കൊച്ചി: ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിമാരും ജുഡീഷ്യൽ ഓഫീസർമാരും ഉൾപ്പെട്ട വാട്‌സ്ആപ് ഗ്രൂപ്പിനെതിരെ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ. ലോയേഴ്‌സ് ന്യൂസ് നെറ്റ്‌വർക്ക് എന്ന വാട്‌സ് ആപ്പിനെതിരെയാണ് അസോസിയേഷൻ പ്രസിഡന്റ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകിയത്.
ഹൈക്കോടതിയിലെ ഒരു അഭിഭാഷകനാണ് വിവാദ വാട്‌സ്ആപ് ഗ്രൂപ്പിന്റെ അഡ്മിൻ. പ്രശ്‌നക്കാരായ ആളുകളാണ് വാട്‌സാപ് ഗ്രൂപ്പിന് പിന്നിൽ. വ്യാജ വാർത്തകളാണ് വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിക്കപ്പെടുന്നതെന്നും കത്തിൽ പറയുന്നു. കോട്ടയത്തെ അഭിഭാഷകരുടെ പ്രതിഷേധത്തിന് ഇരയായ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വിവീജ സേതുമോഹൻ ധാർമ്മികത പാലിക്കാതെയാണ് ഗ്രൂപ്പിൽ സന്ദേശങ്ങളയച്ചത്. വിധിന്യായങ്ങൾ ഉൾപ്പടെയുള്ള രേഖകൾ ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യും മുൻപ് വിവാദ വാട്‌സ്ആപ് ഗ്രൂപ്പിലൂടെ പ്രചരിക്കും. കൊളീജിയം ശുപാർശയുടെ പകർപ്പടക്കം വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിക്കപ്പെട്ടിട്ടുണ്ട്. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ പ്രതികൂലമായി ബാധിക്കുന്നതാണ് ലോയേഴ്‌സ് ന്യൂസ് നെറ്റ്‌വർക്കിന്റെ പ്രവർത്തനമെന്നുമാണ് അഭിഭാഷക അസോസിയേഷൻ നൽകിയ കത്തിൽ പറയുന്നത്.
ഇത്തരം വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിമാരും ജുഡീഷ്യൽ ഓഫീസർമാരും വിട്ടുനിൽക്കാൻ നിർദ്ദേശിക്കണമെന്നാണ് അഭിഭാഷക അസോസിയേഷൻ ചീഫ് ജസ്റ്റിസിന് നൽകിയ കത്തിലെ ആവശ്യം.
വാട്‌സ്ആപ്പ് ഗ്രൂപ്പിലുള്ള മൂന്ന് അഭിഭാഷകരുടെ നേതൃത്വത്തിലാണ് അഭിഭാഷക അസോസിയേഷൻ വാർഷിക ആഘോഷ ചടങ്ങിൽ സംഘർഷമുണ്ടാക്കിയത്. ഇവരുടെ അംഗത്വം സസ്‌പെൻഡ് ചെയ്യാൻ അസോസിയേഷൻ തീരുമാനമെടുത്തിട്ടുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വിവാദ വാട്‌സ്ആപ് ഗ്രൂപ്പ് വഴിയാണ് പ്രചരിപ്പിക്കപ്പെട്ടതെന്നുമാണ് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ നൽകിയ കത്തിൽ പറയുന്നത്.
Content Highlights: High Court Lawyers Association against WhatsApp group involving sitting judges