ഉൾക്കൊള്ളലിന്റെ രാഷ്ട്രീയത്തിന്റെ കൈ പിടിക്കാൻ ആര്‌ തയ്യാറായാലും സ്വാഗതം ചെയ്യും; വി ടി ബൽറാം

രാഷ്ട്രീയ പ്രവർത്തനത്തിൽ കൃത്യമായ തിരുത്ത്‌ വരുത്താൻ തയ്യാറായ സന്ദീപ്‌ വാര്യർക്ക്‌ അഭിവാദനങ്ങളും വി ടി ബൽറാം അറിയിച്ചിട്ടുണ്ട്.

dot image

പാലക്കാട്: ബിജെപി വിട്ട് കോൺ​ഗ്രസിലേക്ക് എത്തിയ സന്ദീപ് വാര്യരെ സ്വാ​ഗതം ചെയ്ത് കെ പി സി സി വൈസ് പ്രസിഡൻ്റ് വി ടി ബൽറാം. വെറുപ്പും വിദ്വേഷവും ഉത്പാദിപ്പിക്കുന്ന ഒരു ഫാക്ടറിയായ സംഘ്‌ പരിവാറിൽ നിന്ന് ‌സഹിഷ്ണുതയുടേയും ഉൾക്കൊള്ളലിന്റേയും രാഷ്ട്രീയത്തിന്റെ കൈ പിടിക്കാൻ ആര്‌ തയ്യാറായാലും അവർ സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്നാണ് വി ടി ബൽറാം ഫേസ് ബുക്കിൽ കുറിച്ചത്. രാഷ്ട്രീയ പ്രവർത്തനത്തിൽ കൃത്യമായ തിരുത്ത്‌ വരുത്താൻ തയ്യാറായ സന്ദീപ്‌ വാര്യർക്ക്‌ അഭിവാദനങ്ങളും വി ടി ബൽറാം അറിയിച്ചിട്ടുണ്ട്.

വി ടി ബൽറാമിൻ്റെ പോസ്റ്റിൻ്റെ പൂർണരൂപം

എല്ലാ ദിവസവും രാവിലെയായാൽ വെറുപ്പും വിദ്വേഷവും ഉത്പാദിപ്പിക്കുന്ന ഒരു ഫാക്ടറിയായാണ്‌ സംഘ്‌ പരിവാറിന്റേയും ബിജെപിയുടേയും പ്രവർത്തനം എന്ന് തിരിച്ചറിഞ്ഞ്‌ സഹിഷ്ണുതയുടേയും ഉൾക്കൊള്ളലിന്റേയും രാഷ്ട്രീയത്തിന്റെ കൈ പിടിക്കാൻ ആര്‌ തയ്യാറായാലും അത്‌ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്‌. നാളിത്‌ വരെയുള്ള തന്റെ രാഷ്ട്രീയ പ്രവർത്തന വഴിയിൽ കൃത്യമായ ഒരു തിരുത്ത്‌ വരുത്താൻ തയ്യാറായ സന്ദീപ്‌ വാര്യർക്ക്‌ അഭിവാദനങ്ങൾ.

കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് സ്വീകരണം ലഭിച്ച വേദിയില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു സന്ദീപ് വാര്യര്‍. ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയെന്നും അഭിപ്രായാണ് പറയാന്‍ പോലും ആ പാര്‍ട്ടിയില്‍ സ്വാതന്ത്ര്യമില്ലെന്നും സന്ദീപ് ആഞ്ഞടിച്ചു.

വെറുപ്പ് മാത്രം പുറത്തുവിടുന്ന സംഘടനയില്‍ നിന്ന് സ്‌നേഹം താന്‍ പ്രതീക്ഷിച്ചുവെന്നും എന്നാല്‍ പലഘട്ടത്തിലും സ്‌നേഹവും കരുതലും പിന്തുണയും കിട്ടിയില്ലെന്നും സന്ദീപ് തുറന്നടിച്ചു. ഏകാധിപത്യപരമായ രീതിയാണ് ബിജെപിയില്‍ ഉള്ളത്. അവിടെ അഭിപ്രായം പറയാന്‍ പോലുമുള്ള സ്വാതന്ത്രമില്ല. ഉപാധികളില്ലാതെ സ്‌നേഹിക്കണമെന്ന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ വിലക്ക് നേരിട്ടയാളാണ്. വ്യക്തി ബന്ധങ്ങളില്‍ മതം തിരയാനോ ഇടപെടാനോ ശ്രമിച്ചിട്ടില്ല. പക്ഷേ സംഘടനയ്ക്ക് വേണ്ട് അശ്രാന്തം പണിയെടുത്തിട്ടുണ്ട്. എന്നിട്ടും ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഒരു വര്‍ഷം ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയെന്നും സന്ദീപ് പറഞ്ഞു.

പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ വേണ്ടി സകല സാധ്യതകളും താന്‍ ഉപയോഗിച്ചു. എല്ലാം പ്രസ്ഥാനത്തിന് വേണ്ടിയായിരുന്നിട്ടു കൂടിയും ബിജെപി തന്നെ ഒറ്റപ്പെടുത്തുകയും നിരന്തരം വേട്ടയാടുകയും ചെയ്തു. തന്റെ കോണ്‍ഗ്രസ് പ്രവേശനത്തിന്റെ ഉത്തരവാദി കെ സുരേന്ദ്രനും സംഘവുമെന്ന് പറഞ്ഞ സന്ദീപ് ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെയും ആഞ്ഞടിച്ചു.

ബലിദാനികളെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായി മുതലെടുത്തുവെന്നും അവരുടെ പേര് പറഞ്ഞ് പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും സന്ദീപ് കുറ്റപ്പെടുത്തി. ബലിദാനികളുടെ ഫോട്ടോ വെച്ച് പാര്‍ട്ടി തന്നെ വേട്ടയാടി. ശ്രീനിവാസന്‍ വധക്കേസ് പ്രതികള്‍ക്ക് ജാമ്യം കിട്ടിയത് എങ്ങനെയെന്ന് പരിശോധിക്കണമെന്നും എന്തുകൊണ്ട് മുതിര്‍ന്ന അഭിഭാഷകരാരും കേസില്‍ സുപ്രീംകോടതിയില്‍ ഹാജരായില്ലെന്നും സന്ദീപ് ചോദിച്ചു. മുഴുവന്‍ നേരവും ഇത്തരം വെറുപ്പ് ഉത്പാദിപ്പിക്കുന്ന ഫാക്ടറിയില്‍നിന്ന് പുറത്തുവന്ന സന്തോഷത്തിലാണ് താനെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.

ഒരു ഉപാധികളുമില്ലാതെ, സാധാരണ പ്രവര്‍ത്തകനായാണ് ഞാന്‍ കോണ്‍ഗ്രസില്‍ വരുന്നത്. ഇതുവരെ പറഞ്ഞത് എല്ലാം ബിജെപിയുടെ ആശയങ്ങളാണ്, എന്റെ വ്യക്തിപരമായ ആശയങ്ങളല്ല എന്നും സന്ദീപ് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളിക്കൊപ്പം രാഹുല്‍ ഉഗ്രന്‍ വിജയം നേടുമെന്നും
പിക് ചര്‍ അഭി ബാക്കി ഹേ എന്നും സന്ദീപ് പറഞ്ഞു.

Content Highlight- VT Balram welcomes sandeep varier to congress

dot image
To advertise here,contact us
dot image