മലപ്പുറം: ഇ പി ജയരാജന്‍ പിണറായി വിജയന്‍ അല്ലെന്നും ഇ പി തറവാടിത്തമുള്ള വ്യക്തിയാണെന്നും പി വി അന്‍വര്‍ എംഎല്‍എ. ആത്മകഥാ വിവാദത്തിന് പിന്നാലെ ഇ പി ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് പി വി അന്‍വറിന്റെ പ്രതികരണം.
താന്‍ വര്‍ഗീയ വാദിയാണെന്ന് ഇ പി പറയില്ലെന്നും താനുമായി ഇ പിയ്ക്ക് നീണ്ട കാലത്തെ പരിചയമുണ്ടെന്നും പി വി അന്‍വര്‍ പറഞ്ഞു. ഇ പി ജയരാജനൊപ്പമുള്ള ഫോട്ടോ അന്‍വര്‍ നേരത്തേ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഉപതെരഞ്ഞെടുപ്പ് വോട്ടിങ് ദിനത്തില്‍ തന്നെ ഇത്തരം വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഇ പി ജയരാജന്‍ നേരത്തെ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
അതേസമയം വയനാട്ടില്‍ പ്രിയങ്കയ്ക്ക് പ്രതീക്ഷിച്ച ഭൂരിപക്ഷം ഉണ്ടാവില്ലെന്നും പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് കെപിസിസി പ്രസിഡന്റിനോട് താന്‍ പറഞ്ഞിരുന്നതായും പി വി അന്‍വര്‍ പറഞ്ഞു. ചേലക്കരയില്‍ വലിയ അടിയൊഴുക്കുണ്ട്. ഡിഎംകെ വിജയിക്കുമെന്നാണ് ആളുകള്‍ പറയുന്നത്. ചേലക്കര ആരെ ബാധിച്ചാലും കുഴപ്പമില്ല.
ആരു തോല്‍ക്കുന്നു, ആര് ജയിക്കുന്നു എന്നതല്ല ചേലക്കരയില്‍ പ്രധാനം. പൊളിറ്റിക്കല്‍ നെക്‌സസിന്റെ വിഷയമാണ് ചേലക്കരയില്‍ ഉയര്‍ത്തിയത്. ചേലക്കരയില്‍ ആഫ്രിക്കയെ നാണിപ്പിക്കുന്ന കോളനികളുണ്ട്. കെ രാധാകൃഷ്ണന്‍ കൃത്യമായി ഇടപെട്ടില്ല. ചേലക്കരയില്‍ ഡിഎംകെ സ്ഥാനാര്‍ഥി സുധീര്‍ 20000 വോട്ട് നേടും.
പാലക്കാടിനെക്കുറിച്ച് ഒരു ഐഡിയയുമില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെ ജയിപ്പിക്കണം. അന്‍വറിന് വാക്ക് മാറുന്ന ശീലമില്ല. എന്നാല്‍ പാലക്കാട് യുഡിഎഫിന്റെ നിലപാട് മാന്യമല്ല. പിന്‍വലിച്ച തന്റെ സ്ഥാനാര്‍ഥി മിന്‍ഹാജിനോട് സംസാരിക്കാന്‍ പോലും പാലക്കാട്ടെ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ലെന്നും അന്‍വര്‍ പറഞ്ഞു. പൊന്നാനി പീഡന കേസ് തള്ളിയിട്ടില്ലെന്നും മജിസ്ട്രേറ്റിനോട് സ്വന്തമായി തീരുമാനം എടുക്കാനാണ് കോടതി പറഞ്ഞതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: pv anvar supporting ep jayarajan