വയനാട്: വയനാട് ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി. ബന്ധുക്കള്‍ക്കൊപ്പം ചൂരല്‍മലയില്‍ സജ്ജീകരിച്ച ബൂത്തിലാണ് ശ്രുതി വോട്ട് ചെയ്യാനെത്തിയത്. ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കൊപ്പം നിന്നവര്‍ക്കാണ് തന്റെ വോട്ടെന്ന് ശ്രുതി പറഞ്ഞു.
എന്ത് ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലും വോട്ട് ചെയ്യണമെന്ന് മുന്നേ തീരുമാനിച്ചതാണെന്നും ശ്രുതി പറഞ്ഞു. പരിചയമുള്ള പലരേയും വീണ്ടും കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നുണ്ട്. ആറ് മാസം വാക്കിങ് സ്റ്റിക്ക് ഉപയോഗിച്ച് മാത്രമേ നടക്കാന്‍ സാധിക്കൂ എന്നും ശ്രുതി പറഞ്ഞു. പണ്ട് ലഭിച്ചിരുന്ന ഒരു ഫീലീങ്‌സ് തിരികെ നാട്ടിലേക്ക് വരുമ്പോള്‍ കിട്ടുന്നില്ല. എല്ലാവരേയും മിസ്സ് ചെയ്യുന്നുണ്ടെന്നും ശ്രുതി പറഞ്ഞു.
ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയും അടക്കം കുടുംബത്തിലെ ഒന്‍പതോളം പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ശ്രുതി ഉരുൾപൊട്ടൽ അപകടത്തില്‍പ്പെടാതെ രക്ഷപ്പെടുകയായിരുന്നു. ഡിസംബറില്‍ ആണ്ടൂര്‍ സ്വദേശിയായ ജെന്‍സനുമായി ശ്രുതിയുടെ വിവാഹം നിശ്ചയിച്ചിരിക്കെയായിരുന്നു കുടുംബത്തെ ഒന്നടങ്കം മലവെള്ളം കൊണ്ടുപോയത്. പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ തകര്‍ന്ന ശ്രുതിക്ക് താങ്ങും തണലുമായത് ജെന്‍സനായിരുന്നു. സെപ്റ്റംബറില്‍ വെള്ളാരംകുന്നില്‍വെച്ചുണ്ടായ വാഹനാപകടത്തില്‍ ജെന്‍സന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു. ഈ അപകടത്തിൽ ശ്രുതിയ്ക്ക് സാരമായ പരിക്ക് പറ്റിയിരുന്നു. ബന്ധുക്കള്‍ക്കൊപ്പമാണ് ശ്രുതി നിലവില്‍ താമസിക്കുന്നത്.
Content Highlights- chooralmala landslide victim sruthy voted in wayanad by election