പമ്പ: ശബരിമല തീർത്ഥാടനത്തിന്‍റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്. സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും സുഗമമായ ദർശനം നടത്തുന്നതിന് ആവശ്യമായ സഹായം നൽകലാണ് പൊലീസിൻ്റെ പ്രാഥമിക ചുമതലയെന്ന് അദ്ദേഹം പറഞ്ഞു. പമ്പ സന്ദര്‍ശിച്ച ശേഷം ശ്രീരാമസാകേതം ആഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തുകയായിരുന്നു അദ്ദേഹം.
തീര്‍ത്ഥാടനം സുഗമമായി നടത്തുന്നതിന് പൊലീസിന്‍റെ ഭാഗത്ത് നിന്നുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. ശബരിമല തീർഥാടനകാലത്ത് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത് ഡ്യൂട്ടിയായി മാത്രമല്ല, മനുഷ്യസേവനമായിത്തന്നെ കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാണാതാകുന്നവരെ കണ്ടെത്തുന്നതിനും പോക്കറ്റടി, മൊബൈൽ ഫോൺ മോഷണം, ലഹരി പദാർഥങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ തടയുന്നതിനും പ്രത്യേകശ്രദ്ധ ചെലുത്തണം. പ്രധാനപാതകളിലും അനുമതിയില്ലാത്ത സ്ഥലങ്ങളിലും വാഹനം നിർത്തിയിടാൻ അനുവദിക്കരുത്. ജോലിക്ക് നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് മെച്ചപ്പെട്ട താമസ - ഭക്ഷണ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ ഡിജിപി എസ് ശ്രീജിത്ത്, മുതിർന്ന പൊലീസ് ഓഫീസർമാർ, സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ആദ്യഘട്ടത്തിൽ നിയോഗിക്കപ്പെട്ട ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Content Highlights: sheikh darvesh sahib held a discussion with the police officers on Sabarimala duty