തോളെല്ലിനിട്ട കമ്പിയൂരുന്നതിനിടെ വീണ്ടും പൊട്ടല്‍; കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിക്കെതിരെ പരാതി

അനസ്‌തേഷ്യ ചെയ്തിട്ടും താന്‍ വേദന അനുഭവിച്ചു. രണ്ട് ശസ്ത്രക്രിയ നടത്തിയിട്ടും ഫലമുണ്ടായില്ലെന്നും റാണി ഭായി

dot image

കോഴിക്കോട്: കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ഗുരുതര ചികിത്സാ പിഴവ്. തോളെല്ലിനിട്ട കമ്പിയെടുക്കാനെത്തിയ രോഗിയുടെ എല്ല് വീണ്ടും ഒടിഞ്ഞു. തെരുവ് കച്ചവടം നടത്തുന്ന ബേപ്പൂര്‍ സ്വദേശിനി റാണി ഭായിയുടെ എല്ലാണ് വീണ്ടും ഒടിഞ്ഞത്. പൂര്‍വസ്ഥിതിയിലായ എല്ല് കമ്പിയൂരുന്നതിനിടെ വീണ്ടുംപൊട്ടുകയായിരുന്നു. സംഭവത്തില്‍ റാണി ഭായി പൊലീസില്‍ പരാതി നല്‍കി.

ഒന്നര വര്‍ഷം മുന്‍പ് ഒരു അപകടത്തെ തുടര്‍ന്നാണ് തോളെല്ല് പൊട്ടിയതെന്ന് റാണി ഭായി പറയുന്നു. ബെല്‍റ്റിട്ട് നിര്‍ത്താന്‍ കഴിയാത്ത വിധത്തിലായിരുന്നു പൊട്ടല്‍. കമ്പി ഇടണമെന്നും ഒന്നര വര്‍ഷത്തിന് ശേഷം കമ്പി നീക്കം ചെയ്യാം എന്നും പറഞ്ഞിരുന്നു. ഒന്നര വര്‍ഷത്തിന് ശേഷം താന്‍ ഫറോഖ് ഇഎസ്‌ഐ ആശുപത്രിയില്‍ കാണിച്ചപ്പോള്‍ എല്ല് കൂടിച്ചേര്‍ന്നിട്ടുണ്ടെന്നും കമ്പി നീക്കം ചെയ്യാമെന്നും പറഞ്ഞു. തുടര്‍ന്ന് ബീച്ച് ജനറല്‍ ആശുപത്രിയില്‍ പോകുകയായിരുന്നുവെന്നും റാണി ഭായി പറയുന്നു.

ബീച്ച് ആശുപത്രിയില്‍ എക്‌സറേ പരിശോധിച്ചപ്പോള്‍ അവരും എല്ല് കൂടിച്ചേര്‍ന്നത് സ്ഥിരീകരിച്ചു എന്നും റാണി ഭായി പറയുന്നു. തുടര്‍ന്ന് കമ്പി നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തണമെന്ന് പറഞ്ഞു. കഴിഞ്ഞ മാസം 31 ന് ബീച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ഒന്നാം തീയതി ആയിരുന്നു ശസ്ത്രക്രിയ നടത്തിയത്. വീണ്ടും എക്‌സറേ എടുത്ത് പരിശോധിച്ചപ്പോള്‍ ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ എല്ലിന് ചെറിയ പൊട്ടലുണ്ടെന്ന് പറഞ്ഞു. ഏഴാം തീയതി ഡിസ്ചാര്‍ജ് ചെയ്തു. അതിന് ശേഷവും വേദന കലശലായതോടെ വീണ്ടും ബീച്ച് ആശുപത്രിയില്‍ പോയി. കമ്പി ഇട്ടതിന് ശേഷവും എല്ല് കൂടിച്ചേര്‍ന്നില്ല എന്നാണ് ശസ്ത്രക്രിയ നടത്തിയ ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞതെന്നും അത് വിശ്വാസയോഗ്യമല്ലെന്നും റാണി ഭായി പറഞ്ഞു.

അനസ്‌തേഷ്യ ചെയ്തിട്ടും താന്‍ വേദന അനുഭവിച്ചു. രണ്ട് ശസ്ത്രക്രിയ നടത്തിയിട്ടും ഫലമുണ്ടായില്ല. അതുകൊണ്ടാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്. തന്റെ അനുഭവം മറ്റൊരാള്‍ക്കും ഉണ്ടാകരുത്. കോഴിക്കോട് പൊലീസ് സൂപ്രണ്ടിനും വെള്ളയില്‍ പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി. മാറാട് പൊലീസ് സ്റ്റേഷനിലും പരാതി നല്‍കുമെന്നും റാണി ഭായ് വ്യക്തമാക്കി.

അതിനിടെ സ്ത്രീയുടെ പരാതിയില്‍ അന്വേഷണത്തിന് മൂന്നംഗ സംഘത്തെ നിയോഗിക്കുമെന്ന് കോഴിക്കോട് ബീച്ച് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. ശസ്ത്രക്രിയാ വിഭാഗത്തിലെയടക്കം ഡോക്ടര്‍മാരടങ്ങുന്നവരെയാണ് അന്വേഷണത്തിന് നിയോഗിക്കുക. ഇവരുടെ റിപ്പോര്‍ട്ട് അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി.

Content Highlights- woman filed complaint against kozhikode beach hospital

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us