കൊച്ചി: കായികതാരങ്ങൾക്ക് അവഗണന. സ്കൂൾ ബാഡ്മിന്റൺ താരങ്ങൾക്ക് മത്സരത്തിനായി ഭോപ്പാലിലേക്ക് പോകുന്നതിനായി ട്രെയിൻ ടിക്കറ്റ് ഇല്ല. കായികതാരങ്ങൾ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ കുടുങ്ങി കിടക്കുകയാണ്. മാനേജർ അടക്കം 24 പേരാണ് കുടുങ്ങി കിടക്കുന്നത്. നവംബർ 17ന് നടക്കുന്ന ദേശീയ സ്കൂൾ ബാഡ്മിന്റണിൽ പങ്കെടുക്കാൻ വേണ്ടി പുറപ്പെടാനെത്തിയതായിരുന്നു വിദ്യാർത്ഥികൾ.
ഇന്ന് ഉച്ചയ്ക്ക് 1.25നുള്ള എറണാകുളം - നിസാമുദ്ദീൻ മംഗള എക്സ്പ്രസിലാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാൽ രണ്ട് പേരുടെ ടിക്കറ്റ് മാത്രമാണ് കൺഫേം ആയത്. എസി ടിക്കറ്റ് ഉൾപ്പെടെ ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നു. അവസാന നിമിഷം ടിക്കറ്റ് ലഭിക്കാതെ വന്നതോടെ യാത്ര മുടങ്ങിക്കിടക്കുകയാണ്.
'1.25ന് ട്രെയിൻ ഉണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് 11.30 ആയപ്പോഴേക്കും എല്ലാവരും ഇവിടെയെത്തി. ഇവിടെയെത്തിക്കയിഞ്ഞപ്പോൾ മാനേജർ പറഞ്ഞു രണ്ട് ടിക്കറ്റ് മാത്രമേ കൺഫേം ആയിട്ടുള്ളൂവെന്ന്. എസി കമ്പാര്‍ട്ട്മെന്റായിരുന്നു. കേറിയാൽ ടിടി ഇറക്കിവിടും. അതുകൊണ്ട് ആരും പോയില്ല. മാനേജർഉൾപ്പെടെ നമുക്ക് നോക്കാമെന്നു പറഞ്ഞു. കുറേ നേരമായി ഇവിടെത്തന്നെ ഇരിക്കുകയാണ്.
പെട്ടെന്നുവന്ന ടൂർണമെന്റല്ല, ഡേറ്റ് ഇവർക്ക് നേരത്തെ കിട്ടിയിരുന്നു. ക്യാമ്പുണ്ടായിരുന്നപ്പോൾ വെയിറ്റിങ് ലിസ്റ്റിലാണെന്ന് പറഞ്ഞിരുന്നു. പോകുന്ന സമയത്ത് ശരിയാകുമെന്ന് പറഞ്ഞു. അപ്പോൾ ഞങ്ങൾ എല്ലാവരും വന്നു. ഇപ്പോൾ പോകാൻ പറ്റുന്നില്ല, കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ഉള്ളവര്‍ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്, കോഴിക്കോട് നിന്നുള്ളവർ അവിടെ റെയിൽവേ സ്റ്റേഷനിൽ തന്നെ നിൽക്കുകയാണ്. ഈ ട്രെയിനിൽ കേറാൻ നിൽക്കുകയായിരുന്നു. പിന്നെ ഞങ്ങൾ കേറണ്ടായെന്ന് വിളിച്ചുപറയുകയായിരുന്നു. ഓരോ സ്ഥലത്തു നിന്നും ട്രെയിനിൽ കേറാൻ വിദ്യാർത്ഥികൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ട്രെയിനിൽ കയറിയിരിക്കുമ്പോൾ ടിടി സമ്മതിക്കുമെന്ന് പറഞ്ഞു. സമ്മതിക്കില്ലായെന്ന് ഞങ്ങൾക്ക് അറിയാം. മാതാപിതാക്കളും പറഞ്ഞു സമ്മതിക്കില്ലെന്ന്. മത്സരം 17-ാം തീയതിയാണ്. 16-ാം തീയതി അവിടെ റിപ്പോർട്ട് ചെയ്യണം', കായികതാരങ്ങൾ റിപ്പോർട്ടറിനോട് പറഞ്ഞു.
വിഷയത്തിൽ കായിക വകുപ്പോ വിദ്യാഭ്യാസവകുപ്പോ ബന്ധപ്പെട്ടില്ലെന്നാണ് പരാതി. പൊതുവിദ്യാഭ്യാസ വകുപ്പിനെതിരെ പ്രതിഷേധം നടക്കുകയാണ്. പ്രതിഷേധത്തിന് പിന്നാലെ മത്സരത്തിനായി കുട്ടികൾക്ക് യാത്ര ചെയ്യുന്നതിനായി വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ശ്രമിക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Content highlights: School badminton players do not have tickets to travel