ആവേശക്കടലായി കൊട്ടിക്കലാശം, പോളിങ് ബൂത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം; ഇന്ന് നിശബ്ദ പ്രചാരണം

പ്രധാനപ്പെട്ട വ്യക്തികളെ നേരില്‍കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാനുള്ള തിരക്കിലാകും ഇന്ന് സ്ഥാനാര്‍ത്ഥികള്‍

dot image

തിരുവനന്തപുരം: ആവേശ കൊട്ടിക്കലാശത്തിന് ശേഷം ചേലക്കരയിലും വയനാടും ഇന്ന് നിശബ്ദ പ്രചാരണം. നാളെ നടക്കുന്ന തിരഞ്ഞെടുപ്പിലെ അവസാന വോട്ടും ഉറപ്പിക്കാനുള്ള നിശബ്ദമായ ഇടപെടലായിരിക്കും മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുടെ ഭാഗത്ത് നിന്നുണ്ടാകുക. പ്രധാനപ്പെട്ട വ്യക്തികളെ നേരില്‍കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാനുള്ള തിരക്കിലാകും ഇന്ന് സ്ഥാനാര്‍ത്ഥികള്‍.

ചേലക്കരയില്‍ തുടര്‍ വിജയമുണ്ടാകും എന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. രമ്യാ ഹരിദാസിലൂടെ 1996ന് ശേഷം മണ്ഡലം തിരിച്ചുപിടിക്കും എന്ന ഉറപ്പിച്ചു പറയുകയാണ് യുഡിഎഫ്. തൃശൂര്‍ ലോക്‌സഭാ മണ്ഡലം പിടിച്ചത് പോലെ ചേലക്കരയും പിടിക്കും എന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം. മുന്നണികളുടെ എല്ലാം ചങ്കിടിപ്പേറ്റുകയാണ് ഡിഎംകെ സ്ഥാനാര്‍ഥി എന്‍ കെ സുധീര്‍. ഡിഎംകെ പിടിക്കുന്ന വോട്ടുകള്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ മുതല്‍ ചെറുതുരുത്തിയില്‍ ആരംഭിക്കും.

ചേലക്കരയില്‍ ഉത്സവാന്തരീക്ഷം തീര്‍ത്താണ് കഴിഞ്ഞ ദിവസം കൊട്ടിക്കലാശം കൊട്ടിക്കയറിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് ചേലക്കരയെ ചെങ്കടലാക്കി. മന്ത്രിമാരായ കെ രാജന്‍, കെ രാധാകൃഷ്ണന്‍, വി എസ് സുനില്‍കുമാര്‍ തുടങ്ങിയവര്‍ യു ആര്‍ പ്രദീപിനായി അണിനിരന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത് അണികള്‍ക്കിടയില്‍ ആവേശം ഇരട്ടിയാക്കി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണനായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ രംഗത്തിറങ്ങി. മണിക്കൂറുകള്‍ നീണ്ട കൊട്ടിക്കലാശം ആറരയോടെ അവസാനിച്ചു.

Chelakkara Candidates
ചേലക്കരയിലെ സ്ഥാനാർത്ഥികൾ കൊട്ടിക്കലാശത്തിൽ നിന്നും

വയനാട്ടില്‍ ശ്രദ്ധാകേന്ദ്രമായത് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമാണ്. ജനസാഗരത്തിന് മുന്നില്‍ വയനാട് പ്രിയപ്പെട്ടതെന്ന് പ്രിയങ്ക പറഞ്ഞപ്പോള്‍ കൈയടികള്‍ ഉയര്‍ന്നു. കല്‍പ്പറ്റയിലായിരുന്നു എല്‍ഡിഎഫിന്റെ കൊട്ടിക്കലാശം അരങ്ങേറിയത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിക്കൊപ്പം മന്ത്രി പി പ്രസാദും മറ്റ് നേതാക്കളും കൊട്ടിക്കലാശത്തിന് ആവേശം പകര്‍ന്നു. സത്യന്‍ മൊകേരിയുടെ കൊട്ടിക്കലാശത്തില്‍ വിദേശികള്‍ അണിനിരന്നതും ശ്രദ്ധേയമായി. ബത്തേരി നഗരം കേന്ദ്രീകരിച്ചായിരുന്നു എന്‍ഡിഎയുടെ കൊട്ടിക്കലാശം. എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനൊപ്പം പികെ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള നേതാക്കളും അണിനിരന്നു. നവ്യാ ഹരിദാസ് ക്രെയിനില്‍ കയറിയായിരുന്നു അവസാനഘട്ട പ്രചാരണത്തിന് ഇറങ്ങിയത്.

Wayanad Candidates
വയനാട്ടിലെ സ്ഥാനാർത്ഥികൾ കൊട്ടിക്കലാശത്തിൽ നിന്നും

അതേസമയം കര്‍ണാടകയിലെ മൂന്ന് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും നാളെ നടക്കും. ചന്നപട്ടണ, ഷിഗാവ്, സന്തൂര്‍ മണ്ഡലങ്ങളാണ് നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുക. ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പും നാളെ നടക്കുന്നതായിരിക്കും.

ജാർഖണ്ഡിലെ 43 മണ്ഡലങ്ങളിലാണ് ഇന്ന് നിശബ്ദ പ്രചാരണം. ആകെ 81 മണ്ഡലങ്ങളിൽ ബാക്കി 38 ഇടങ്ങളിൽ ഈ മാസം 20നാണ് വോട്ടെടുപ്പ്. മുൻമുഖ്യമന്ത്രി ചാമ്പയ് സോറൻ, കോൺഗ്രസ്സ് നേതാവ് അജോയ് കുമാർ, മുൻമുഖ്യമന്ത്രി മധു കോഡയുടെ ഭാര്യ ഗീത കോഡ എന്നിവരാൻ ആദ്യ ഘട്ടത്തിലെ പ്രമുഖ സ്ഥാനാർത്ഥികൾ. മുഖ്യമന്ത്രി ഹേമന്ത് സോറനും ഭാര്യ കല്പന സോറനും രണ്ടാം ഘട്ടത്തിലാണ് ജനവിധി തേടുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ജാർഖണ്ഡിൽ ഉണ്ട്. ബംഗ്ലാദേശിൽ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും എന്ന വാഗ്ദാനം ഉയർത്തിയാണ് ബിജെപിയുടെ പ്രചാരണം.

Content Highlights: Wayanad Chelakkara By Election today silent campaign

dot image
To advertise here,contact us
dot image