ഇപിയുടെ ആത്മകഥാവിവാദം: തയ്യാറാക്കിയ ദേശാഭിമാനി ലേഖകനോട് വിശദീകരണം തേടി സിപിഐഎം

ആത്മകഥ ഡിസി ബുക്സിന് നൽകിയോ എന്ന് സിപിഐഎം പരിശോധിക്കുന്നു

dot image

കണ്ണൂർ: ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ, ആത്മകഥ തയ്യാറാക്കിയ ദേശാഭിമാനി ലേഖകനോട് വിശദീകരണം തേടി സിപിഐഎം. ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫ് രഘുനാഥിനോടാണ് സിപിഐഎം വിശദീകരണം ആവശ്യപ്പെട്ടത്. ആത്മകഥ ഡിസി ബുക്സിന് നൽകിയോ എന്ന് സിപിഐഎം പരിശോധിക്കുകയാണ്.

ആത്മകഥാ വിവാദത്തില്‍ സിപിഐഎം ഇ പി ജയരാജനോട് വിശദീകരണം തേടിയേക്കുമെന്നും സൂചനയുണ്ട്. നാളെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. യോഗത്തില്‍ ഇ പി പങ്കെടുക്കുമോയെന്നത് നിര്‍ണായകമാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് ശേഷം ഇ പി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

കട്ടൻചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ കവർ
കട്ടൻചായയും പരിപ്പുവടയും

അതേസമയം, വിവാദങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കെ പാലക്കാട് സിപിഐഎം സ്ഥാനാർഥി പി സരിന് വേണ്ടി ഇ പി ജയരാജൻ ഇന്ന് പ്രചാരണത്തിനെത്തും. പി സരിൻ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ആർക്കും സിപിഐഎമ്മിനെ തോൽപ്പിക്കാനാകില്ലെന്നും ഇ പി പാലക്കാട്ടേക്ക് പോകുംവഴി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാലക്കാട് വെച്ച് മാധ്യമങ്ങളെ കാണുമെന്നും ഇപി പറഞ്ഞിട്ടുണ്ട്. നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി, വൈകുന്നേരം സരിനായി പാർട്ടി പൊതുയോഗത്തിൽ പങ്കെടുക്കും.

പാലക്കാട് ഇപിയുടെ വിവാദ ആത്മകഥ രാഷ്ട്രീയ ചര്‍ച്ചയാക്കാനാണ് യുഡിഎഫും ബിജെപിയും തയ്യാറെടുക്കുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് ഇടതു ക്യാമ്പ്. തിരഞ്ഞെടുപ്പിനെ വിവാദങ്ങള്‍ ദോഷകരമായി പ്രതിഫലിക്കും എന്ന വിലയിരുത്തലിലാണ് ഇപിയെ സിപിഐഎം പ്രചാരണത്തിനിറക്കുന്നത്.

Content Highlights: Deshabhimani chief asked to explain on EP autobiography controversy

dot image
To advertise here,contact us
dot image