കോഴിക്കോട്: മുനമ്പത്തെ തർക്കഭൂമി വഖഫ് ഭൂമി തന്നെയെന്ന് സമസ്ത. മുഖപത്രമായ സുപ്രഭാതത്തിലെ 'വഖഫ് ഭൂമി അഡ്ജസ്റ്റ്മെന്റുകൾക്ക് ഉള്ളതല്ല' എന്ന ലേഖനത്തിലൂടെയാണ് ഭൂമിയിന്മേലുള്ള നിലപാട് സമസ്ത കടുപ്പിച്ചത്.
ചില രാഷ്ട്രീയ നേതാക്കൾ എന്തടിസ്ഥാനത്തിലാണ് ഇത് വഖഫ് ഭൂമി അല്ലെന്ന് പ്രഖ്യാപിക്കുന്നത് എന്ന് ലേഖനം ചോദിച്ചുവെക്കുന്നുണ്ട്. മുസ്ലിം സംഘടനകളുടെ യോഗത്തിലുണ്ടായ തീരുമാനം ആശങ്കയുണ്ടാക്കുന്നതാണെന്നും റിസോർട്ട് ഉടമകളും മാഫിയകളുമാണ് വഖഫ് സ്വത്ത് പിടിച്ചെടുക്കാൻ ശ്രമിക്കുന്നതെന്നും എസ് വൈ എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറ എഴുതിയ ലേഖനത്തിൽ പറയുന്നു.
ഇങ്ങനെയെല്ലാമിരിക്കെ മുനമ്പത്തെ കുടികിടപ്പുകാർ നിരപരാധികളാണെന്നും അവർക്ക് നീതി ലഭിക്കുക തന്നെ വേണമെന്നും ലേഖകൻ പറഞ്ഞുവെക്കുന്നുണ്ട്. സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിന് പിന്നാലെയാണ് മുനമ്പത്ത് അവകാശവാദവുമായി സുപ്രഭാതത്തിലെ ലേഖനം എത്തുന്നത്.
അതേസമയം, മുനമ്പം വിഷയത്തിൽ പാണക്കാട് തങ്ങൾ ബിഷപ്പുമാരുമായി സംസാരിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. മുനമ്പം പ്രശ്നപരിഹാരം വൈകിയാൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രശ്നപരിഹാരത്തിനു മുൻകൈയെടുക്കും. ബിഷപ്പുമാരുമായി സാദിക്കലി ശിഹാബ് തങ്ങൾ സംസാരിക്കും. പരിഹാരം അകാരണമായി നീട്ടിക്കൊണ്ടുപോകുന്നത് സംസ്ഥാന സർക്കാരാണന്നും പി കെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
Content Highlights: Samastha assures Munambam land is waqf property