ചേലക്കരയില്‍ കടുത്ത മത്സരം ഉണ്ടായില്ലെന്ന് യു ആര്‍ പ്രദീപ്; പോളിങ് കുറഞ്ഞതില്‍ ആശങ്കയില്ലെന്ന് രമ്യ ഹരിദാസ്

ചേലക്കരയില്‍ ബിജെപി കൃത്യമായ പ്ലാന്‍ നടപ്പിലാക്കി എന്നായിരുന്ന എന്‍ ഡി എ സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണന്‍ പറഞ്ഞത്

dot image

ചേലക്കര: ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ കടുത്ത മത്സരം ഉണ്ടായില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ്. ചേലക്കരയില്‍ പോളിങ് ശതമാനം കുറഞ്ഞതില്‍ ആശങ്കയില്ലെന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസും പറഞ്ഞു. ചേലക്കരയില്‍ ബിജെപി കൃത്യമായ പ്ലാന്‍ നടപ്പിലാക്കി എന്നായിരുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണന്‍ പറഞ്ഞത്. റിപ്പോര്‍ട്ടറിനോടായിരുന്നു മൂന്ന് പേരുടേയും പ്രതികരണം.

ചേലക്കരയില്‍ കടുത്ത മത്സരം എന്നത് ബോധപൂര്‍വ്വം ഉണ്ടാക്കിയ ഹൈപ്പാണെന്നും യു ആര്‍ പ്രദീപ് പറഞ്ഞു. പട്ടികജാതി വിഭാഗങ്ങളുമായി ബന്ധപ്പെട്ട് യു ഡി എഫ് ഉണ്ടാക്കിയ വിവാദം അവര്‍ക്ക് തന്നെ ബൂമറങ്ങാകും. മണ്ഡലത്തില്‍ മികച്ച വിജയം നേടാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. താഴെ തട്ടില്‍ നല്ല പ്രവര്‍ത്തനം നടന്നു. അഞ്ച് വര്‍ഷം എംഎല്‍എ ആയിരുന്നപ്പോള്‍ നടത്തിയ വികസന പ്രവര്‍ത്തനം ഗുണകരമായെന്നും പ്രദീപ് വ്യക്തമാക്കി.

ചേലക്കരയില്‍ മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങ് കുറവാണ് രേഖപ്പെടുത്തിയത്. ഇതേപ്പറ്റി ചോദിച്ചപ്പോളായിരുന്നു പോളിങ് കുറഞ്ഞതില്‍ ആശങ്കയില്ലെന്ന് രമ്യ ഹരിദാസ് പ്രതികരിച്ചത്. ചേലക്കരയില്‍ മാറ്റത്തിനായി ജനം വോട്ട് ചെയ്തുവെന്നും രമ്യ പറഞ്ഞു. യു ഡി എഫ് വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യപ്പെട്ടുവെന്നും രമ്യ പറഞ്ഞു. ജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. യു ഡി എഫ് നടത്തിയത് മികച്ച പ്രവര്‍ത്തനമാണ്. പ്രവര്‍ത്തകര്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചുവെന്നും രമ്യ ഹരിദാസ് പറഞ്ഞു.

ബി ജെ പി നടത്തിയത് ചിട്ടയായ പ്രവര്‍ത്തനമെന്ന് കൂടി എന്‍ ഡി എ സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണന്‍ പറഞ്ഞുവെച്ചു. ജയിക്കുമെന്ന് നൂറ് ശതമാനം വിശ്വാസമുണ്ട്. ഉദ്ദേശിച്ച 90 ശതമാനം വോട്ടും പോള്‍ ചെയ്യിക്കാന്‍ സാധിച്ചു എന്നും കെ ബാലകൃഷ്ണന്‍ പറഞ്ഞു.

Content Highlights- u r pradeep, ramya haridas and k balakrishnan reaction on chelakkara bypoll

dot image
To advertise here,contact us
dot image