കൊച്ചി: മുനമ്പം വിഷയത്തില്‍ വിശദീകരണവുമായി വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ നിയമിച്ച നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമാണ് വഖഫ് ബോര്‍ഡിനോട് ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദേശം വന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് ഹൈക്കോടതിയുടെ കോടതി അലക്ഷ്യ ഉത്തരവ് വന്നെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.
2014 മുതല്‍ 2019 വരെ റഷീദലി ഷിഹാബ് തങ്ങളായിരുന്നു വഖഫ് ബോര്‍ഡ് ചെയര്‍മാന്‍. 'കോടതി അലക്ഷ്യമാവും എന്നതുകൊണ്ടാണ് ഉത്തരവ് പരിഗണിക്കേണ്ടി വന്നത്. എന്നാല്‍ മുനമ്പത്തെ കുടുംബങ്ങള്‍ക്ക് എന്റെ കാലത്ത് ഒരു നോട്ടീസ് പോലും അയച്ചില്ല. സിപിഐഎം നേതാവ് ടി കെ ഹംസ ചെയര്‍മാന്‍ ആയപ്പോഴാണ് മുനമ്പത്തെ കുടുംബങ്ങള്‍ക്ക് നോട്ടീസ് അയച്ചത്. വി എസ് സര്‍ക്കാരിന്റെ അതേ നിലപാടായിരുന്നു മുനമ്പം വിഷയത്തില്‍ പിണറായി സര്‍ക്കാരിനും', അദ്ദേഹം പറഞ്ഞു.
പാവപ്പെട്ട കുടുംബങ്ങളാണ് അവിടെ താമസിക്കുന്നതെന്ന മാനുഷിക പരിഗണന വെച്ച് അവരെ ഇറക്കിവിടുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരിനാണ് ഇപ്പോഴും വിഷയം പരിഹരിക്കാന്‍ കഴിയുകയെന്നും റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
അതേസമയം മുനമ്പം ഭൂമി പ്രശ്‌നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമരസമിതി അംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന കൂടിക്കാഴ്ചയില്‍ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ വിശദമായ ചര്‍ച്ച നടത്തുമെന്നും ശാശ്വത പരിഹാരമുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. മുനമ്പത്തെ ഭൂമിയില്‍ നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ല എന്ന് മന്ത്രി പി രാജീവും ഉറപ്പ് നല്‍കി.
Content Highlights: Ex Waqf board chairman Panakkad Rasheedali Shihab Thangal on Munambam issue