കാക്കനാട്: ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡിക്കിയിലിരുന്ന് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയില്‍ കുടുങ്ങി സംഘം. കാറിന്റെ ഡിക്കിയിലിരുന്ന് പിന്നാലെ വരുന്ന മറ്റൊരു കാറിന്റെ റീല്‍സ് ചീത്രീകരിക്കുകയായിരുന്നു. സംഭവത്തില്‍ കാറോടിച്ചിരുന്ന വാഴക്കുളം സ്വദേശി ശ്രീജേഷിന്‌റെ ലൈസന്‍സ് എംവിഡി സസ്‌പെന്‍ഡ് ചെയ്തു. ഒരു മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിന് പുറമെ 4000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കാര്‍ വില്‍ക്കുന്നതിനായി സമൂഹമാധ്യമങ്ങളില് പോസ്റ്റ് ചെയ്യാനുള്ള വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നാണ് യുവാക്കളുടെ വിശദീകരണം.
കാറിന്‌റെ സമീപത്തായി ലൈസന്‍സില്ലാത്ത വിദ്യാര്‍ത്ഥി ബൈക്ക് ഓടിക്കുന്ന ദൃശ്യവും പതിഞ്ഞിരുന്നു. ലേണേഴ്‌സ് ലൈസന്‍സ് ഇല്ലാത്തയാളെ പഠിപ്പിക്കുന്നതിന് ബൈക്കിന് പിന്നിലിരുന്ന കോളേജ് വിദ്യാര്‍ത്ഥിയായ രാഹുലിന് 10000 രൂപ പിഴയാണ് ചുമത്തിയത്. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് സമീപമുള്ള ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിനോട് ചേർന്നായിരുന്നു സംഭവം.
ദിവസങ്ങള്‍ക്ക് മുമ്പ് മകനെ ഡ്രൈവിംഗ് ടെസ്റ്റിന് ബൈക്കില്‍ കൊണ്ടുവന്ന അച്ഛന് ലൈസന്‍സില്ലെന്ന് കണ്ടെത്തിയതോടെ എംവിഡി പിഴ ചുമത്തിയിരുന്നു. പച്ചാളം സ്വദേശി വി പി ആന്റണിക്കാണ് ലൈസന്‍സില്ലാത്തതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി 9500 രൂപ പിഴ ചുമത്തിയത്.
ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയ മകന്റെ ആപ്ലിക്കേഷനില്‍ പിതാവിന്റെ ലൈസന്‍സ് നമ്പര്‍ ചോദിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്. ഇ ചലാനില്‍ ചേര്‍ക്കാന്‍ ലൈസന്‍സ് നമ്പര്‍ ചോദിച്ചപ്പോഴാണ് ലൈസന്‍സ് ഇല്ലെന്ന് പിതാവ് വെളിപ്പെടുത്തിയത്. ഇതിന് തൊട്ടുമുമ്പ് ടെസ്റ്റ് ഗ്രൗണ്ടിലേക്ക് ഇരുചക്രവാഹനത്തിലെത്തിയ മകന്‍ ഹെല്‍മറ്റ് ധരിക്കാതിരുന്നതിന് പൊലീസ് പിഴ ചുമത്തിയിരുന്നു. ലൈസന്‍സ് ഇല്ലെന്ന് കൂടി വ്യക്തമായതോടെ നടത്തിയ പരിശോധനയിലാണ് വാഹനത്തിന്റെ പൊല്യൂഷന്‍ പരിശോധനയുടെയും ഇന്‍ഷുറന്‍സിന്റെ കാലാവധിയും അവസാനിച്ചതായി കണ്ടെത്തിയത്. നാല് വകുപ്പുകള്‍ക്കും ചേര്‍ത്താണ് പിഴ ഈടാക്കിയത്.
Content Highlight: Youth's license gets suspended for shooting reels from dickey of car, fined for 4000 rupees