സാമൂഹ്യ സേവന രംഗത്ത് സരിന് ഇടതു മനസ്; കോൺഗ്രസ് നയങ്ങളോട് യോജിക്കാനായില്ല: ഇ പി ജയരാജൻ

'മണ്ഡലം സരിന് അനുകൂലമായി ചിന്തിക്കുന്നു'

dot image

പാലക്കാട്: സാമൂഹ്യ രാഷ്ട്രീയ സേവന രംഗത്ത് ഡോ. സരിന് മനസ് ഇടതുപക്ഷ മനസെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജൻ. പാവപ്പെട്ടവരോടും, തൊഴിലാളികളോടുമെല്ലാം ഇണങ്ങി അവരുടെയെല്ലാം സ്വീകാര്യത നേടിയെടുത്തുകൊണ്ടാണ് യുവത്വത്തിലേക്ക് സരിൻ പ്രവേശിച്ചത്. അപ്പോഴൊക്കെ അദ്ദേഹത്തിൻറെ മനസിൽ രൂപംകൊണ്ടത് ഇടതുപക്ഷ ചിന്തയാണെന്നും ഇ പി ജയരാജൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം സരിന് അനുകൂലമായി ചിന്തിക്കുന്നു. സരിൻ ഉത്തമനായ സ്ഥാനാർത്ഥിയാണ്. ഇടത്തരം കുടുംബത്തിൽ ജനിച്ചു വളർന്ന് പഠിച്ച് മിടുക്കനായി. കോഴിക്കോട് എംസിഎച്ചിൽ നിന്ന് ബിരുദം നേടി. ഉന്നത ജോലിയിൽ വലിയ ശമ്പളം വാങ്ങുമ്പോഴും ജനസേവനം ചെയ്യുന്നുണ്ടായിരുന്നു. ജോലി ചെയ്യുമ്പോഴും സരിൻറെ മനസ് ജനങ്ങളോടൊപ്പമായിരുന്നു. സാധാരണക്കാരുടെ സ്വീകാര്യത നേടിയെടുത്തു. കോൺഗ്രസിൽ പ്രവർത്തിച്ച് കൊണ്ട് ബുദ്ധിപരമായ കഴിവുകൾ ഉപയോഗിച്ചുവെന്നും എന്നാൽ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുമ്പോഴും ജനങ്ങളോടൊപ്പമായിരുന്നുവെന്നും ജയരാജൻ കൂട്ടിച്ചേർത്തു. കോൺഗ്രസ് പാർട്ടിയുടെ നയങ്ങളോട് സരിന് യോജിക്കാനായില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. ഇ പി സംസാരിക്കവേ മഴ പെയ്തതിനാൽ പൊതുയോഗം അവസാനിപ്പേണ്ടി വന്നു.

സരിന്‍ ഉത്തമനായ ചെറുപ്പക്കാരനാണെന്നും പൊതുസമൂഹത്തോട് പ്രതിജ്ഞാബദ്ധയുള്ള ചെറുപ്പക്കാരനാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലും പറഞ്ഞിരുന്നു. ജനസേവനത്തിന് വേണ്ടി വലിയ ശമ്പളമുള്ള ജോലി രാജിവെച്ചയാളാണ് സരിനെന്നും ഇ പി കൂട്ടിച്ചേര്‍ത്തിരുന്നു.

'കട്ടന്‍ചായയും പരിപ്പുവടയും' എന്ന പേരില്‍ ഇ പി ജയരാജന്റേതെന്ന പേരില്‍ പുറത്തവരാനിരുന്ന ആത്മകഥയില്‍ സരിനെതിരെയുള്ള പരാമര്‍ശവുമുണ്ടായിരുന്നു. സരിനെ സ്ഥാനാര്‍ഥിയാക്കിയ തീരുമാനം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കുമെന്ന് ആത്മകഥയുടേതെന്ന പേരില്‍ പുറത്ത് വന്ന പിഡിഎഫില്‍ പറയുന്നുണ്ട്.

എന്നാല്‍ ഈ വാര്‍ത്ത കഴിഞ്ഞ ദിവസം തന്നെ നിരസിച്ച ഇ പി സരിനെ പിന്തുണച്ച് കൊണ്ട് വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു. സരിന്‍ വിശ്വസിച്ച രാഷ്ട്രീയത്തില്‍ സത്യസന്ധതയും നീതിയും ലഭിക്കുന്നില്ലെന്ന് ബോധ്യമായപ്പോള്‍ ഇടതുപക്ഷത്തോടൊപ്പം ചേരുകയായിരുന്നുവെന്ന് ഇ പി പറഞ്ഞു. അദ്ദേഹത്തിന്റെ മനസ് എപ്പോഴും ഇടതുപക്ഷ മനസാണ്. ഏറ്റവും യോഗ്യനായ ആളാണ് പാലക്കാട് മത്സരിക്കുന്നതെന്നും സരിനെ പുകഴ്ത്തി ഇ പി ജയരാജന്‍ പറഞ്ഞിരുന്നു.

Content Highlights: EP Jayarajan about P Sarin

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us