കൊച്ചി: മുനമ്പം വിഷയത്തില്‍ സര്‍ക്കാരിനും മന്ത്രി വി അബ്ദുറഹ്‌മാനുമെതിരെ തലശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. 32 ദിവസമായി സമരം ചെയ്യേണ്ടി വരുന്നത് നിയമവാഴ്ചയുള്ള സംവിധാനത്തിന് നാണക്കേടാണെന്ന് ജോസഫ് പാംപ്ലാനി പ്രതികരിച്ചു. മുനമ്പം വിഷയം ജാതിയുടേയും മതത്തിന്റെയും വിഷയമല്ലെന്നും ജോസഫ് പാംപ്ലാനി പ്രതികരിച്ചു.
മുനമ്പത്തിലേത് ജാതിയുടെയും മതത്തിന്റെയും വിഷയമല്ലെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം എടുത്തത് മുനമ്പം ജനതയുടെ അഭിപ്രായം കേള്‍ക്കാതെയാണ്. മുഖ്യമന്ത്രി ഇടപെടുന്നതില്‍ പ്രതീക്ഷയുണ്ട്. എത്ര മിനിറ്റ് ഇരുന്നാലും ഈ പ്രശ്‌നം തീര്‍ക്കണം. മുതലെടുപ്പിന് അവസരം നല്‍കരുതായിരുന്നുവെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു. നീതി നടപ്പാക്കുന്നതില്‍ നിന്ന് പിന്‍വലിയുന്നതിന് പിന്നില്‍ വോട്ട് ബാങ്ക് രാഷ്ട്രീയം ഉണ്ടെന്ന് സംശയിച്ചാല്‍ ആരെയും കുറ്റപ്പെടുത്താനാകില്ലെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.
സമരമിരിക്കുന്നവരും ന്യൂന പക്ഷമാണെന്ന് ന്യൂനപക്ഷ വകുപ്പ് മന്ത്രി മറക്കരുതെന്ന് മന്ത്രി വി അബ്ദുറഹ്‌മാന് മറുപടിയായി ബിഷപ്പ് പറഞ്ഞു.വര്‍ഗീയതയുടെ ചുവയുള്ള പ്രസ്താവനകള്‍ നാടിന്റെ വികസനത്തെ പിന്നോട്ടടിക്കും. വര്‍ഗീയതയുടെ കാര്‍ഡ് ഇറക്കിയാല്‍ ഭയന്ന് പള്ളിക്കകത്ത് ഒളിക്കുന്നവരല്ല തങ്ങള്‍. വഖഫ് മന്ത്രി ഈ ജനതയുടെ അഭിപ്രായത്തെ വര്‍ഗീയതയുടെ കണ്ണുകളോടെ കാണാന്‍ ശ്രമിച്ചോയെന്ന് സംശയമുണ്ട്. ആരെങ്കിലും പറയിപ്പിച്ചതാണെന്ന് വിശ്വസിക്കാനാണ് താത്പര്യം. മന്ത്രിയുടെ ഭാഗത്ത് നിന്ന് വീണ്ടും ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകരുത്.ബിജെപി വര്‍ഗീയ മുതലെടുപ്പ് നടത്തുന്നു എന്ന് പറയുന്ന ഇരു കൂട്ടരുടെയും ഭാഗത്ത് വീഴ്ചയുണ്ടെന്ന് വ്യക്തമാണെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.
വഖഫ് ബോര്‍ഡിന്റെ പ്രസക്തിയുടെ കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ലെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു. നീതി ആരുടെയും ഔദാര്യമല്ല. വഖഫ് ബോര്‍ഡിന്റെ അവകാശവാദം അടിസ്ഥാനരഹിതമാണ്. കേരളത്തിലെ ഏത് ഭൂമിയിലും വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിക്കാം. സ്വന്തം ഭൂമി വഖഫ് ബോര്‍ഡിന്റെ ആണെന്ന് തെളിയിച്ചാല്‍ മാത്രമെ വായ്പ കിട്ടുകയുള്ളൂ. ഇത് കാട്ടുനീതിയും കാട്ടാളനീതിയുമാണ്. വഖഫ് ബോര്‍ഡിനെതിരായ പരാതി പറയേണ്ടി വരുന്നത് വഖഫ് ബോര്‍ഡിനോട് തന്നെയാണെന്നും ജോസഫ് പാംപ്ലാനി വിശദീകരിച്ചു.
Content Highlights- bishop joseph pamplani reaction on munambam issue