പാലക്കാട്: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നടപടിക്കെതിരെ മന്ത്രി എം ബി രാജേഷ്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ പിന്നില്‍ നിന്ന് കുത്തിയെന്ന് രാജേഷ് പ്രതികരിച്ചു. കേരളം ഇത് മറക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തിരിച്ചടി കൊടുക്കാനുള്ള അവസരം പാലക്കാട്ടെ വോട്ടര്‍മാര്‍ ഉപയോഗിക്കണമെന്നും എം ബി രാജേഷ് പറഞ്ഞു.
പ്രളയകാലത്തുണ്ടായ കേരളത്തോടുളള മനോഭാവം കേന്ദ്രം ആവര്‍ത്തിക്കുകയാണ്. രാഷ്ട്രീയവും നിയമപരവുമായ എല്ലാ നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതി പോലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെ ചോദ്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്ത് വിട്ട പാലക്കാട്ടെ വ്യാജ വോട്ടിലും എം ബി രാജേഷ് പ്രതികരിച്ചു.
'വ്യാജവോട്ടില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപടെല്‍ പ്രത്യാശ നല്‍കുന്നതാണ്. വ്യാജ ഐഡി കാര്‍ഡുണ്ടാക്കിയ ക്രിമിനല്‍ സംഘം പാലക്കാട് തമ്പടിച്ചു. വ്യാജ വോട്ട് മാത്രമല്ല വ്യാജ ഐഡി കാര്‍ഡുമുണ്ട്. ഒത്തുകളിച്ച ബിഎല്‍ഒമാര്‍ നടപടി നേരിടേണ്ടി വരും. വ്യാജവോട്ട് ചേര്‍ത്തവര്‍ വോട്ട് ചെയ്യരുത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് ഉറപ്പു വരുത്തണം', അദ്ദേഹം പറഞ്ഞു. കേരള ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണെന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.
പാലക്കാട് മണ്ഡലത്തില്‍ വ്യാപകമായി വോട്ടര്‍പട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയ സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറും പ്രതികരിച്ചു. ക്രമക്കേടിന് പിന്നില്‍ എല്‍ഡിഎഫും യുഡിഎഫുമാണെന്നും അദ്ദേഹം ആരോപിച്ചു. പാലക്കാട്ടെ വ്യാജ വോട്ട് സംബന്ധിച്ച് ഒക്ടോബറില്‍ പരാതി കൊടുത്തിരുന്നുവെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും പ്രതികരിച്ചു. വോട്ട് ചേര്‍ക്കലില്‍ ഇടതുമുന്നണിയും ബിജെപിയും തമ്മില്‍ പരസ്പര സഹായമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Content Highlights: M B Rajesh against Central government