പാലക്കാട്: മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ കേന്ദ്രസർക്കാരിന്റെ നിഷേധാത്മക നിലപാടിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കേരളം എന്നൊരു സംസ്ഥാനം രാജ്യത്തിന്റെ ഭൂപടത്തിൽ ഇല്ലെന്ന സമീപനമാണ് കേന്ദ്ര സർക്കാരിനുള്ളതെന്നും കേന്ദ്രസർക്കാരിന്റെ തനിനിറം തുറന്നു കാണിക്കപ്പെട്ടുവെന്നും സതീശൻ വിമർശിച്ചു.
വയനാട് ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാണ് ഈ വിവരം പുറത്തുവന്നത് എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണെന്നും സതീശൻ പറഞ്ഞു. വയനാടിന് വേണ്ടത് ആരുടെയും പോക്കറ്റിൽ നിന്ന് എടുത്തുനൽകുന്ന പണമല്ല. SDRF അല്ല, പ്രത്യേക സഹായം തന്നെയാണ് വേണ്ടത്. അർഹതയുള്ള തുക മനഃപൂർവം നിഷേധിക്കുന്നുവെന്നും ഈ നടപടി ഞെട്ടൽ ഉളവാക്കുന്നതെന്നും വി ഡി സതീശൻ പ്രതികരിച്ചു.
കേരളത്തിന്റെ മനോഭാവമാണ് പ്രശ്നം എന്ന കെ സുരേന്ദ്രന്റെ പരാമർശത്തിന് ബിജെപി സംസ്ഥാന അധ്യക്ഷനോട് ആരും പണം ചോദിച്ചിട്ടില്ല എന്നായിരുന്നു സതീശന്റെ മറുപടി.എപ്പോൾ വേണമെങ്കിലും ബിജെപിയുമായി കോംപ്രമൈസ് ചെയ്യുമെന്നതിനാൽ കേന്ദ്രത്തിനെതിരായ സമരത്തിൽ സിപിഎമ്മിനെയോ സർക്കാരിനെയോ കൂട്ടുപിടിക്കില്ലെന്നും യുഡിഎഫ് ഒറ്റയ്ക്ക് സമരം ചെയ്യുമെന്നും സതീശൻ പറഞ്ഞു.
ഉരുൾപൊട്ടൽ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ചുകൊണ്ടാണ് സുരേന്ദ്രൻ രംഗത്തെത്തിയത്. കേരളം വേണ്ട രീതിയിൽ മെമ്മോറാണ്ടം നൽകാത്തതുകൊണ്ടാണ് കേന്ദ്രസർക്കാരിന് തീരുമാനമെടുക്കാൻ സാധിക്കാതെ വന്നതെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. മാനദണ്ഡങ്ങൾ അനുസരിച്ച് മെമ്മോറാണ്ടം നൽകിയാൽ ഇനിയും പണം നൽകുമെന്നും കേരളത്തിൻ്റെ പരാജയം കേന്ദ്രത്തിൻ്റെ തലയിൽ അടിച്ചേൽപ്പിക്കേണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. പണത്തിൻ്റെ അഭാവമല്ല പ്രശ്നമെന്നും കേരളത്തിൻ്റെ പക്കലുള്ള പണം ചെലവഴിക്കുന്നില്ല എന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
സംസ്ഥാന സർക്കാർ വയനാടിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും സുരേന്ദ്രൻ വിമർശിച്ചു. വയനാട് പുനരധിവാസത്തിന് സർക്കാരിന് ഒരു പ്ലാനും ഇല്ല. മന്ത്രി കെ രാജൻ ആദ്യം പാവപ്പെട്ടവർക്ക് വാടക കൊടുക്കട്ടെയെന്നും സംസ്ഥാന സർക്കാർ വയനാട്ടിൽ എത്ര പണം കൊണ്ടുവന്നെന്ന് മുഖ്യമന്ത്രിയും രാജനും മറുപടി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Content Highlights: VD Satheeshan against K Surendran at Wayanad issue