ഇപിയുടെ പക അടങ്ങിയിട്ടില്ല, സിപിഐഎമ്മിനകത്ത് പല നേതാക്കളും ഉള്ളു തുറക്കുന്നു; ആത്മകഥാ വിവാദത്തില്‍ കെ സുധാകരൻ

മണ്ണിനും പുണ്ണിനും കൊള്ളാത്ത, ആണോ പെണ്ണോ എന്ന് തിരിയാത്ത രീതിയില്‍ സരിനെ മാറ്റിയെന്ന് അധിക്ഷേപം

dot image

കണ്ണൂര്‍: സിപിഐഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥ കാലത്തിന്റെ കണക്ക് ചോദിക്കലാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഉമ്മന്‍ചാണ്ടിയെ അപമാനിച്ചതിലുള്ള തിരിച്ചടിയാണിതെന്ന് സുധാകരന്‍ പറഞ്ഞു. ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യം ദിനംപ്രതി കൂടുകയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജയരാജന്‍ പാര്‍ട്ടിക്കകത്ത് നില്‍ക്കുമോയെന്ന ആശങ്ക ഉയര്‍ത്തുന്നതാണ് ആത്മകഥയുടെ വരികളെന്നും അദ്ദേഹം പറഞ്ഞു.

KPCC President K Sudhakaran
കെ സുധാകരന്‍

ഇ പി ജയരാജന്‍ പറയുന്നത് ശുദ്ധ അസംബന്ധമാണ്. കേരളത്തിലെ ഏറ്റവും പ്രമുഖമായ ഡി സി ബുക്‌സ് വളരെ വിശ്വസ്തമായ സ്ഥാപനമാണ്. ആ സ്ഥാപനത്തിന്റെ അകത്ത് നിന്നും അനാവശ്യമായ അപഖ്യാതികളും അപവാദങ്ങളും പ്രചരിപ്പിക്കുന്ന പാരമ്പര്യം അവര്‍ക്കുണ്ടായിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. ഈ ഭരണത്തില്‍ ഇടതുപക്ഷക്കാര്‍ക്ക് പോലും തൃപ്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സരിന്‍ അവസരവാദ സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞ സുധാകരന്‍ വ്യക്തിപരമായി അപമാനിക്കുന്ന പരാമര്‍ശങ്ങളും വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചു. രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രിയെ അതിരൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍മീഡിയയില്‍ എഴുതിയ ഒരാളെ പിടിച്ച് സ്ഥാനാര്‍ത്ഥിയാക്കി. ചിഹ്നം കൊടുത്തുമില്ല. സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു. എന്നിട്ട് മണ്ണിനും പുണ്ണിനും കൊള്ളാത്ത ആണോ പെണ്ണോ എന്ന് തിരിയാത്ത രീതിയില്‍ അദ്ദേഹത്തെ മാറ്റിയെടുത്തത് എന്തിനാണെന്ന് തനിക്കറിയില്ലെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്.

കെ സുധാകരന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും

'ഇ പി ജയരാജന്റെ ആത്മകഥ പുറത്ത് വന്നത് കാലത്തിന്റ കണക്ക് ചോദിക്കലാണെന്ന് സിപിഐഎം നേതാക്കള്‍ മനസിലാക്കണം. ഉമ്മന്‍ ചാണ്ടിയെ അവസരത്തിലും അനവസരത്തിലുമിട്ട് ആക്ഷേപിച്ചത് കേരളത്തിലെ ജനങ്ങള്‍ ഇന്ന് ഓര്‍മിക്കുകയാണ്. മൂന്ന് ഘട്ടങ്ങളില്‍ ഉമ്മന്‍ ചാണ്ടിയെ അപമാനിക്കാന്‍ ശ്രമിച്ചതിന്റെ തിരിച്ചടിയാണ് ഈ ആത്മകഥ.

സിപിഐഎം പഴയതു പോലെയല്ല, പല നേതാക്കളും ഉള്ളുതുറന്ന് പറയാന്‍ ശ്രമിക്കുന്നുണ്ട്. അതൊരു യാഥാര്‍ത്ഥ്യമാണ്. ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യം ഓരോ ദിവസം കഴിയുന്തോറും കൂടിക്കൂടി വരുന്നു. അമര്‍ഷവും പ്രതിഷേധവും അവരുടെ ഉള്ളില്‍ ഉറഞ്ഞുതുള്ളുന്നുവെന്നതിന്റെ തെളിവായിട്ടാണ് ഇത് വിലയിരുത്തുന്നത്.

ജയരാജന്‍ ഈ പാര്‍ട്ടിക്കകത്ത് നില്‍ക്കുമോയെന്ന ആശങ്ക ഉയര്‍ത്തുന്നതാണ് ഓരോ വരികളും. അദ്ദേഹം മുമ്പും പ്രതികരിച്ചിട്ടുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം നഷ്ടപ്പെട്ടപ്പോള്‍ പ്രതികരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞിട്ടുണ്ട്. അവസാനം സോറി പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം രണ്ടും കല്‍പ്പിച്ചുള്ള പുറപ്പാടിലാണെന്ന് തോന്നുകയാണ്.

പ്രസിദ്ധീകരണം തന്റെ സമ്മതത്തോടെയല്ലെന്ന് അദ്ദേഹം പറയുന്നത് ശുദ്ധ അസംബന്ധമാണ്, കളവാണ്. കേരളത്തിലെ ഏറ്റവും പ്രമുഖമായ ഡിസി ബുക്‌സ് വളരെ വിശ്വസ്തമായ സ്ഥാപനമാണ്. ആ സ്ഥാപനത്തിന്റെ അകത്ത് നിന്നും അനാവശ്യമായ അപഖ്യാതികളും അപവാദങ്ങളും പ്രചരിപ്പിക്കുന്ന പാരമ്പര്യം അവര്‍ക്കുണ്ടായിട്ടില്ല. വളരെ മാന്യമായി പത്രപ്രവര്‍ത്തനം നടത്തുന്ന ഒരു സ്ഥാപനമെന്ന നിലക്ക് അവരെ അവിശ്വസിക്കാന്‍ അവരെ അറിയുന്ന കേരളത്തിലെ അവരെ അറിയുന്ന ജനങ്ങള്‍ക്കും സാധിക്കില്ല.

ഇപിയുടെയും സിപിഐഎമ്മിന്റെയും വിശദീകരണം യുക്തിസഹമല്ല, രണ്ടും രണ്ട് വഴിക്കാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന്റെ പക ഇപിക്ക് അടങ്ങിയിട്ടില്ല. അതിന് പരിഹാരമില്ലാത്തിടത്തോളം കാലം അദ്ദേഹം തൃപ്തനുമാകില്ല, നിശബ്ദനുമാകില്ലെന്ന് ഞാന്‍ പൂര്‍ണമായും വിശ്വസിക്കുന്നു. പാലക്കാടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അവസരവാദിയാണെന്ന് സിപിഐഎമ്മിലെ ഒരു നേതാവെങ്കിലും പറഞ്ഞത് വളരെ സന്തോഷമുണ്ട്. ഇ പി ജയരാജനെ ഞാന്‍ അഭിനന്ദിക്കുകയാണ്. കാലുമാറിയ സരിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം പറഞ്ഞത് കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും മനസില്‍ വിതുമ്പുന്ന ഒരു വിഷയമാണെന്ന കാര്യത്തില്‍ രണ്ട് അഭിപ്രായമില്ല.

ഈ ഭരണത്തില്‍ ഇടതുപക്ഷക്കാര്‍ക്ക് പോലും തൃപ്തിയില്ല. അതിന്റെ പ്രതിഫലനം ചേലക്കരയിലുണ്ടാകും. ഈ വാര്‍ത്തകളൊക്കെ ജനങ്ങള്‍ക്ക് കിട്ടും, അവര്‍ ചര്‍ച്ച ചെയ്യും. സരിന്‍ അവസരവാദ സ്ഥാനാര്‍ത്ഥിയാണ്. രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍മീഡിയയില്‍ എഴുതിയ ഒരാളെ പിടിച്ച് സ്ഥാനാര്‍ത്ഥിയാക്കി. ചിഹ്നം കൊടുത്തുമില്ല. സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു. എന്നിട്ട് മണ്ണിനും പുണ്ണിനും കൊള്ളാത്ത ആണോ പെണ്ണോ എന്ന് തിരിയാത്ത രീതിയില്‍ അദ്ദേഹത്തെ മാറ്റിയെടുത്തത് എന്തിനാണെന്ന് എനിക്കറിയില്ല. സിപിഐഎമ്മിന്റെ ആളുകള്‍ക്ക് അവിടെ അമര്‍ഷമുണ്ട്.'

Content Highlights: K Sudhakaran reaction on K Sudhakaran

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us