മലപ്പുറം: സിപിഐഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പ്രതികരണവുമായി പി കെ ബഷീര്‍ എംഎല്‍എ. സിപിഐഎമ്മില്‍ എന്നും വിവാദമാണെന്നും ഇ പി ജയരാജന്‍ ഉള്ള കാര്യം സത്സസന്ധമായി പറയുകയാണ് ചെയ്തതെന്നുമാണ് പി കെ ബഷീര്‍ പ്രതികരിച്ചത്.
'ഇന്നത്തെ ദിവസം പുസ്തക വിവരം പുറത്തു വന്നതില്‍ എല്ലാവര്‍ക്കും പങ്ക് ഉണ്ടാകും. ഇപി-അന്‍വര്‍ കോംബോ ഒന്നും ഉണ്ടാവില്ല. അങ്ങനെ ഒരു മണ്ടത്തരം ഇപി ചെയ്യില്ല', പി കെ ബഷീര്‍ പറഞ്ഞു. ആറ് ലക്ഷത്തിനു മുകളില്‍ പ്രിയങ്ക ഗാന്ധിക്ക് ഭൂരിപക്ഷം ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. മറ്റു പാര്‍ട്ടികളില്‍ ഉള്ളവര്‍ പോലും വോട്ട് ചെയ്യും. പ്രായഭേദമന്യേ പ്രിയങ്കക്ക് എല്ലാവര്‍ക്കും ഇടയില്‍ സ്വീകാര്യതയുണ്ട്. പോളിങ് ശതമാനം കുറയാന്‍ സാധ്യതയില്ല, എല്ലായിടത്തും നല്ല തിരക്കാണെന്നും പി കെ ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് ഇ പി ജയരാജന്റെ ആത്മകഥയിലെ വിവാദ പരാമര്‍ശങ്ങള്‍ വാര്‍ത്തയായത്. 'കട്ടന്‍ചായയും പരിപ്പുവടയും' എന്ന പേരില്‍ കഴിഞ്ഞ ദിവസമാണ് ഡിസി ബുക്സ് ഇ പി ജയരാജന്റെ ആത്മകഥയുടെ കവര്‍ചിത്രം പുറത്ത് വിട്ടത്. പാര്‍ട്ടിക്കെതിരെയും രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമാണ് പുസ്തകത്തിലുള്ളത്.
രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്ന വാദമാണ് ഇ പി ജയരാജന്‍ പുസ്തകത്തില്‍ ഉയര്‍ത്തിയിട്ടുള്ളത്. ഇത് കൂടാതെ പി സരിനെതിരെയും ജയരാജന്‍ ആത്മകഥയില്‍ പറയുന്നതായ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ച് വരുന്നവര്‍ വയ്യാവേലിയാണെന്നും പി വി അന്‍വര്‍ പോലും ഇത്തരം പ്രതീകമായിരുന്നുവെന്നും ഇ പി പറയുന്നു. അന്‍വറിന്റെ പിന്നില്‍ തീവ്രവാദ ശക്തികളാണെന്നും ഇ പി പറയുന്നുണ്ട്.
എന്നാല്‍ പുറത്തുവന്നത് തന്റെ ആത്മകഥയിലെ പരാമര്‍ശങ്ങളല്ലെന്നാണ് ഇ പി ജയരാജന്റെ പ്രതികരണം. തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. പുറത്ത് വരുന്നത് വ്യാജ വാര്‍ത്തകളാണെന്നും കവര്‍ ചിത്രം പോലും തയ്യാറാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. സരിനെക്കുറിച്ചോ പുറത്ത് വന്ന മറ്റ് കാര്യങ്ങളെക്കുറിച്ചോ എഴുതിയിട്ടില്ലെന്നും എഴുതാന്‍ ഉദ്ദേശിച്ചില്ലെന്നും ഇ പി പറയുന്നു.
വിവാദങ്ങള്‍ക്ക് പിന്നാലെ ഇ പി ജയരാജന്റെ ആത്മകഥ 'കട്ടന്‍ചായയും പരിപ്പുവടയും' ഉടന്‍ പ്രസിദ്ധീകരിക്കില്ലെന്ന് ഡിസി ബുക്ക്‌സ് അറിയിച്ചിട്ടുണ്ട്. നിര്‍മ്മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം പ്രസാധനം നീട്ടിവെച്ചതായി ഡി സി ബുക്ക്‌സ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണെന്നും ഡി സി ബുക്‌സ് വിശദീകരിച്ചു.
Content Highlights: PK Basheer's Response On EP Jayarajan's Book Controversy