പേരും മേല്‍വിലാസവും ഒരുപോലെ, മാറ്റം വോട്ടര്‍ ഐഡിയില്‍ മാത്രം; പാലക്കാട് വ്യാജ വോട്ടിന് പുറമെ ഇരട്ടവോട്ടും

ബൂത്ത് 113-ല്‍ മാത്രം 5 പേര്‍ക്ക് ഇരട്ട വോട്ട് കണ്ടെത്തിയിട്ടുണ്ട്

dot image

പാലക്കാട്: വ്യാജ വോട്ടിന് പുറമേ പാലക്കാട് ഇരട്ട വോട്ടും. ഒരു ബൂത്തില്‍ തന്നെ നിരവധി പേര്‍ക്ക് രണ്ട് വോട്ടുകളുള്ളതായി റിപ്പോര്‍ട്ടര്‍ കണ്ടെത്തി. പേരും ഫോട്ടോയും മേല്‍വിലാസവും ഒരുപോലെയാണ് നല്‍കിയിരിക്കുന്നത്. വ്യത്യാസം ഐ ഡി കാര്‍ഡ് നമ്പറില്‍ മാത്രമാണുള്ളത്. റിപ്പോര്‍ട്ടർ നടത്തിയ അന്വേഷണത്തില്‍ ബൂത്ത് 113-ല്‍ മാത്രം 5 പേര്‍ക്ക് ഇരട്ട വോട്ട് കണ്ടെത്തിയിട്ടുണ്ട്.

പാലക്കാട് മണ്ഡലത്തില്‍ 180 ബൂത്തുകളാണുള്ളത്. ബൂത്ത് 113-ല്‍ വഫ, ഹഫ്‌സ, നജ്മുന്നീസ, സുധീര്‍, അബ്ദുള്‍ വാഹിദ് എന്നിവര്‍ക്കാണ് ഇരട്ട വോട്ടുള്ളത്. പേരും ഫോട്ടോയും മറ്റ് വിവരങ്ങളും ഒരുപോലെയാണ് നല്‍കിയിരിക്കുന്നത്. ഒരു ബൂത്തില്‍ മാത്രമാണ് അഞ്ച് ഇരട്ട വോട്ടുകള്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടില്‍ കൊടുമ്പ് പഞ്ചായത്തിലെ വോട്ട് കണ്ണാടി പഞ്ചായത്തിലേക്ക് മാറിയതായി കണ്ടെത്തിയിരുന്നു. രേഖകളില്‍ പിഴവ് സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ജില്ലാ കളക്ടറെ വിഷയത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. മറ്റ് അധികൃതരുമായി വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. അതേസമയം എല്ലാ ബൂത്തുകളിലും ഇരട്ട വോട്ടുകള്‍ ഉണ്ടെന്നാണ് വിവിധ പാര്‍ട്ടി നേതാക്കള്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞത്.

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടര്‍മാരെ മതിയായ രേഖകളില്ലാതെയും വ്യാജ വിവരങ്ങള്‍ ഉപയോഗിച്ചും ചേര്‍ത്തിരിക്കുന്നുവെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം റിപ്പോർട്ടർ പുറത്തുവിട്ടിരുന്നു. പല വോട്ടര്‍മാരെയും പുതുതായി ചേര്‍ത്തത് കൃത്യമായ മേല്‍വിലാസത്തിലല്ലെന്നും റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള ശ്രമം നടക്കുന്നുണ്ടോയെന്ന റിപ്പോട്ടർ ചാനലിലെ മാധ്യമപ്രവർത്തകരായ സാനിയോ മനോമി, ആർ റോഷിപാൽ, അഷ്ക്കർ അലി കരിമ്പ, അൽ അമീൻ, ദീപക് മലയമ്മ, ഇഖ്ബാൽ അറക്കൽ എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. മലമ്പുഴ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പാലക്കാടും വോട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് വീട്ടുനമ്പറും വീട്ടുപേരുമില്ല. മേല്‍വിലാസവും വ്യാജമാണ്. ഇലക്ഷന്‍ ഐഡികളും വ്യത്യസ്തമാണ്. അവസാന ദിവസങ്ങളിലാണ് വ്യാജ വോട്ടുകള്‍ ചേര്‍ത്തതെന്നാണ് കണ്ടെത്തിയത്.

റിപ്പോര്‍ട്ടര്‍ പുറത്തുകൊണ്ടുവന്ന പാലക്കാട്ടെ വ്യാജ വോട്ട്വിഷയത്തില്‍  ജില്ലാ കളക്ടർ ഇടപെട്ടിരുന്നു. സംഭവത്തില്‍ ബിഎല്‍ഒയോട് വിശദീകരണം തേടി. 176-ാം ബൂത്ത് ലെവല്‍ ഓഫീസര്‍ ഷീബയോടാണ് വിശദീകരണം തേടിയത്. നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. വ്യാജമായി വോട്ടുകൾ ചേർത്തെന്ന് കണ്ടെത്തിയ മേഖലയിൽ അന്വേഷണം നടത്താൻ റവന്യൂ തഹസിൽദാർക്കും , റിട്ടേണിംഗ് ഓഫീസർമാർക്കും ഇലക്ഷൻ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ നിർദേശ പ്രകാരമാണ് നടപടി. ഉടൻ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഡെപ്യൂട്ടി കളക്ടറുടെ നിർദേശമുണ്ട്.

Content Highlight: Dual votes found in Palakkad amid row over fake voters list

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us