'ഓർത്തെടുക്കുമ്പോൾ അനേകം നേട്ടങ്ങൾ നമുക്കുണ്ട്'; എണ്ണിപ്പറഞ്ഞ് പി പി ദിവ്യ, രത്‌നകുമാരിക്ക് അഭിനന്ദനം

പൂര്‍ത്തികരിക്കാനുള്ള പദ്ധതികളും ഫേസ്ബുക്ക് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

dot image

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രത്‌നകുമാരിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ നേട്ടങ്ങള്‍ എടുത്തു പറഞ്ഞിരിക്കുന്നത്. പൂര്‍ത്തീകരിക്കാനുള്ള പദ്ധതികളും ഫേസ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിക്കുന്നു.

Former Kannur district panchayath P P Divya
പി പി ദിവ്യ

ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ എല്ലാവരുടെയും കൂട്ടായ്മയും സൗഹാര്‍ദ്ദവുമാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ വിജയമെന്ന് പി പി ദിവ്യ വ്യക്തമാക്കി. സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒന്നാംസ്ഥാനം സ്വരാജ് ട്രോഫി ഉള്‍പ്പെടെ 4 സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ടെന്നും പി പി ദിവ്യ ഓര്‍മിപ്പിച്ചു. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളും പി പി ദിവ്യ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അതേസമയം ചില പദ്ധതികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും പി പി ദിവ്യ പറഞ്ഞു. കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ നമുക്ക് പൂര്‍ത്തിയാക്കാനുള്ളത് അനവധി സ്വപ്നങ്ങളാണെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ഭരണ സമിതി അംഗമെന്ന നിലയില്‍ താനുണ്ടാകുമെന്നും ദിവ്യ വ്യക്തമാക്കി.


കഴിഞ്ഞ 3 വര്‍ഷവും 10 മാസവും കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ആയിരിക്കേ പിന്തുണ നല്‍കി കൂടെ നിന്ന ഭരണ സമിതി അംഗങ്ങള്‍, ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍, മാധ്യമ സുഹൃത്തുക്കള്‍, ഇടതു പക്ഷ ജനാധിപത്യ മുന്നണി നേതാക്കള്‍ തുടങ്ങിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞാണ് പി പി ദിവ്യ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Kannur District Panchayath president Rathnakumari
രത്‌നകുമാരി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ട രത്‌നകുമാരിക് അഭിനന്ദനങ്ങള്‍. നമ്മുടെ ഭരണസമിതി അഞ്ചാംവര്‍ഷത്തിലേക്ക് കടക്കുകയാണ്. ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ ഭരണസമിതി അംഗങ്ങളുടെയും, ജീവനക്കാരുടെയും, നിര്‍വഹണ ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയും സൗഹര്‍ദ്ദവുമാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ വിജയം.

കണ്ണൂരിലെ ജനതയ്ക്കു അഭിമാനിക്കാന്‍ ഈ നാല് വര്‍ഷം കൊണ്ട് നാം നേടിയ നേട്ടങ്ങള്‍ നിരവധിയാണ്. സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒന്നാംസ്ഥാനം, സ്വരാജ് ട്രോഫി ഉള്‍പ്പെടെ 4 സംസ്ഥാന അവാര്‍ഡുകള്‍, 1500 പുസ്തകങ്ങള്‍ ഒരു വേദിയില്‍ പ്രകാശനം ചെയ്തു കൊണ്ട് ലോക റെക്കാര്‍ഡ് സ്വന്തമാക്കി.

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 4 വര്‍ഷം മുന്‍പ് പ്രതി ദിനം 800 പേരായിരുന്നു ചികിത്സ തേടി എത്തിയിരുന്നതെങ്കില്‍ ഇന്നത് 3500 ലേറെയായി ഉയര്‍ന്നിരിക്കുന്നു. കാഴ്ച പരിമിതിയുള്ള സഹോദരങ്ങള്‍ക്ക് പ്രസിദ്ധമായ സാഹിത്യ കൃതികള്‍ ബ്രയ്ലി ലിപിയില്‍ വായിക്കാന്‍ 10 പുസ്തകങ്ങള്‍ തയ്യാറായി കഴിഞ്ഞു. കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയിലും, ഹോമിയോ ആശുപത്രിയിലും ഉണ്ടായ മാറ്റങ്ങള്‍ അഭിമാനകരമാണ്.

സ്മൈല്‍ പദ്ധതിയിലൂടെ കഴിഞ്ഞ മൂന്ന് വര്‍ഷം എസ്എസ്എല്‍സി പരീക്ഷാ ഫലം വന്നപ്പോള്‍ കണ്ണൂരിന്റെ സ്ഥാനം ഒന്നാമതാണ്. ഓര്‍ത്തെടുക്കുമ്പോള്‍ അനേകം നേട്ടങ്ങള്‍ നമുക്കുണ്ട്. പൂര്‍ത്തിയാക്കാന്‍ ചിലതുണ്ട്…

സ്ത്രീ പദവി പഠനം. രാജ്യത്ത് ആദ്യമാണ് ഒരു ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളെയും ചേര്‍ത്തുപിടിച്ചു ജില്ലയുടെ റിപ്പോര്‍ട്ട് തയ്യാറാകുന്നത്. പൂര്‍ത്തിയാക്കണം. സ്മാര്‍ട്ട് ഐ പദ്ധതിയിലേടെ 1500 സിസിടിവി ക്യാമറകള്‍ അതിവേഗം കണ്‍ തുറക്കണം. രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ സെക്കണ്ടറി ജില്ലയാകണം.

വിവര സഞ്ചയ്കയിലൂടെ സമ്പൂര്‍ണ വിവര ശേഖരണം പൂര്‍ത്തിയാക്കണം. ജില്ലാ ആശുപത്രിയില്‍ എംആര്‍ഐ സ്‌കാനിങ് ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങള്‍ ഒരുക്കണം. കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ നമുക്ക് പൂര്‍ത്തിയാക്കാനുള്ളത് അനവധി സ്വപ്നങ്ങളാണ്.

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ഭരണ സമിതി അംഗം എന്ന നിലയില്‍ കൂടെ ഞാനുമുണ്ട്. നമ്മുടെ സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാന്‍. അതിമഹത്തായ ചരിത്ര പാരമ്പര്യമുള്ള മണ്ണാണ് നമ്മുടേത്. ചെറുശ്ശേരിയുടെ തൂലിക സഞ്ചരിച്ച, കേസരിയുടെ ആദ്യ കഥ പിറന്ന, ഇന്ദുലേഖയിലൂടെ ചിന്തയുടെ വെളിച്ചം പകര്‍ന്ന, പഴശ്ശിയുടെ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജമേകിയ, എ കെ ജിയും, അഴീക്കോടനും, നായനാരും, കെ കരുണാകരനുമുള്‍പ്പെടുന്ന നിരവധി ജനനേതാക്കള്‍ക്ക് ജന്മം നല്‍കിയ, കലയുടെ, കൈത്തറിയുടെ, തിറയുടെ ഈ നാടിനെ നമുക്ക് ഇനിയുമേറെ ഉയരത്തിലെത്തിക്കണം.

കഴിഞ്ഞ 3 വര്‍ഷവും 10 മാസവും കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ആയിരിക്കവേ എനിക്ക് പിന്തുണ നല്‍കി കൂടെ നിന്ന ഭരണ സമിതി അംഗങ്ങള്‍, ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍, മാധ്യമ സുഹൃത്തുക്കള്‍, ഇടതു പക്ഷ ജനാധിപത്യ മുന്നണി നേതാക്കള്‍. എല്ലാവര്‍ക്കും എന്റെ നന്ദി…

പി പി ദിവ്യ (മുന്‍ പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് )

Content Highlights: P P Divya facebook post on new Kannur District Panchayath president Rathnakumari

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us