ഇപിയുടെ പ്രതികരണത്തോടെ വിവാദം അവസാനിക്കണമായിരുന്നു, മാധ്യമങ്ങളുടെ സമീപനം സദുദ്ദേശപരമല്ല: ടി പി രാമകൃഷ്ണൻ

പാലക്കാട്ടെയും ചേലക്കരയിലെയും എൽഡിഎഫ് മുന്നേറ്റം തടയുകയാണ് ഇതിന്റെ ലക്ഷ്യമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു

dot image

പാലക്കാട്: ഇ പി ജയരാജന്റെ പുസ്തക വിവാദം അദ്ദേഹത്തിന്റെ പ്രതികരണത്തോടെ അവസാനിക്കണമായിരുന്നുവെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. വിഷയം വീണ്ടും ചർച്ചയാക്കുന്ന മാധ്യമങ്ങളുടെ സമീപനം സദുദ്ദേശപരമല്ല. പാലക്കാട്ടേയും ചേലക്കരയിലെയും എൽഡിഎഫ് മുന്നേറ്റം തടയുകയാണ് ഇതിൻന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ടി പി രാമകൃഷ്ണൻ

ഇ പി പറയാത്ത കാര്യങ്ങൾ ബുക്കിലുണ്ട് എന്ന് പറയുന്നത് വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ടി പി രാമകൃഷ്ണൻ പറ‍ഞ്ഞു. പ്രകാശനം ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിക്കേണ്ടത് ഇപിയാണ്. ഇപി മനപ്പൂർവ്വം പ്രചാരവേല സൃഷ്ടിക്കില്ല. ഇപി പറയുന്നതാണോ പ്രസാദകർ പറയുന്നതാണോ വിശ്വസിക്കാൻ കഴിയുക എന്നത് പരിശോധനയിൽ മാത്രമാണ് വ്യക്തമാകുക. 'പരിപ്പുവടക്കും കട്ടൻ ചായയ്ക്കും' ആരും എതിരല്ല. പാർട്ടി തീരുമാനം ആലോചിച്ച ശേഷം വ്യക്തമാക്കുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിൻ്റെ ജീവിതംഇ പി ജയരാജൻ

ആത്മകഥാ വിവാദത്തിൽ ഇ പി ജയരാജനെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രം​ഗത്തെത്തിയിരുന്നു. താൻ ആരെയും ഒന്നും ഏല്പിച്ചിട്ടില്ലെന്ന് ജയരാജൻ പറഞ്ഞതാണെന്നും ഇതെല്ലാം മാധ്യമസൃഷ്ടിയാണെന്നുമായിരുന്നു എം വി ഗോവിന്ദന്റെ മറുപടി. പാർട്ടിക്ക് ഈ വിഷയത്തിൽ കൃത്യമായ ധാരണയുണ്ട്. ജയരാജൻ തന്നെ എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞതാണ്. മാധ്യമങ്ങൾ വ്യാജവാർത്തകൾ ഉണ്ടാക്കുകയാണെന്നും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഈ സമയത്ത് 'തോന്നിവാസം' എഴുതി പാർട്ടിയുടെ മേൽ കെട്ടിവെക്കാനുള്ള നീക്കമാണിതെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തിയിരുന്നു.

പറയാനുള്ള കാര്യങ്ങള്‍ തുറന്നുപറയുന്ന വ്യക്തിയാണ് ഇപി ജയരാജനെന്നും ഇപി വളരെ നിഷ്‌കളങ്കനായ വ്യക്തിയാണെന്നുമാണ് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ വിഷയത്തിന് പിന്നാലെ പ്രതികരിച്ചത്. ഇപി എഴുതിയ പുസ്തകം ശരി അല്ല എന്ന് പറയാന്‍ ആളല്ല. ഡിസി ബുക്‌സ് പോലൊരു സ്ഥാപനം അദ്ദേഹം പറയാത്തത് എഴുതാന്‍ സാധ്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഡിസി ബുക്‌സ് പ്രവർത്തന പാരമ്പര്യമുള്ള സ്ഥാപനമാണ്. പാര്‍ട്ടി സമ്മര്‍ദ്ദത്തിലാണ് ഇപി ജയരാജന്‍ ഇതൊക്കെ ഇപ്പോള്‍ നിഷേധിക്കുന്നത്. പുസ്തകം ഇറങ്ങാതിരിക്കും എന്ന് തോന്നുന്നില്ല. കുറച്ചു കാലത്തേക്ക് തടഞ്ഞു വെക്കാന്‍ കഴിയുമായിരിക്കും. എല്ലാ കാലത്തും സിപിഐഎമ്മിന് അകത്തെ കാര്യങ്ങള്‍ ഒതുക്കി വെക്കാന്‍ കഴിയില്ല. ഇപിക്ക് അഭിവാദ്യങ്ങള്‍ നേരുന്നുവെവെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

'കട്ടന്‍ചായയും പരിപ്പുവടയും' എന്ന പേരില്‍ കഴിഞ്ഞ ദിവസം ഡിസി ബുക്‌സ് ഇ പി ജയരാജന്റെ ആത്മകഥയുടെതെന്ന പേരില്‍ പുറത്തുവിട്ട കവര്‍ ചിത്രമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. പാര്‍ട്ടിക്കെതിരെയും രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമാണ് പുസ്തകത്തിലുള്ളത്.

ഇ പി ജയരാജൻ

രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്ന വാദമാണ് ഇ പി ജയരാജന്‍ പുസ്തകത്തില്‍ ഉയര്‍ത്തിയിട്ടുള്ളത്. ഇത് കൂടാതെ പി സരിനെതിരെയും ജയരാജന്‍ ആത്മകഥയില്‍ പറയുന്നതായി പുറത്ത് വന്ന പിഡിഎഫില്‍ കാണാം. സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ച് വരുന്നവര്‍ വയ്യാവേലിയാണെന്നും പി വി അന്‍വര്‍ പോലും ഇത്തരം പ്രതീകമായിരുന്നുവെന്നും ഇ പി പറയുന്നുണ്ട്. എന്നാല്‍ തന്‌റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നായിരുന്നു ഇ പി ജയരാജൻ്റെ പ്രതികരണം. പുറത്ത് വരുന്നത് വ്യാജ വാര്‍ത്തകളാണെന്നും കവര്‍ ചിത്രം പോലും തയ്യാറാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വിവാദ കോളിളക്കത്തിന് പിന്നാലെ 'കട്ടന്‍ചായയും പരിപ്പുവടയും' ഉടന്‍ പ്രസിദ്ധീകരിക്കില്ലെന്ന് വ്യക്തമാക്കി ഡിസി ബുക്ക്‌സ് രംഗത്തെത്തി. നിര്‍മ്മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം പ്രസാധനം നീട്ടിവെച്ചതായി ഡിസി ബുക്ക്‌സ് ഫേസ്ബുക്കിലാണ് കുറിച്ചത്. ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണെന്നും ഡി സി ബുക്‌സ് വിശദീകരിക്കുകയും ചെയ്തു.

Content Highlights: TP Ramakrishnan said that the controversy should have ended with the EP's response

dot image
To advertise here,contact us
dot image