പാലക്കാട്: സിപിഐഎം നേതാവ് ഇ പി ജയരാജനുമായി ബന്ധപ്പെട്ട ആത്മകഥാ വിവാദത്തില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇ പി ജയരാജനെ പാര്‍ട്ടി നേതാക്കള്‍ പിന്നില്‍ നിന്ന് കുത്തിയെന്ന് കെ സുധാകരന്‍ പറഞ്ഞു. ഇ പിയുടെ പരാതിയില്‍ സത്യസന്ധമായ അന്വേഷണം നടക്കണം. കൃത്യമായ അന്വേഷണം നടന്നാല്‍ കേരളം കണ്ട ഏറ്റവും വലിയ ഗൂഢാലോചനയുടെ ചുരുള്‍ നിവരുമെന്നും കെ സുധാകരന്‍ പറഞ്ഞു.
സമുന്നതനായ നേതാവിനെ കുരുതികൊടുക്കാന്‍ പാര്‍ട്ടി വൃത്തികെട്ട കളി കളിച്ചുവെന്നും കെ സുധാകരന്‍ പറഞ്ഞു. പുറത്തുവരാനിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന ഏടുകളാണ്. ആത്മകഥാ ചോര്‍ച്ചയുമായി ഇ പി പറയുന്നത് ഒട്ടും വിശ്വസനീയമല്ലാത്ത കഥകളാണ്. കോണ്‍ഗ്രസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് മലര്‍ന്നുകിടന്ന് തുപ്പുന്നതിന് തുല്യമാണ്. ഡിസി ബുക്‌സ് വിശ്വാസ്യതയും മാന്യതയും പുലര്‍ത്തുന്ന സ്ഥാപനമാണെന്നും കെ സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനുമായി ഒന്നിലധികം തവണ ചര്‍ച്ച നടത്തി ജയരാജന്‍ അനുരഞ്ജനത്തിന്റെ പാതയിലായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. അദ്ദേഹം പാര്‍ട്ടിയില്‍ ശക്തി വീണ്ടെടുത്താല്‍ അതു ഭീഷണിയായി കരുതുന്നര്‍ തന്നെയാണ് അദ്ദേഹത്തെ ഒറ്റിക്കൊടുത്തത്. ജയരാജനെ ഒതുക്കാന്‍ ഉപ തിരഞ്ഞെടുപ്പ് ദിവസം തന്നെ ഉപയോഗപ്പെടുത്തിയ ഈ നേതാക്കളുടെ പാര്‍ട്ടിക്കൂറാണ് ചോദ്യം ചെയ്യപ്പെടുന്നത്. അനേകായിരം പാര്‍ട്ടി പ്രവര്‍ത്തകര്‍ രാപകല്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ഇത്തരം കൊലച്ചതി ചെയ്യാന്‍ സി പി ഐ എം നേതാക്കള്‍ക്കു മാത്രമേ കഴിയൂവെന്നും സുധാകരന്‍ പറഞ്ഞു.
Content Highlights- k sudhakaran on e p jayarajan biography controversy