'മോദി വന്ന് ഫോട്ടോഷൂട്ട് നടത്തിപ്പോയതാണ്; കേരളം കേന്ദ്രത്തിന്റെ ഭൂപടത്തിലില്ല'; ആഞ്ഞടിച്ച് കുഞ്ഞാലിക്കുട്ടി

കേന്ദ്ര സഹായം നേടി എടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും കുഞ്ഞാലിക്കുട്ടി

dot image

മലപ്പുറം: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന കേന്ദ്രനിലപാടിനെതിരെ ആഞ്ഞടിച്ച് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കേന്ദ്രത്തിന്റേത് പക്ഷപാത നിലപാടാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രധാനമന്ത്രി വന്ന് ഫോട്ടോഷൂട്ടൊക്കെ നടത്തിപ്പോയതാണ്. കേരളം കേന്ദ്രത്തിന്റെ ഭൂപടത്തില്‍ ഇല്ല. കേരളത്തിന്റെ ഭൂപടത്തില്‍ അവരും ഉണ്ടാകാന്‍ പാടില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇതിന് ഒറ്റക്കെട്ടായി മറുപടി പറയണമെന്നും പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെതിരെയും കുഞ്ഞാലിക്കുട്ടി വിമര്‍ശനം ഉന്നയിച്ചു. കേന്ദ്ര സഹായം നേടി എടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരള സര്‍ക്കാര്‍ കത്ത് എഴുതി കാത്തിരിക്കുകയാണ് ചെയ്തത്. സഹായം വാങ്ങി എടുക്കാന്‍ കേരളത്തിന് ത്രാണി ഇല്ലാതെപോയി. വയനാട്ടില്‍ ഒരുനാടുതന്നെ ഒഴുകിപ്പോയി. ദുരിതബാധിതരെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്ര, സംസ്ഥാന സഹായം വേണം. സന്നദ്ധ സംഘടനകളുടെ സഹായം മാത്രം പോരെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യുഡിഎഫ് ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം.
പരാജയപ്പെടുന്ന സര്‍ക്കാരുമായി ചേര്‍ന്ന് എങ്ങനെയാണ് പ്രക്ഷോഭം സംഘടിപ്പിക്കുകയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. സര്‍ക്കാര്‍ ആദ്യം കഴിവ് തെളിയിക്കട്ടെ. അതിന് ശേഷം കേന്ദ്രത്തിനെതിരെ ഒരുമിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുന്ന കാര്യം തീരുമാനിക്കും. പാര്‍ലമെന്റ് സമ്മേളനത്തില്‍ വയനാട് വിഷയം ഉയര്‍ത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സിപിഐഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തിലും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഇ പി ഇനി സരിനെ കുറിച്ച് എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാല് വോട്ട് കൂടി അധികം പോകും എന്നല്ലാതെ മറ്റൊന്നുമില്ല. ആളുകള്‍ക്ക് കാര്യങ്ങള്‍ ബോധ്യമായിട്ടുണ്ട്. സരിനെ കുറിച്ച് ഇ പി ആദ്യം പറഞ്ഞത് സത്യമാണെന്ന് അറിയാമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Content Highlights- p k kunjalikutty against central government on their decision on wayanad landslide cannot be declared as national disaster

dot image
To advertise here,contact us
dot image