'കട്ടൻചായയും പരിപ്പുവടയും' ഉടനില്ല; വിവാദത്തിന് പിന്നാലെ പിന്മാറി ഡിസി ബുക്സ്

ഇ പി ജയരാജന്റെ ആത്മകഥയായ 'കട്ടൻചായയും പരിപ്പുവടയും' ഉടൻ പ്രസിദ്ധീകരിക്കില്ലെന്ന് ഡിസി ബുക്ക്സ്

dot image

തിരുവനന്തപുരം: വിവാദ കോളിളക്കത്തിന് പിന്നാലെ ഇ പി ജയരാജന്റെ ആത്മകഥയായ 'കട്ടൻചായയും പരിപ്പുവടയും' ഉടൻ പ്രസിദ്ധീകരിക്കില്ലെന്ന് ഡിസി ബുക്ക്സ്. നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം പ്രസാധനം നീട്ടിവെച്ചതായി ഡി സി ബുക്ക്സ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണെന്നും ഡി സി ബുക്സ് വിശദീകരിച്ചു.

സംസ്ഥാനത്ത് നിർണായകമായ ഉപതിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെയാണ് സർക്കാരിനെയും പാർട്ടിയെയും വെട്ടിലാക്കി വീണ്ടും ഇ പി ജയരാജൻ ആത്മകഥയിലെ ഭാഗങ്ങൾ പുറത്തുവന്നത്. ഇ പി ജയരാജന്റെ ആത്മകഥയായ കട്ടൻചായയും പരിപ്പുവടയും എന്ന പുസ്തകത്തിൽ പാർട്ടിക്കെതിരെയും രണ്ടാം പിണറായി സർക്കാരിനെതിരെയും രൂക്ഷവിമർശനമാണ് ഉള്ളത്.

രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്ന വാദമാണ് ഇ പി ജയരാജൻ പുസ്തകത്തിൽ ഉയർത്തിയിട്ടുള്ളത്. ജനക്ഷേമപ്രവർത്തനങ്ങൾ നിരവധിയുണ്ടെങ്കിലും ഇതിനപ്പുറം ജനങ്ങൾ സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. ഒന്നാം പിണറായി സർക്കാരിനെക്കുറിച്ചുള്ള മികച്ച അഭിപ്രായം രണ്ടാം പിണറായി സർക്കാരിനില്ല എന്ന് മാത്രമല്ല, താരതമ്യേന ദുർബലമാണെന്ന വാദവും ജയരാജൻ പുസ്തകത്തിൽ ഉയർത്തി. സംഘടനാപരമായും രാഷ്ട്രീയപരമായും തിരുത്തലുകൾ വേണമെന്നും ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം പാളിയോ എന്ന് സംശയമുണ്ടെന്നും ഇ പി ജയരാജൻ പറയുന്നു.

ഇത് കൂടാതെ പി സരിനെതിരെയും ജയരാജൻ രംഗത്തെത്തി. സ്ഥാനമാനങ്ങൾ പ്രതീക്ഷിച്ച് വരുന്നവർ വയ്യാവേലിയാണെന്നും പി വി അൻവർ പോലും ഇത്തരം പ്രതീകമായിരുന്നുവെന്നും ഇ പി പറയുന്നു. സരിനെ സ്ഥാനാർഥിയാക്കിയ തീരുമാനം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കുമെന്നും ഇ പി പറയുന്നുണ്ട്. അൻവറിന്റെ പിന്നിൽ തീവ്രവാദ ശക്തികളാണെന്നും ഇ പി എഴുതുന്നുണ്ട്.

വിവാദ ദല്ലാൾ വിഷയത്തിലും ഇ പി തുറന്നെഴുതിയിരിക്കുന്നു. ശോഭാ സുരേന്ദ്രനെ കണ്ടത് ഒരു പ്രാവശ്യം മാത്രമാണെന്നും എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത് പാർട്ടി തന്നെ കേൾക്കാതെയാണെന്നും ഇപി എഴുതുന്നു. താൻ ഇല്ലാത്ത സെക്രട്ടേറിയേറ്റിലാണ് തന്നെ നീക്കുന്ന കാര്യം ചർച്ച ചെയ്യുന്നത്. പാർട്ടി മനസിലാക്കിയില്ല എന്നതാണ് താൻ നേരിട്ട ഏറ്റവും വലിയ പ്രയാസം. കേന്ദ്രകമ്മിറ്റിയാണ് തനിക്കെതിരെ തീരുമാനമെടുക്കേണ്ടത് എന്നിരിക്കെ, പാർട്ടി സംസ്ഥാന കമ്മിറ്റിയെടുത്ത തീരുമാനം അണികൾക്കിടയിൽ വലിയ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും ഇപി തുറന്നെഴുതുന്നു. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വലിയ രീതിയിൽ ചർച്ചയാക്കിയത്, അതും ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപാകെ തന്നെ ചർച്ചയാക്കിയതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട് എന്നും ഇപി എഴുതുന്നു.

ദേശാഭിമാനി പത്രം സാന്റിയാഗോ മാർട്ടിനിൽ നിന്ന് പരസ്യവും ബോണ്ടും വാങ്ങിയത് പാർട്ടിയെ അറിയിച്ച ശേഷമായിരുന്നുവെന്നും ഇ പി എഴുതുന്നുണ്ട്. എന്നാൽ വി എസ് തനിക്കെതിരെ ഇത് ആയുധമാക്കുകയാണുണ്ടായത്. വിഭാഗീയതയുടെ കാലത്ത് വലിയ രീതിയിൽ പലരും തനിക്കെതിരെ ഈ വിഷയം എടുത്തിട്ടു. തന്നെ താറടിച്ചുകാണിക്കാൻ ശ്രമിച്ചുവെന്നും ഇ പി എഴുതുന്നു.

ഏറെ വിവാദമായ വൈദേകം റിസോർട്ടിനെക്കുറിച്ചും ഇ പി എഴുതിയിട്ടുണ്ട്. നേതാക്കൾക്ക് താമസിക്കാനാണ് ഈ കെട്ടിടം ഒരുക്കിയതെന്നാണ് ഇപിയുടെ വാദം. റിസോർട്ട് എന്ന് പേര് നൽകിയത് മാധ്യമങ്ങളാണ്. മകന്റെയും ഭാര്യയുടെയും പണമാണ് നിക്ഷേപിച്ചതെന്നും അവ കള്ളപ്പണമാണെന്ന് പിന്നീട് പറഞ്ഞുപരത്തപ്പെട്ടുവെന്നും ഇ പി പറയുന്നു. താന്‍ പറയാത്ത കാര്യങ്ങളാണ് പുറത്തുവന്നതെന്നാണ് വിഷയത്തില്‍ ഇ പി പ്രതികരിച്ചത്.

Content Highlights: DC Books postponed release of EP Jayarajans autobiography

dot image
To advertise here,contact us
dot image