'മാപ്പ് പറയണം'; ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സിനെതിരെ വക്കീൽ നോട്ടീസ് അയച്ച് ഇ പി

അഡ്വ. കെ വിശ്വൻ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചത്

dot image

കണ്ണൂർ: ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സിനെതിരെ വക്കീൽ നോട്ടീസ് അയച്ച് ഇ പി ജയരാജൻ. അഡ്വ. കെ വിശ്വൻ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചത്. അറിവോ സമ്മതമോ ഇല്ലാതെയാണ് പുസ്തകം പുറത്തുവിട്ടതെന്നും പുസ്തകം പിൻവലിച്ച് മാപ്പ് പറയണമെന്നുമാണ് ഇപിയുടെ ആവശ്യം. സമൂഹത്തിൽ തേജോവധം ചെയ്യണമെന്ന് ഉദ്ദേശത്തോടുകൂടിയാണ് ആത്മകഥ പ്രസിദ്ധീകരിച്ചത്. ഉപതിരഞ്ഞെടുപ്പിൽ രാഷ്ട്രീയ എതിരാളികൾക്ക് പ്രചരണ ആയുധം നൽകുന്നതിനു വേണ്ടിയാണത്. ആത്മകഥ എന്ന നിലയിൽ ഡിസി ബുക്സ് പുറത്തുവിട്ട സർവ്വ പോസ്റ്റുകളും ആത്മകഥാ ഭാഗങ്ങളും പിൻവലിക്കണം. നിർവ്യാജം ഖേദം പ്രകടിപ്പിച്ച് തെറ്റ് പരസ്യപ്പെടുത്തണമെന്നും വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം സിവിൽ ക്രിമിനൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഇ പി ജയരാജൻ വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ ഡിജിപിക്കും ഇ പി ജയരാജൻ പരാതി നൽകിയിരുന്നു. ആത്മകഥ ഇനിയും എഴുതി പൂർത്തിയാക്കിയിട്ടില്ലെന്നും
അച്ചടിക്കാനോ പ്രസിദ്ധീകരിക്കാനോ ആരെയും ഏൽപ്പിച്ചിട്ടില്ലെന്നുമാണ് പരാതിയിൽ പറയുന്നത്. മാധ്യമങ്ങൾ വഴി പുറത്ത് വന്നത് തെറ്റായ കാര്യങ്ങളാണ്. ആത്മകഥയുടെ പേരോ കവർ പേജോ പോലും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പരാതിയിലുണ്ട്. ഡിജിപിക്ക് നൽകിയ പരാതിയിൽ പക്ഷെ ഇപി ജയരാജൻ ഡിസി ബുക്സിൻ്റെ പേര് പരാമർശിച്ചിരുന്നില്ല.

നിയമനടപടികളുമായി മുന്നോട്ടു പോവുമെന്ന് വിഷയം വിവാദമായതോടെ ഇ പി അറിയിച്ചിരുന്നു. വിവാദത്തിൽ ഇ പി അതൃപ്തിയറിയിച്ചിരുന്നു. പ്രസിദ്ധീകരണത്തിനായി ഡിസി ബുക്ക്സും മാതൃഭൂമിയും ഉൾപ്പെടെ സമീപിച്ചിരുന്നു. എഴുതിക്കഴിയട്ടെ എന്നാണ് മാതൃഭൂമിക്ക് മറുപടി നൽകിയത്. കാണിച്ചത് തെമ്മാടിത്തരമാണെന്നും ധിക്കാരമാണെന്നും ഇപി പ്രതികരിച്ചിരുന്നു.

കട്ടൻചായയും പരിപ്പുവടയും എന്ന പേരിൽ കഴിഞ്ഞ ദിവസമാണ് ഡിസി ബുക്സ് ഇ പി ജയരാജന്റെ ആത്മകഥയുടേതെന്ന പേരിൽ കവർചിത്രം പുറത്ത് വിട്ടത്. പാർട്ടിക്കെതിരെയും രണ്ടാം പിണറായി സർക്കാരിനെതിരെയും രൂക്ഷവിമർശനമാണ് പുസ്തകത്തിലുള്ളതെന്നായിരുന്നു പുറത്ത് വന്നിരുന്ന വിവരം.

രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്ന വാദമാണ് ഇ പി ജയരാജൻ പുസ്തകത്തിൽ ഉയർത്തിയിട്ടുള്ളത്. ഇത് കൂടാതെ പി സരിനെതിരെയും ജയരാജൻ ആത്മകഥയിൽ പറയുന്നതായി പുസ്തകത്തിൻ്റേതായി പുറത്ത് വന്ന പിഡിഎഫിൽ കാണാം. സ്ഥാനമാനങ്ങൾ പ്രതീക്ഷിച്ച് വരുന്നവർ വയ്യാവേലിയാണെന്നും പി വി അൻവർ പോലും ഇത്തരം പ്രതീകമായിരുന്നുവെന്നും പുസ്തകത്തിൽ പരാമർശമുണ്ടെന്ന സൂചനയാണ് പുറത്ത് വന്നത്. പുസ്തകത്തിൻ്റേതെന്ന് പറഞ്ഞ് പുറത്ത് വന്ന വിവരങ്ങളെ പൂർണമായും നിഷേധിച്ച ഇപി തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെണെന്നും വ്യക്തമാക്കി.

പുറത്ത് വരുന്നത് വ്യാജ വാർത്തകളാണെന്നും കവർ ചിത്രം പോലും തയ്യാറാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇപിയുടെ ആത്മകഥയായ കട്ടൻ ചായയും പരിപ്പുവടയും പ്രസിദ്ധീകരണത്തിന് എന്നായിരുന്നു ഡിസി ബുക്ക്സിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. എന്നാൽ വിവാദങ്ങൾ കനത്തതോടെ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും പ്രകാശനം മാറ്റിവെച്ചെന്നും ഡി ഡി ബുക്‌സ് പറഞ്ഞു.

Content Highlights: EP Jayarajan sends lawyer notice against DC Books

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us