കണ്ണൂര്‍: മുനമ്പം വഖഫ് വിഷയത്തില്‍ പ്രതികരിച്ച് സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ പി ജയരാജന്‍. വഖഫുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവെച്ച് ഇസ്‌ലാം വിരോധം ശക്തിപ്പെടുത്തുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് പി ജയരാജന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം പരിശോധിച്ചാല്‍ എല്ലാ കാലത്തും കൈവശ കൃഷിക്കാര്‍ക്കൊപ്പം നിന്നിട്ടുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു.
കൊട്ടിയൂരിലെ കുടിയേറ്റ കര്‍ഷകര്‍ക്ക് കൊട്ടിയൂര്‍ ദേവസ്വംബോര്‍ഡ് ഒഴിപ്പിക്കല്‍ നോട്ടീസ് കൊടുത്തപ്പോള്‍ കര്‍ഷകര്‍ക്കൊപ്പം പോരാടിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എ കെ ജിയുമാണ്. എ കെ ജിയും ഫാദര്‍ വടക്കനും ചേര്‍ന്ന് നടത്തിയ കുടിയേറ്റ കര്‍ഷക സമര ചരിത്രം പ്രസിദ്ധമാണ്. അവിടെ ഹിന്ദു ഐക്യവേദിക്കാര്‍ കൊട്ടിയൂര്‍ ദേവസ്വം അധികൃതര്‍ക്കൊപ്പമായിരുന്നു. കൈവശമുള്ള ഭൂമിയില്‍ നിന്ന് ആരെയും ഒഴിപ്പിക്കില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ക്ക് ചരിത്രത്തിന്റെ പിന്‍ബലം കൂടിയുണ്ട്. ബിജെപിക്കാരുടെ വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് വിധേയരാവേണ്ട യാതൊരാവശ്യവും ആര്‍ക്കുമില്ലെന്നും പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വയനാട് ജില്ലയിലെ തലപ്പുഴയില്‍ ഹിന്ദു ഐക്യവേദിക്കാര്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ എത്തുന്നതാണ് ഒടുവിലത്തെ വാര്‍ത്ത. വഖഫ് 'ഭീകര നിയമ'ത്തിനെതിരെ പ്രതിഷേധിക്കാനാണത്രെ ഈ വര്‍ഗീയ വാദികള്‍ എത്തുന്നത്. വഖഫ് ഭൂമിയിലെ കൈവശക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ് അവരുടെ വരവ്. എറണാകുളം ജില്ലയിലെ മുനമ്പത്തെ കൈവശക്കാര്‍ക്ക് വഖഫ് ബോര്‍ഡ് നോട്ടീസ് അയച്ചതോടെയാണ് ഈ വിഷയം സജീവമായ ചര്‍ച്ചയായി മാറിയത്. വഖഫ് ഭൂമി കൈയേറ്റക്കാരെന്ന് ആരോപിച്ച് വഖഫ് ബോര്‍ഡ് നോട്ടീസ് അയച്ചവരില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ടവര്‍ മാത്രമല്ല ഇതര സമുദായങ്ങളില്‍ പെട്ടവരും ഉണ്ട്.
വയനാട് ജില്ലയില്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ തലപ്പുഴയില്‍ സിപിഐഎം ജില്ലാ സെക്രട്ടറി സഖാവ് ഗഗാറിനോടൊപ്പം നോട്ടീസ് ലഭിച്ചവരുടെ വീടുകള്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിക്കുകയുണ്ടായി. വി പി സലീം, സി വി ഹംസ ഫൈസി, അറഫ ഹൗസില്‍ ജമാല്‍, ഉക്കാടന്‍ റഹ്‌മത്ത്, പുതിയിടം ആലക്കി രവി എന്നിവരെയാണ് ഞങ്ങള്‍ കണ്ടത്. മുപ്പതിലേറെ വര്‍ഷക്കാലം കൈവശം വെച്ച് താമസിച്ചു വരുന്നവരാണ് ഇവര്‍. അവിടെ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ച് നോട്ടീസ് ലഭിച്ചവരെ നിലവിലുളള വഖഫ് നിയമം ഇല്ലാതാക്കാനുളള സംഘപരിവാര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാനാണ് ശ്രമിച്ചത്. മുനമ്പത്തും അതു തന്നെയാണെല്ലോ ബിജെപി നേതാക്കള്‍ ചെയ്യുന്നത്. യഥാര്‍ത്ഥത്തിലുളള കാര്യങ്ങള്‍ മറച്ചുവെക്കാനും ഈ കൈവശക്കാരുടെ പ്രശ്‌നങ്ങളെ വര്‍ഗീയ വല്‍ക്കരിച്ച് തെരഞ്ഞെടുപ്പുകളില്‍ വോട്ട് തട്ടാനാകുമോ എന്നാണ് ബിജെപി നോക്കുന്നത്. ഇതിന്റെ ഭാഗമായി മുസ്‌ലിം വിരോധവും എല്‍ഡിഎഫ് വിരോധവും ഉത്പാദിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. മലയാളത്തിലെ ആര്‍ എസ് എസ് പ്രസിദ്ധീകരണമായ 'കേസരി'യില്‍ പ്രമുഖ ആര്‍എസ്എസ് നേതാവ് എഴുതിയ ലേഖനത്തിന്റെ തലക്കെട്ടുതന്നെ 'കേരളം മുഴുവന്‍ വഖഫ് ആണോ'എന്നതാണ്. കൈവശക്കാരുടെ ന്യായമായിട്ടുളള ആവശ്യത്തെ എങ്ങനെയാണ് വഴി തിരിച്ചു വിടുന്നത് എന്നത് ഈ തലക്കെട്ടുതന്നെ ഉത്തരം നല്‍കുന്നു.
വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുത്തിയതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. അതില്‍ ചിലത് കൈയേറ്റമാണെങ്കില്‍ പലതും വഖഫ് ബോര്‍ഡിന്റെ തലപ്പത്തുളള മുസ്‌ലിം പ്രമാണിമാരുടെ അറിവോടെയാണ്. വിലപിടിപ്പുളള സ്വത്തുക്കള്‍ പാട്ടത്തിനായി നല്‍കുക, പാട്ട ഭൂമിക്ക് പട്ടയം ലഭിക്കാന്‍ ഒത്തുകളിക്കുക ഇവയെല്ലാം നടന്നിട്ടുണ്ടെന്ന് അനുഭവങ്ങള്‍ വിളിച്ചു പറയുന്നു. ഇന്ത്യയിലെമ്പാടും വഖഫ് ഭൂമി തട്ടിപ്പിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലഭ്യമാണ്. കേരളത്തിലാവട്ടെ വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടതിനെക്കുറിച്ച് മുന്‍ നിയമ സെക്രട്ടറി എം എ നിസാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് നമ്മുടെ മുമ്പിലുണ്ട്. ഇതിന്റെ വിശദാശങ്ങള്‍ ഈയിടെ പ്രസിദ്ധീകരിച്ച കേരളം മുസ്‌ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്‌ലാം എന്ന പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എങ്ങനെയെല്ലാം വഖഫ് സ്വത്തുക്കള്‍ നിയമവിരുദ്ധമായി കൈമാറ്റം ചെയ്തിട്ടുണ്ടെന്ന് വിശദീകരിച്ചിട്ടുണ്ട്. വഖഫ് സ്വത്തുക്കളില്‍ നിന്നുള്ള വരുമാനം അനാഥര്‍ക്കും മറ്റും നല്‍കാനുള്ളതാണ്. എന്നാല്‍ ഈ വരുമാനത്തില്‍ നിന്ന് അമ്പതിനായിരം രൂപ മുസ്‌ലിം ലീഗിന്റെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്ക് സംഭാവനയായി നല്‍കിയ അമ്പരപ്പിക്കുന്ന കാര്യവും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വഖഫ് സ്വത്ത് തട്ടിപ്പില്‍ പലതിലും പ്രതിക്കൂട്ടിലുളളത് മുസ്‌ലിം ലീഗ് നേതാക്കളാണ്. ലീഗിനെ സംബന്ധിച്ച് ഇതൊന്നും ഒരു വിഷയമേയല്ല. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടത്തിയ വഖഫ് സംരക്ഷണ പ്രക്ഷോഭം ചില നിയമന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു എന്നത് കൗതുകം ജനിപ്പിച്ചതാണ്. വഖഫ് സ്വത്തുക്കളുടെ അന്യാധീനപ്പെടല്‍ തടയുന്നതിനും കൈയേറ്റം ഒഴിപ്പിക്കുന്നതിനും നടപടികള്‍ ആരംഭിച്ചതിനെ തുടര്‍ന്ന് ചില ഗൗരവതരമായ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നിരിക്കയാണ്. ദീര്‍ഘകാലം കൈവശക്കാരായിരുന്ന ആളുകളുടെ ന്യായമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും കൈവശക്കാരെ ഒഴിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ 22ന് വിളിച്ചു ചേര്‍ക്കുന്ന യോഗത്തോടെ പരിഹാര നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് ബിജെപി ശ്രമം. ഇന്ത്യന്‍ പാര്‍ലമെന്റിന് മുന്നിലുളള വഖഫ് ഭേദഗതി ബില്‍ മുസ്‌ലിങ്ങളെ അപരവല്‍ക്കരിക്കാനുളള ബിജെപി. ശ്രമത്തിന്റെ ഭാഗമാണെന്ന് പലരും തിരിച്ചറിഞ്ഞിട്ടുണ്ട്. വിവാദ ബില്ലിന് അനുകൂലമായി ദീര്‍ഘകാല കൈവശക്കാരെ അണിനിരത്താനാകുമോ എന്നാണ് അവര്‍ നോക്കുന്നത്. ഇസ്‌ലാം മത വിശ്വാസ പ്രകാരം വഖഫ് ചെയ്യാനുളള അവകാശത്തിന് നേരെ അമിത് ഷായും മറ്റും വെല്ലുവിളി ഉയര്‍ത്തി കഴിഞ്ഞു. ബിജെപി നേതാക്കളുടെ ഉദ്ദേശ്യം ഇസ്‌ലാം മത വിരോധം ശക്തിപ്പെടുത്തലാണെന്ന് വ്യക്തം. കൈവശ കൃഷിക്കാരുടെ കാര്യത്തില്‍ സിപിഐഎമ്മിന്റെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും നിലപാടുകള്‍ സുവ്യക്തമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം പരിശോധിച്ചാല്‍ എല്ലാ കാലത്തും കൈവശ കൃഷിക്കാര്‍ക്കൊപ്പം നിന്നിട്ടുണ്ട്. ഉദാഹരണത്തിന് കൊട്ടിയൂരിലെ കുടിയേറ്റ കര്‍ഷകര്‍ക്ക് കൊട്ടിയൂര്‍ ദേവസ്വംബോര്‍ഡ് ഒഴിപ്പിക്കല്‍ നോട്ടീസ് കൊടുത്തപ്പോള്‍ കര്‍ഷകര്‍ക്കൊപ്പം പോരാടിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മഹാനായ എ കെ ജിയുമാണ്. സഖാവ് എ കെ ജിയും, ഫാദര്‍ വടക്കനും ചേര്‍ന്ന് നടത്തിയ കുടിയേറ്റ കര്‍ഷക സമര ചരിത്രം പ്രസിദ്ധമാണ്. അവിടെ ഹിന്ദു ഐക്യവേദിക്കാര്‍ കൊട്ടിയൂര്‍ ദേവസ്വം അധികൃതര്‍ക്കൊപ്പമായിരുന്നു. അതിനാല്‍ തന്നെ പല കാരണങ്ങളാല്‍ കൈവശപ്പെടുത്തിയ ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കില്ല എന്ന മുഖ്യമന്ത്രി പിണറായിയുടെ വാക്കുകള്‍ക്ക് ചരിത്രത്തിന്റെ പിന്‍ബലം കൂടിയുണ്ട്. ബിജെപിക്കാരുടെ വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് വിധേയരാവേണ്ട യാതൊരാവശ്യവും ആര്‍ക്കുമില്ല.
വഖഫ് ഭൂമി അന്യാധീനപെട്ടതിന് മറുപടി പറയാന്‍ പ്രധാനപ്പെട്ട ഉത്തരവാദിത്വം മുസ്‌ലിം ലീഗിനാണ്. നിരപരാധികളായ കൈവശക്കാരെ സംരക്ഷിക്കണമെന്ന നിലപാട് ഇസ്‌ലാമിക പണ്ഡിതന്മാരുടെയും ഭാഗത്തുനിന്നുമുണ്ടായത് അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്. മുണ്ടക്കൈയിലും, ചൂരല്‍ മലയിലും ദുരന്ത സംഭവം നടന്ന നാടിനെ ഒരു ചില്ലി കാശു പോലും നല്‍കി സഹായിക്കാത്ത മോദി യുടെ അനുയായികളാണ് ഇവിടെ കേരളത്തില്‍ വര്‍ഗീയ വിഭജനം നടത്താന്‍ ശ്രമിക്കുന്നത്. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് കേന്ദ്ര സര്‍ക്കാര്‍ അവഗണന തുറന്നു കാട്ടുന്നു.
Content Highlights- cpim leader p jayarajan on munambam waqf issue