തിരുവനന്തപുരത്ത് വീണ്ടും ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം; ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നും പരാതി

തൊഴിലാളികളുടെ മാലിന്യം ശേഖരിക്കുന്ന 12 ഓളം വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. അത് വിട്ടുനല്‍കണമെന്നാണ് ആവശ്യപ്പെട്ടാണ് പ്രതിഷേധം

dot image

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ വീണ്ടും ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം. ആത്മഹത്യ ഭീഷണി മുഴക്കിയ ശുചീകരണ തൊഴിലാളികള്‍ നഗരസഭ കവാടത്തിനു മുകളില്‍ കയറിയാണ് പ്രതിഷേധിക്കുന്നത്. നാല് തൊഴിലാളികളാണ് നഗരസഭയുടെ കവാടത്തിന് മുകളില്‍ കയറി പ്രതിഷേധിക്കുന്നത്. നഗരസഭയുടെ ഗേറ്റിന് ഇരുവശവും മറ്റ് തൊഴിലാളികള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്.

Thiruvananthapuram Corporation
സമരത്തിൽ നിന്നും

ഇന്നുമുതല്‍ സമരം ശക്തമാക്കുമെന്നാണ് ശുചീകരണ തൊഴിലാളികള്‍ പറയുന്നത്. പെട്രോളും കൊടി തോരണങ്ങളുമായാണ് പ്രതിഷേധിക്കുന്നത്. തൊഴിലാളികളുടെ മാലിന്യം ശേഖരിക്കുന്ന 12 ഓളം വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. അത് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. നേരത്തെ ഈ വാഹനങ്ങള്‍ തിരികെ നല്‍കാമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ പോയി ബോണ്ട് വെച്ച് വാഹനങ്ങള്‍ തിരിച്ചെടുക്കാനാണ് മേയർ നിലവില്‍ അറിയിച്ചതെന്ന് തൊഴിലാളികള്‍ പറയുന്നു.

കഴിഞ്ഞ ദിവസം ലേബര്‍ കമ്മീഷന് മുന്നില്‍ തൊഴിലാളികളുടെ ചര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍ ഈ ചര്‍ച്ചയില്‍ വഞ്ചിയൂര്‍ കൗണ്‍സിലറായിരുന്ന ഗായത്രി ബാബു ജാതി അധിക്ഷേപം നടത്തിയെന്നും തൊഴിലാളികള്‍ ആരോപിക്കുന്നുണ്ട്. ഈ ചര്‍ച്ച പരാജയമായതിനെ തുടര്‍ന്നാണ് ഇന്ന് വീണ്ടും തൊഴിലാളികള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്.

കഴിഞ്ഞ മാസം സമാനരീതിയില്‍ തൊഴിലാളികള്‍ സമരം നടത്തിയിരുന്നു. അന്ന് മരത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. സിഐടിയു തിരുവനന്തപുരം ജില്ലാ നേതൃത്വത്തിന്റെ പിന്തുണയിലാണ് സമരം നടക്കുന്നത്. ഫയര്‍ഫോഴ്‌സും ആംബുലന്‍സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

13 വര്‍ഷമായി ഈ തൊഴിലാളികള്‍ തിരുവനന്തപുരത്ത് ശുചീകരണ തൊഴിലാളികളായി പ്രവര്‍ത്തിച്ചു വരുന്നു. എന്നാല്‍ ആമഴിയഞ്ചാന്‍ തോട്ടില്‍ ശുചീകരണ തൊഴിലാളി ജോയി മരിച്ച സംഭവത്തിന് പിന്നാലെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു. നഗരസഭയ്ക്കുള്ളില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നവരായതിനാലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് അധികൃതർ പറയുന്നു.

Content Highlights: Cleaning workers protest in Thiruvananthapuram Corporation

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us