കോണ്‍ഗ്രസിലെത്തിയത് സിപിഐഎം കാത്തുവെച്ച കസ്തൂരിമാമ്പഴം: സന്ദീപ് വാര്യരെ സ്വീകരിച്ച് ജ്യോതികുമാര്‍ ചാമക്കാല

'എന്താടാ എന്ന് ചോദിച്ചാല്‍ നല്ല മറുപടി പറയുന്ന സ്വഭാവം രണ്ടാള്‍ക്കും ഉള്ളത് കൊണ്ട് വൈറലായി'

dot image

തിരുവനന്തപുരം: ബിജെപിയെ വെറുപ്പിന്റെ ഫാക്ടറിയെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസിന്റെ കൈപിടിച്ച് സന്ദീപ് വാര്യര്‍ എത്തിയതോടെ ആവേശത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. ചാനല്‍ ചര്‍ച്ചകളില്‍ കൊമ്പുകോര്‍ക്കാറുള്ള ജ്യോതികുമാര്‍ ചാമക്കാലയും സന്ദീപ് വാര്യറും കൈകോര്‍ത്ത് നില്‍ക്കുന്നതായിരുന്നു കോണ്‍ഗ്രസ് ക്യാമ്പിലെ പ്രധാന കാഴ്ച. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് വന്നപ്പോള്‍ ഒരു എതിരാളി നഷടപ്പെട്ടല്ലോ എന്ന സങ്കടമുണ്ടെന്നാണ് ജ്യോതികുമാര്‍ ചാമക്കാലയുടെ പ്രതികരണം. തന്റെ കുടുംബത്തിലേക്ക് വന്നതില്‍ സന്തോഷമുണ്ടെന്നും ഇരുകയ്യും നീട്ടി സ്വീകരിക്കുന്നുവെന്നും ജ്യോതികുമാര്‍ പറയുന്നുണ്ട്. ഇനി പോരാട്ടം ഒരുമിച്ചാകാമെന്നാണ് സന്ദീപ് വാര്യറുടെ പ്രതികരണം.

സിപിഐഎം കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴമാണ് കോണ്‍ഗ്രസിലെത്തിയത്: ജ്യോതികുമാര്‍ ചാമക്കാല

സിപിഐഎം ഏറെ മോഹിച്ച ഒരാളെ, സിപിഐഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ വന്നോളൂ വന്നോളൂ എന്ന് പറഞ്ഞ് കാത്തുവെച്ച ആളെ 'കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തിപോയി' എന്ന് പറഞ്ഞത് പോലെ കോണ്‍ഗ്രസ് കൊണ്ടുവന്നിരിക്കുകയാണ്. ഞങ്ങളെ സംബന്ധിച്ച് ഇന്നലെ വരെ രണ്ട് ചേരികളില്‍ നിന്നവരാണ്. നന്നായി സംസാരിച്ചിട്ടുണ്ട്. വസ്തുതകളുടെ അടിസ്ഥാനത്തില്‍ സംസാരിക്കേണ്ടി വന്നപ്പോള്‍ അങ്ങനേയും കുറച്ച് പരിധി വിട്ട് സംസാരിക്കേണ്ടി വന്നപ്പോള്‍ അങ്ങനേയും സംസാരിച്ചിട്ടുണ്ട്.

ജ്യോതികുമാര്‍ ചാമക്കാല

എന്താടാ എന്ന് ചോദിച്ചാല്‍ നല്ല മറുപടി പറയുന്ന സ്വഭാവം രണ്ടാള്‍ക്കും ഉള്ളത് കൊണ്ട് അത് വൈറലായി. ഞങ്ങളുടെ സ്റ്റാന്റിനെ ന്യായീകരിക്കാന്‍ വേണ്ടി പലതും പറഞ്ഞിട്ടുണ്ട്. പരിധി വിട്ടിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് വന്നപ്പോള്‍ ഒരു എതിരാളി നഷടപ്പെട്ടല്ലോ എന്ന സങ്കടമുണ്ട്. എന്റെ കുടുംബത്തില്‍ വന്നതില്‍ സന്തോഷമുണ്ട്. പഠിച്ചിട്ട് പറയുന്ന, വേണ്ടി വന്നാല്‍ കയ്യാങ്കളിയുടെ അറ്റംവരെയെത്തിക്കാന്‍ കെല്‍പ്പുള്ള രണ്ട് പേര്‍ ഒരുമിച്ച് വരികയാണ്.

പൊതുസമൂഹം അംഗീകരിക്കുന്ന നേതാവാണ് സന്ദീപ്. പാലക്കാട് കോണ്‍ഗ്രസ് വന്‍ വിജയം കൈവരിക്കുമെന്നത് വ്യക്തമാണ്. സന്ദീപിന്റെ മാറ്റമുണ്ടാക്കുന്ന രാഷ്ട്രീയ ആഘാതത്തില്‍ നിന്നും കരകയറാന്‍ ബിജെപിക്ക് കുറച്ച് സമയം എടുക്കും. ഒരു പരിധി വരെ സിപിഐഎമ്മിനും ഇത് തിരിച്ചടിയാണ്. അവര്‍ ഒരുപാട് പ്രതീക്ഷിച്ച നേതാവാണ് ഞങ്ങള്‍ക്കൊപ്പം എത്തിയത്.

സന്ദീപ് വാര്യറുടെ പാര്‍ട്ടി പ്രവശേം ആവേശം: വി കെ ശ്രീകണ്ഠന്‍

പാലക്കാട്ടെ യുഡിഎഫ് ക്യാമ്പില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വലിയ ആവേശവും ഊര്‍ജവുമാണ് ഉണ്ടായത്. അത് തന്നെയാണ് സന്ദീപ് വാര്യറുടെ പാര്‍ട്ടി പ്രവേശം കോണ്‍ഗ്രസിന് ഉണ്ടാക്കാന്‍ പോകുന്ന മാറ്റം. ബിജെപിയുടെ മുഖമുദ്രയായിരുന്ന ഒരാള്‍ ആ ആദര്‍ശങ്ങളെല്ലാം മാറ്റി, അവയെ തള്ളി കോണ്‍ഗ്രസിലെത്തിയിരിക്കുകയാണ്. എംബി രാജേഷും ഗോവിന്ദന്‍ മാഷുമൊക്കെ പറഞ്ഞത് സന്ദീപ് വാര്യര്‍ ക്രിസ്റ്റല്‍ ക്ലിയര്‍ ആണെന്നാണ്.

വി കെ ശ്രീകണ്ഠന്‍

കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി സന്ദീപ് വാര്യര്‍ ബിജെപിയുമായി വഴക്കിലാണ്. പലപ്പോഴും അത് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാന്‍ വരെ പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം നേതാക്കള്‍ ശ്രമിച്ചുവെന്നാണ് ആരോപണം. രക്ഷിക്കേണ്ടവര്‍ തന്നെ ദോഷം ചെയ്യുന്ന ദുഷ്ടത ബിജെപിക്കകത്തുണ്ട്, അങ്ങനെയൊരു പാര്‍ട്ടിയില്‍ എങ്ങനെയാണ് വിശ്വസിച്ച് നില്‍ക്കാനാവുക.

ഇതെന്റെ തലയിലുദിച്ച ബുദ്ധിയല്ല, സന്ദീപിന്റെ ഉറച്ച തീരുമാനം: ബെന്നി ബെഹന്നാന്‍

ഈ മാറ്റം സന്ദീപിന്‌റെ തലച്ചോറില്‍ വിരിഞ്ഞതാണ്. സന്ദീപ് പാര്‍ട്ടിയിലേക്ക് വരാന്‍ താത്പര്യം പ്രകടിപ്പിച്ചു. പൂര്‍ണമായും അദ്ദേഹത്തിന്റെ തീരുമാനമാണ്. മനസില്‍ തട്ടിയാണ് പറഞ്ഞതെന്ന് മനസിലായപ്പോള്‍ പാര്‍ട്ടി സന്തോഷപൂര്‍വം സ്വീകരിച്ചു.

ബെന്നി ബെഹന്നാന്‍

വെറുപ്പിന്റെ കടയില്‍ നിന്നും ഞാന്‍ സ്‌നേഹത്തിന്റെ കടയിലേക്ക് വന്നു, അതാണെന്റെ രാഷ്ട്രീയം എന്ന് അദ്ദേഹം പറഞ്ഞു. സന്ദീപിന്റെ തീരുമാനം അദ്ദേഹത്തിന്റേത് മാത്രമല്ല. അദ്ദേഹത്തെ പോലെ ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്ന നിരവധി പേര്‍ക്ക് ഇതൊരു പ്രോത്സാഹനമാണ്. സന്ദീപിനെ പോലൊരാള്‍ കോണ്‍ഗ്രസിന്റെ പ്രസക്തിയെ തിരിച്ചറിഞ്ഞത് പ്രചോദനമാണ്.

കുറേ കൊട്ടത്തേങ്ങയും കൊണ്ടുപോയി, നല്ലത് നോക്കി ഞങ്ങള്‍ എടുത്തു: അബിന്‍ വര്‍ക്കി

ഇവിടെ സ്‌ട്രൈക്ക് നടത്തിയെന്നൊക്കെ പറഞ്ഞ് കുറേ കൊട്ടത്തേങ്ങയും കൊണ്ടുപോയി, നല്ലത് നോക്കി ഞങ്ങള്‍ എടുത്തു. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് വാരിയര്‍ ആയിരിക്കും.

അബിന്‍ വര്‍ക്കി

വെറുപ്പിന്റെ കമ്പോളത്തില്‍ കട തുറക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആശയമാണ് സന്ദീപ് ആവര്‍ത്തിച്ചത്. വെറുപ്പിന്റെ കടയില്‍ നിന്ന് തനിക്ക് സ്‌നേഹത്തിന്റെ കമ്പോളത്തില്‍ ഒരു അംഗത്വം വേണം എന്നായിരുന്നു സന്ദീപ് പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ ആശയം അംഗീകരിക്കുന്നുവെന്ന് പറഞ്ഞാല്‍ പിന്നെ സന്ദീപ് കോണ്‍ഗ്രസ് വാരിയര്‍ അല്ലാതെ മറ്റാരാണ്.

പാര്‍ട്ടി മാറ്റമായല്ല, കണക്കാക്കുന്നത് ആശയപരമായ മാറ്റമായി : പി കെ ഫിറോസ്

ബിജെപിയെ ദുര്‍ബലപ്പെടുത്തുന്ന ഏത് കാര്യവും ഏറ്റവും സന്തോഷത്തോടെയാണ് ഞങ്ങള്‍ കണക്കാക്കുന്നത്. ഒരു പാര്‍ട്ടി മാറ്റമായല്ല ഇതിനെ കണക്കാക്കുന്നത്. ആശയങ്ങളില്‍ മാറ്റം വരുത്തണമെന്ന് അദ്ദേഹം നേരത്തെ തീരുമാനിച്ചതാണ്.

പി കെ ഫിറോസ്

ഇവിടെ ഹൈന്ദവരും ക്രൈസ്തവരും ഒക്കെ ഒരുമിച്ച് ജീവിക്കണം എന്ന് പറഞ്ഞപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും വിലക്കുണ്ടായി എന്ന് അദ്ദേഹം പറയുന്നുണ്ട്. അതായത് സംഭവങ്ങള്‍ ഇപ്പോള്‍ തുടങ്ങിയതല്ല. ആശയത്തിലാണ് അദ്ദേഹത്തിന് മാറ്റം വന്നത്. കുറച്ച് കാറ്റും വെളിച്ചവും കടക്കാന്‍ തുടങ്ങി എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് ബിജെപിയിലെ മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനം കൂടിയാണ്.

Content Highlight: Jyothikumar chamakkala welcomes Sandeep Warrier

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us