'മുനമ്പം വിഷയത്തില്‍ മുസ്‌ലിം ലീഗിന് പൂര്‍ണമായ ഉത്തരവാദിത്വമുണ്ട്'; വി അബ്ദുറഹിമാന്‍

റഷീദലി തങ്ങള്‍ വഖഫ് ചെയര്‍മാനായ കാലത്ത് യോഗം വിളിക്കണമായിരുന്നു. എന്നാല്‍ അതുണ്ടായില്ല.

dot image

തിരുവനന്തപുരം: മുനമ്പം പ്രശ്‌നം തുടങ്ങിയതും സങ്കീര്‍ണമാക്കിയതും ഇടതു സര്‍ക്കാരാണെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശത്തിനെതിരെ മന്ത്രി വി അബ്ദുറഹിമാന്‍. മുനമ്പം വിഷയം വര്‍ഷങ്ങളായി സങ്കീര്‍ണമായ നിയമ പ്രശ്‌നങ്ങളുള്ള കേസാണെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞു. റഷീദലി തങ്ങള്‍ വഖഫ് ചെയര്‍മാനായ കാലത്ത് യോഗം വിളിക്കണമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഈ വിഷയത്തില്‍ മുസ്‌ലിം ലീഗിന് പൂര്‍ണമായ ഉത്തരവാദിത്വമുണ്ട് .അത് മറ്റാരുടെയും മേലില്‍ ചാരാന്‍ ആവില്ലെന്നും വി അബ്ദുറഹ്‌മാന്‍ പറഞ്ഞു.

മുനമ്പത്ത് മുമ്പ് നികുതി വാങ്ങാന്‍ തീരുമാനം എടുത്തപ്പോള്‍ അന്ന് വഖഫ് ബോര്‍ഡ് അംഗങ്ങളായിരുന്ന എം സി മായിന്‍ ഹാജിയും അഡ്വക്കറ്റ് സൈനുദ്ദീനുമാണ് പ്രതിഷേധക്കുറിപ്പ് ഇറക്കിയതെന്നും മന്ത്രി പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലും തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാലും പ്രതികരിക്കാന്‍ പരിമിതിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം ലീഗ് നേതാവ് അധ്യക്ഷനായിരുന്നപ്പോഴാണ് മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡ് ഉത്തരവിറക്കിയതെന്ന മന്ത്രി പി രാജീവിന്റെ പരാമര്‍ശത്തിനാണ് പി കെ കുഞ്ഞാലിക്കുട്ടി മറുപടി പറഞ്ഞത്. പി രാജീവിന്റെ പ്രസ്താവന തെറ്റാണെന്നും വി എസ് സര്‍ക്കാരിന്റെ കാലത്താണ് ഇതെല്ലാം തുടങ്ങിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രശ്നം തുടങ്ങിയതും സങ്കീര്‍ണമാക്കിയതും ഇടതു സര്‍ക്കാരാണ്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് രാഷ്ട്രീയ നേട്ടമുണ്ടാകാം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രശ്നം പരിഹരിക്കാന്‍ നടപടി എടുക്കാത്തത് എന്ത് കൊണ്ടാണ്. രാഷ്ട്രീയ മുതലെടുപ്പിനാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. അമിത് ഷായുടെ പ്രസ്താവന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Content Highlight: The Muslim League is fully responsible for the Munambam issue says V Abdurahiman

dot image
To advertise here,contact us
dot image