശോധിക്കുമെന്ന് ഉറപ്പ് പറഞ്ഞിട്ട് പോലും മേള അലങ്കോലപ്പെടുത്താന്‍ ശ്രമമുണ്ടായി. 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ വരെ അണിനിരന്ന കലാപരിപാടി തടസ്സപ്പെടുത്താന്‍ വേണ്ടി മൈക്ക് ഓഫ് ചെയ്യുന്ന നില വരെയുണ്ടായി. ഇതിനെല്ലാം നേതൃത്വം നല്‍കിയത് ഈ സ്‌കൂളുകളിലെ അധ്യാപകരാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് അര ഡസനോളം മേളകള്‍ സംഘടിപ്പിക്കുന്നുണ്ട്. തങ്ങള്‍ ഉദ്ദേശിച്ച കാര്യം നടന്നില്ലെങ്കില്‍ അതിക്രമം കാണിക്കുന്ന സമീപനം ഇത്തരം മേളകള്‍ സംഘടിപ്പിക്കുന്നതിന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും.

മേളയുടെ വിജയത്തിനായി പതിനഞ്ച് കമ്മിറ്റികള്‍ മാതൃകാപരമായി പ്രവര്‍ത്തിച്ചു.അധ്യാപക സംഘടനാ പ്രതിനിധികളും ജനപ്രതിനിധികളുമാണ് കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കിയത്. ഓരോ ദിവസവും, ഏകദേശം ഇരുപതിനായിരത്തോളം(20,000) ആളുകള്‍ക്ക് മേളയില്‍ ഭക്ഷണം നല്‍കി. ഇതും ചരിത്രമാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി സംഘടിപ്പിക്കുന്ന ഇന്‍ക്ലൂസീവ് സ്പോര്‍ട്സിന്റെ വിജയകരമായ സംയോജനത്തിലൂടെ ഈ വര്‍ഷം ഒരു സുപ്രധാന നാഴികക്കല്ല് കൈവരിച്ചു.

ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരില്‍ ആദ്യമായി എവര്‍-റോളിംഗ് ട്രോഫി ഇത്തവണ നല്‍കി. ഒളിമ്പിക്‌സ് മാതൃകയില്‍ സംഘടിപ്പിക്കപ്പെട്ട കേരള സ്‌കൂള്‍ കായികമേള കൊച്ചി ട്വന്റി ഫോറില്‍ പിറന്നത് നാല്‍പ്പത്തി നാല് മീറ്റ് റെക്കോര്‍ഡുകള്‍ ആണ്. ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷായിരുന്നു മേളയുടെ ബ്രാന്‍ഡ് അംബാസഡര്‍. ശ്രീജേഷിനെ പോലുള്ള താരങ്ങളെ സൃഷ്ടിക്കലാണ് ഈ മേളയുടെ ലക്ഷ്യം.

നാലുവര്‍ഷത്തില്‍ ഒരിക്കല്‍ ഇങ്ങനെ ഒളിമ്പിക്‌സ് മാതൃകയില്‍ മേള നടത്താം എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഈ മേളയുടെ വലിയ വിജയവും ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് ചേര്‍ത്തപ്പോള്‍ ഉണ്ടായ അനുഭവവും ഒളിമ്പിക്‌സ് മാതൃകയിലുള്ള മേള എല്ലാവര്‍ഷവും നടത്തണമെന്ന രീതിയിലേക്ക് കാര്യങ്ങളെ മാറ്റി. അടുത്ത തവണ മേള തിരുവനന്തപുരത്താകും നടത്തുക.

കായികതാരങ്ങള്‍ക്കുള്ള പാരിതോഷിക തുക വര്‍ധിപ്പിക്കുന്ന കാര്യവും പരിഗണനയിലാണ്. ഗ്രേസ്മാര്‍ക്ക് സംബന്ധിച്ചും പുനര്‍വിചിന്തനങ്ങള്‍ ഉണ്ടാകും. കായിക അധ്യാപകര്‍ക്ക് ചില പ്രശ്‌നങ്ങളുണ്ട്, അതിനും പരിഹാരം കാണും', മന്ത്രി വ്യക്തമാക്കി. കായികമേള വിജയമാക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

Content Highlights: Minister V Sivankutty said that there was a planned attempt to disrupt the concluding session of Sports Festival.

dot image
To advertise here,contact us
dot image